തൊലിക്ക് മധുരം, അകത്ത് പുളി; വിസ്മയിപ്പിക്കും ഈ 'ഇൻസൈഡ് ഔട്ട്' ഓറഞ്ച്! കംക്വാറ്റ് ഇനി കേരളത്തിലും

ഗ്രീസിലെ അയോണിയൻ കടലിൽ മനോഹരമായ ഒരു ദ്വീപുണ്ട്; പേര് കോർഫു. അതിമനോഹരവും ഹരിതാഭവുമായ കടൽത്തീരങ്ങൾക്കും പൈതൃകം വിളംബരം ചെയ്യുന്ന കോട്ടകൾക്കും പേരെടുത്ത പ്രദേശം. ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടെയാണിത്. കോർഫു ദ്വീപിന്‍റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായകപങ്കുള്ള ഒരു ചെറിയ ഫലമുണ്ട് -കോർഫുവിന്‍റെ കാർഷിക വിനോദസഞ്ചാരത്തിലും കരകൗശല മേഖലയിലും കാർഷിക കയറ്റുമതിയിലുമൊക്കെ പ്രകടമായ സ്വാധീനം ഉള്ള ഒരു പ്രാദേശികഫലം; ദ്വീപിന്‍റെ വടക്കൻ ഭാഗത്തെ ഭൂരിഭാഗം പ്രദേശത്തും അവിടുത്തെ കർഷകരുടെയും കുടുംബങ്ങളുടെയും മുഖ്യവരുമാന മാർഗം കൂടെയാണ് ഈ പഴവും ഇതിൽനിന്ന് തയാറാക്കി വരുന്ന സവിശേഷ ഉത്പന്നങ്ങളും. കോർഫു ദ്വീപിന്‍റെ സാമ്പത്തിക-സാമൂഹ്യ മേഖലകളിൽ നിർണായക സ്വാധീനമുള്ള ഈ ചെറിയ പഴമാണ് കംക്വാറ്റ് എന്ന പേരിലറിയപ്പെടുന്ന ഗോൾഡൻ ഓറഞ്ച്.
1864-ലാണ് ഇംഗ്ലീഷ് സസ്യശാസ്ത്രജ്ഞനായ സിഡ്‌നി മെർലിൻ ആണ് കംക്വാറ്റ് പഴത്തെ ആദ്യമായി കോർഫു ദ്വീപിലെത്തിക്കുന്നത്. അന്ന് അപരിചിതമായിരുന്ന കംക്വാറ്റ് ഇന്നിപ്പോൾ പ്രതിവർഷം 140 ടൺ പഴങ്ങൾ ഉത്പാദിപ്പിച്ചു ഈ രംഗത്ത് മുൻനിരയിൽ എത്തിച്ചിരിക്കുന്നു. കോർഫുവിന്‍റെ പ്രാദേശിക സമ്പദ്ഘടനയേയും കർഷക-കരകൗശലക്കാരുടെയും ജീവിതത്തെ വളരെയേറെ സ്വാധീനിച്ച ഫലം എന്ന നിലയ്ക്ക് കംക്വാറ്റിന് ഭൂപ്രദേശ സൂചികയും (പ്രൊട്ടക്റ്റഡ് ഡെസിഗ്‌നേഷൻ ഓഫ് ഒറിജിൻ ) ലഭിച്ചു. ഈ പഴങ്ങളിൽനിന്ന് തയാറാക്കുന്ന നല്ല ഓറഞ്ച് നിറമുള്ള "കവും കോവാറ്റ് "എന്ന മദ്യം ഇവിടുത്തെ ഒരു പ്രധാന വാണിജ്യ ഉത്പന്നവുമാണ്. കൂടാതെ, ഗ്രീസിലെ പരമ്പരാഗത മധുരപലഹാരങ്ങളായ മാർമലേയ്‌ഡ്, ക്യാൻഡി, കംക്വാറ്റ് സ്പൂൺ സ്വീറ്റ് തുടങ്ങിയവയും ഇതിൽനിന്ന് തയാറാക്കുന്നു.
Content Highlights: The unique world of Kumquats, the 'Inside-Out Orange'. Tips for cultivation, health benefits, and culinary uses.