ഹൗസ് ഹസ്ബൻഡും സോഫ്റ്റ് ബോയിയും പരമ്പരാഗത ആൺകോയ്മയെ തിരുത്തിയെഴുതുമ്പോൾ

ഇന്നത്തെ യുവതലമുറ പുരുഷത്വത്തെ കാണുന്നത് തികച്ചും വ്യത്യസ്തമായാണ്. സോഷ്യൽ മീഡിയയിലെ ഫിൽട്ടറുകൾക്കപ്പുറം, യഥാർത്ഥ ജീവിതത്തിലെ സമ്മർദ്ദങ്ങളും സ്വപ്നങ്ങളും വൈകാരികതയും തുറന്നുപറയുന്ന കാലമാണിത്. പഴയ കാലത്തെ കർക്കശമായ സാമൂഹിക മാതൃകകളിൽനിന്നു മാറി, സന്തോഷത്തിനും മാനസിക സമാധാനത്തിനും തുല്യതയ്ക്കും പ്രാധാന്യം നൽകുന്ന പുതിയൊരു കാഴ്ചപ്പാടാണ് യുവാക്കൾ മുന്നോട്ടുവെക്കുന്നത്. സ്ത്രീപുരുഷ സമത്വമെന്ന ഫെമിനിസത്തിന്റെ കാതലായ ആശയങ്ങൾ പുരുഷന്മാരെ എതിരാളികളാക്കുകയല്ല, മറിച്ച് അവരെയും അനാവശ്യ ഭാരങ്ങളിൽനിന്ന് മോചിപ്പിക്കുകയാണ് ചെയ്യുന്നതെന്ന തിരിച്ചറിവ് ഇപ്പോഴുണ്ട്. മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കുമ്പോഴും സ്വന്തം വ്യക്തിത്വവും വൈകാരിക ആരോഗ്യവും പരസ്പര ബഹുമാനവും കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്ന ഈ തലമുറയുടെ അനുഭവങ്ങൾ വളരെ വലുതാണ്.
'ഹസിൽ കൾച്ചറും' ബേൺഔട്ടും
കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും എപ്പോഴും മുന്നിലായിരിക്കണമെന്ന 'ഹസിൽ കൾച്ചർ' പല യുവാക്കളെയും കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്നുണ്ട്. സൈഡ് പ്രോജക്റ്റുകൾ, പുതിയ സ്കിൽ പഠനങ്ങൾ, ജോലിയിലെ മാറ്റങ്ങൾ, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവയ്ക്കുള്ള ഓട്ടത്തിനിടയിൽ സ്വന്തം മാനസികാരോഗ്യവും വിശ്രമവും പലരും മറന്നുപോകുന്നു.
വിജയങ്ങൾ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുമ്പോൾ, അതിന് പിന്നിലെ ഉറക്കമില്ലാത്ത രാത്രികളും കഷ്ടപ്പാടും പലപ്പോഴും പുറത്തറിയാൻ സാധിക്കാറില്ല. കുടുംബം നോക്കാനുള്ള പൂർണ്ണ സാമ്പത്തിക ഉത്തരവാദിത്തം പുരുഷന്റെ മാത്രം ചുമലിലാണെന്ന പഴയ ചിന്ത മാറുമ്പോൾ, പങ്കാളികൾക്കിടയിൽ സാമ്പത്തികവും വൈകാരികവുമായ സന്തുലനം ഉണ്ടാക്കാൻ ഇന്നത്തെ യുവാക്കൾ ശ്രമിക്കുന്നു. വേഗതയേക്കാൾ പ്രധാനം ശരിയായ ദിശയും സുസ്ഥിരതയുമാണെന്ന തിരിച്ചറിവ് ഇന്നത്തെ യുവത്വത്തിന് അനിവാര്യമാണ്.
കരയുന്നത് വീക്ക്നസ്സല്ല, ധൈര്യമാണ്!
‘ആണുങ്ങൾ കരയാൻ പാടില്ല’ എന്ന പഴയ ഡയലോഗ് ഇന്നത്തെ യുവാക്കൾക്ക് അത്ര പരിചിതമല്ല. സങ്കടങ്ങൾ, പരാജയങ്ങൾ, പ്രണയത്തകർച്ചകൾ, ഭയം, കുടുംബപ്രശ്നങ്ങൾ എന്നിവ വിശ്വസ്തരായ സുഹൃത്തുക്കളോടോ സൈക്കോളജിസ്റ്റിനോടോ തുറന്നുപറയാൻ ഇന്നത്തെ തലമുറ കൂടുതൽ തയ്യാറാകുന്നുണ്ട്. തെറാപ്പി ഒരു വിലക്കല്ലെന്നും സ്വന്തം മനസ്സിനെ ശക്തിപ്പെടുത്താനും വൈകാരികമായി വളരാനുമുള്ള സ്മാർട്ട് വഴിയാണെന്നും യുവാക്കൾ മനസ്സിലാക്കിക്കഴിഞ്ഞു. വികാരങ്ങൾ മറച്ചുവെക്കാതെ പ്രകടിപ്പിക്കുന്നത് ധൈര്യത്തിന്റെ ലക്ഷണമാണെന്ന പുതിയ ബോധ്യം സമൂഹത്തിലും പതുക്കെ വേരുപിടിക്കുകയാണ്. പുരുഷന്മാർക്ക് ദുഃഖിക്കാനും വികാരങ്ങൾ പങ്കുവെക്കാനുമുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതും സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ നിഷേധിക്കുന്നതും ഒരേ പാട്രിയാർക്കിയൽ ചിന്താഗതിയുടെ ഭാഗമാണെന്ന് തിരിച്ചറിയുന്ന യുവാക്കൾ സ്വന്തം മനസ്സിനെ കൂടുതൽ സ്വതന്ത്രമാക്കുന്നു.
സിക്സ് പാക്കിനപ്പുറം; വൈബ് കണ്ടെത്തുന്ന 'സ്ലോ ലിവിങ്'
ജിമ്മിൽ പോയി സിക്സ് പാക്കുണ്ടാക്കുക എന്ന ചിന്തയ്ക്കപ്പുറം, മാനസിക ഉന്മേഷത്തിനും മുഴുവൻ ആരോഗ്യത്തിനും പ്രാധാന്യം നൽകുന്ന ശീലങ്ങൾ യുവാക്കൾക്കിടയിൽ വളരുന്നുണ്ട്. റണ്ണിങ് ക്ലബ്ബുകൾ, വായന, യാത്രകൾ, ഗെയിമിങ്, സോളോ ട്രിപ്പുകൾ, പാട്ടുകൾ എന്നിവയിലൂടെ സ്വന്തം സ്പേസ് കണ്ടെത്താൻ അവർ ശ്രമിക്കുന്നു. എല്ലായ്പ്പോഴും തിരക്കിലായിരിക്കുന്നതിന് പകരം, ഓരോ നിമിഷവും ആസ്വദിക്കുന്ന 'സ്ലോ ലിവിങ്' രീതികളും ശ്രദ്ധ നേടുന്നുണ്ട്. ഡിജിറ്റൽ ലോകത്തുനിന്ന് ഇടവേള എടുത്ത് പ്രകൃതിയോടും സ്വന്തം ചിന്തകളോടും ചേർന്നുനിൽക്കാൻ യുവാക്കൾ പഠിച്ചുകൊണ്ടിരിക്കുകയാണ്.
സ്ക്രീനിനപ്പുറം റിയൽ ലൈഫ്; ഡിജിറ്റൽ ബൗണ്ടറികൾ സെറ്റ് ചെയ്യാം
ഇൻസ്റ്റാഗ്രാമും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും നൽകുന്ന 'പെർഫെക്ട് ലൈഫ്' ചിത്രങ്ങൾ പല യുവാക്കളിലും അപകർഷതാബോധവും അനാവശ്യ താരതമ്യങ്ങളും ഉണ്ടാക്കുന്നുണ്ട്. മറ്റുള്ളവരുടെ യാത്രകളും കാറുകളും വരുമാനവും സിക്സ് പാക്കും കണ്ട് സ്വന്തം ജീവിതത്തെ വിലകുറച്ച് കാണുന്ന പ്രവണത കൂടിവരുന്നു. എന്നാൽ, സ്ക്രീനിന് പിന്നിലെ യാഥാർത്ഥ്യം എഡിറ്റ് ചെയ്തെടുത്തതാണെന്ന് തിരിച്ചറിയുന്ന ഒരു വിഭാഗം യുവാക്കൾ ഡിജിറ്റൽ അതിരുകൾ കൃത്യമായി നിശ്ചയിക്കാൻ തുടങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയയെ വിനോദത്തിനും ആശയവിനിമയത്തിനും മാത്രമായി ഉപയോഗിക്കാനും യഥാർത്ഥ ജീവിതത്തിന് മുൻഗണന നൽകാനും അവർ ശ്രദ്ധിക്കുന്നു.
കൺസെന്റും കെയറും റിലേഷൻഷിപ്പിലെ ഇക്വാളിറ്റിയും
സൗഹൃദങ്ങളിലും പ്രണയബന്ധങ്ങളിലും തുറന്ന ആശയവിനിമയത്തിനും പരസ്പര ബഹുമാനത്തിനും പ്രാധാന്യം നൽകുന്ന തലമുറയാണ് ഇന്നത്തേത്. 'ബ്രോമാൻസ്' എന്നതിനപ്പുറം, ആഴത്തിലുള്ള വൈകാരിക പിന്തുണ നൽകുന്ന ആരോഗ്യകരമായ ആൺ-പെൺ സൗഹൃദങ്ങളും കമിതാക്കൾക്കിടയിലെ തുല്യതയും ഇവർ വിലമതിക്കുന്നു. ബന്ധങ്ങളിൽ അധികാരത്തിന്റെയോ നിയന്ത്രണത്തിന്റെയോ സ്ഥാനത്തില്ല, മറിച്ച് കൺസെന്റും (Consent) പരസ്പരസമ്മതവും തുല്യപങ്കാളിത്തവുമാണ് പ്രധാനമെന്ന് അവർ വിശ്വസിക്കുന്നു. ബന്ധങ്ങളിലെ പ്രശ്നങ്ങൾ ഒളിച്ചുവെക്കാതെ ചർച്ച ചെയ്ത് പരിഹരിക്കാനും ആരോഗ്യകരമല്ലാത്ത ബന്ധങ്ങളിൽനിന്ന് മാറിനിൽക്കാനും ഇന്നത്തെ യുവാക്കൾക്ക് മടിയില്ല. പരസ്പരം മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ബന്ധങ്ങൾ മാനസികാരോഗ്യത്തിന് വലിയ കരുത്താകുന്നുണ്ട്.
ടോക്സിക് ട്രെൻഡുകളോടുള്ള 'നോ' തിരുത്തുന്ന ടോക്സിക് മാസ്കുലിനിറ്റി
സോഷ്യൽ മീഡിയയിൽ പടരുന്ന 'ടോക്സിക് മാസ്കുലിനിറ്റി' ട്രെൻഡുകളെയും സ്ത്രീവിരുദ്ധതയെയും വിദ്വേഷ പ്രചാരണങ്ങളെയും ചോദ്യം ചെയ്യാൻ ഇന്നത്തെ യുവാക്കൾ മടിക്കുന്നില്ല. യഥാർത്ഥ കരുത്ത് മറ്റുള്ളവരെ അടിച്ചമർത്തുന്നതിലല്ല, മറിച്ച് തുല്യതയെ ബഹുമാനിക്കുന്നതിലും സഹാനുഭൂതി കാണിക്കുന്നതിലുമാണെന്ന് അവർ വിശ്വസിക്കുന്നു. ഫെമിനിസം എന്നാൽ സ്ത്രീകളെ ഉയർത്തിക്കാട്ടി പുരുഷന്മാരെ താഴ്ത്തിക്കെട്ടലല്ല, മറിച്ച് എല്ലാവർക്കും അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള ഇടം ഒരുക്കുക എന്ന വ്യക്തത ഈ തലമുറയ്ക്കുണ്ട്. സ്വന്തം വ്യക്തിത്വവും മറ്റുള്ളവരുടെ സ്വാതന്ത്ര്യവും ഒരുപോലെ വിലമതിക്കുന്ന ഈ തലമുറയുടെ കുറച്ച് താളുകൾ വലിയൊരു പ്രതീക്ഷ മുന്നോട്ട് വെക്കുന്നു.
വീട്ടുജോലി 'ഹെൽപ്പ്' അല്ല, ഷെയേഡ് റെസ്പോൺസിബിലിറ്റിയാണ്
മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ ലോകവും കുടുംബസാഹചര്യങ്ങളും പുതിയൊരു മാതൃകയെ ആവശ്യപ്പെടുന്നുണ്ട്. വീട്ടുജോലികൾ 'സഹായം' എന്ന നിലയിലല്ലാതെ സ്വന്തം ഉത്തരവാദിത്തമായി കണ്ട് പങ്കുവെക്കാനും മാതാപിതാക്കളുടെയും പങ്കാളിയുടെയും കുട്ടികളുടെയും കാര്യങ്ങളിൽ സജീവമായി ഇടപെടാനും ഇന്നത്തെ യുവാക്കൾ സന്തോഷത്തോടെ മുന്നോട്ടുവരുന്നു. അടുക്കളയും പരിചരണവും സ്ത്രീകളുടെ മാത്രം ലോകമല്ലെന്നും അത് മനുഷ്യന്റെ അടിസ്ഥാനജീവതം മുന്നോട്ട് നയിക്കാൻ ആവശ്യമായ ഘടകങ്ങളാണ് അവർ കരുതുന്നു.
സ്വന്തം താൽപ്പര്യവും സാമൂഹിക ഉത്തരവാദിത്തവും തമ്മിൽ ബാലൻസ് നിലനിർത്താൻ ശ്രമിക്കുന്ന യുവത്വം, കൂടുതൽ അനുകമ്പയിലും മേന്മയിലും അധിഷ്ഠിതമായ ഒരു സമൂഹത്തിന് അടിത്തറയിടുകയാണ്. വിമർശനങ്ങളെയും പരിഹാസങ്ങളെയും അതിജീവിച്ച് സ്വന്തമായി വഴിവെട്ടുന്ന ഓരോ യുവാവിനും തുറന്ന സംഭാഷണങ്ങളുടെയും കരുതലിന്റെയും സമത്വത്തിന്റെയും പുതിയൊരു ലോകം കെട്ടിപ്പടുക്കാൻ ഉറപ്പായും സാധിക്കും.
Content Highlights: Redefining modern masculinity and mental health on International Men's Day 2026., Combating hustle culture and burnout through slow living and digital boundaries., Breaking the stigma around men expressing emotions and seeking therapy., Promoting shared responsibilities in relationships and gender equality.