വെയിലേറ്റ് വാടരുത് അരുമകൾ, മനുഷ്യരെപ്പോലെയല്ല അവർ; വേണം അധികം കരുതൽ

ചൂടുകൂടുമ്പോൾ വിയർത്ത് ശരീരമൊന്ന് തണുപ്പിക്കുന്നതിന് വേണ്ട വിയർപ്പുഗ്രന്ഥികൾ മനുഷ്യരിൽ ഉള്ളതു പോലെ നായ്ക്കളുടെ ശരീരത്തിലില്ല. ഉയർന്ന ചൂടിൽ ശരീരതാപനില ക്രമീകരിക്കാൻ കഴിയാതെ വന്നാൽ സൂര്യാതപം, സൂര്യാഘാതം എന്നിവയ്ക്ക് നായ്ക്കളിലും സാധ്യതയേറെയുണ്ട്. ഉയർന്ന ശരീരതാപനില, ഉന്മേഷക്കുറവ്, തളർച്ച, നടക്കാനും ഓടാനും മടി, നാവ് പുറത്തേക്കിട്ട് അമിതമായ അണപ്പ്, കിതയ്ക്കൽ, ഉയർന്ന നിരക്കിലുള്ള ഹൃദയമിടിപ്പ്, വായിൽ നിന്ന് കട്ടികൂടിയ ഉമിനീർ ധാരാളമായി ഒലിക്കൽ, കൈകാലുകളിലേയും തലയിലെയും പേശികളിൽ വിറയൽ, വിളറിയ കണ്ണുകൾ, ചുവന്ന മോണയും നാക്കും, വേച്ച് വേച്ചുള്ള നടത്തം, അലക്ഷ്യമായ ചലനങ്ങൾ, ഛർദ്ദി, വയറിളക്കം, തളർന്ന് വീഴൽ എന്നിവ നായ്ക്കളിലെ ഉഷ്ണസമ്മർദത്തിന്റെ ലക്ഷണങ്ങളാണ്. ശരീരഭാരം ഏറിയവയിലും ഹൃദയ-ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ബാധിച്ചവയിലും ശ്വസനനാളിയ്ക്ക് തകരാറുള്ളവയിലും പ്രായം ചെന്ന നായ്ക്കളിലും പൊതുവെ ഉഷ്ണാഘാതത്തിന് സാധ്യത ഏറെയാണ്.
പഗ്ഗുകൾ, ലാസ ആപ്സോ, ബുൾ മാസ്റ്റിഫ്, ബുൾഡോഗ്, ഇംഗ്ലീഷ് ടോയ് സ്പാനിയൽ, ചൗ ചൗ തുടങ്ങിയ ശരീരത്തെ അപേക്ഷിച്ച് തീരെ ചെറിയ തലയും പതിഞ്ഞ മൂക്കുമുള്ള ബ്രാക്കിസെഫാലിക് വിഭാഗത്തിൽപ്പെട്ട നായ്ക്കൾക്ക് വേനൽ കരുതൽ ഏറെ വേണം. ശരീരത്തെ അപേക്ഷിച്ച് ചെറിയ തലയും മൂക്കും വായയുമായതിനാൽ മതിയായ വായുവും ഈർപ്പവും ശരീരത്തിൽ നിന്ന് പുറന്തള്ളി അണപ്പിലൂടെ താപനില ക്രമീകരിക്കാൻ ഈ ഇത്തിരി കുഞ്ഞന്മാർക്ക് കഴിയില്ല. വിറയലും ഛർദ്ദിയും വരണ്ട മോണയും വിളറിയ കണ്ണുകളുമെല്ലാം ഈയിനങ്ങളിലെ താപസമ്മർദത്തിന്റെ ലക്ഷണങ്ങളാണ്. കട്ടിയായ രോമാവരണമുള്ള പൊമറേനിയൻ, ജർമ്മൻ ഷെപ്പേർഡ് തുടങ്ങിയ ഇനങ്ങളിലും ഉഷ്ണാഘാതസാധ്യത കൂടും. പകൽ ഓടിച്ചാടി വ്യായാമം ഇഷ്ടപ്പെടുന്ന ലാബ്രഡോർ റിട്രീവർ, ജർമ്മൻ ഷെപ്പേർഡ് തുടങ്ങിയ ഊർജസ്വലരായ നായ ഇനങ്ങളെ പകൽച്ചൂടിൽ ഇറക്കിവിട്ടാൽ താപാഘാതത്തിന് സാധ്യതയുണ്ട്.
Content Highlights: Protect your dogs from heatstroke this summer. Learn expert tips on hydration, grooming, and safe exercise routines to keep your pets cool and healthy.