ബസ് കാത്തിരിപ്പുകേന്ദ്രത്തിന് അധികൃതർ കനിഞ്ഞില്ല; പിരിവെടുത്ത് പണിത് നാട്ടുകാർ

പനമരം : പള്ളിക്കുന്നിലെത്തുന്നവർക്ക് താത്കാലിക ആശ്വാസമേകി ബസ് കാത്തിരിപ്പുകേന്ദ്രം പണിതു. പൗരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പിരിവെടുത്താണ് കാത്തിരിപ്പുകേന്ദ്രം ഒരുക്കിയത്. അഞ്ചുവർഷത്തോളം കാത്തിരുന്നിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ല. ഇതോടെയാണ് നാട്ടുകാർ ശ്രമദാനമായിറങ്ങിയത്.

ജില്ലയിലെ അറിയപ്പെടുന്നതും പ്രധാനപ്പെട്ടതുമായ പള്ളിക്കുന്ന് ടൗണിൽ ഒരു ബസ് കാത്തിരിപ്പുകേന്ദ്രമില്ലാത്തത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കിയിരുന്നു. പനമരം, കോട്ടത്തറ, കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന പള്ളിക്കുന്നിൽ വിദ്യാർഥികളടക്കമുള്ളവർ മഴയും വെയിലുംകൊണ്ട് വഴിയോരത്തും കടവരാന്തകളിലുമായിരുന്നു വർഷങ്ങളായി ബസ് കാത്തുനിന്നിരുന്നത്. എന്നിട്ടും താത്കാലിക സംവിധാനംപോലും ഒരുക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിരുന്നില്ല.

19 വർഷം മുൻപ് നാട്ടുകാർ പിരിവെടുത്ത് പൊതുമരാമത്തിന്റെ അനുമതിയോടെ പണിത ബസ് കാത്തിരിപ്പുകേന്ദ്രം പാതയോരം കൈയേറിയുള്ള നിർമാണമാണെന്ന് ആരോപിച്ച് സ്വകാര്യവ്യക്തി നൽകിയ പരാതിയെത്തുടർന്ന് 2021-ൽ പൊളിച്ചുമാറ്റുകയായിരുന്നു. തുടർന്ന് കാത്തിരിപ്പുകേന്ദ്രം പുനർനിർമിക്കുന്നതിനായി നാട്ടുകാർ പൗരസമിതി രൂപവത്കരിച്ച് മനുഷ്യാവകാശ കമ്മിഷന് പരാതിനൽകി. രണ്ടുവർഷംമുൻപ് മനുഷ്യാവകാശ കമ്മിഷൻ അനുകൂലമായി ഉത്തരവിട്ടിട്ടുപോലും നടപ്പായില്ല. ഇതോടെയാണ് നാട്ടുകാർ പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം പണിതിരിക്കുന്നത്. വെണ്ണിയോട്, പടിഞ്ഞാറത്തറ, വിളമ്പുകണ്ടം, പനമരം, മാനന്തവാടി, അഞ്ചുകുന്ന്, കമ്പളക്കാട് ടൗണുകളിലേക്കുള്ള റോഡുകൾ ചേരുന്ന കവലയാണ് പള്ളിക്കുന്ന്. താത്കാലിക സംവിധാനമെങ്കിലും ആയതിലുള്ള ആശ്വാസത്തിലാണ് യാത്രക്കാരും വ്യാപാരികളും നാട്ടുകാരും.

പള്ളിക്കുന്ന് പൗരസമിതി പ്രസിഡന്റ് ഉണ്ണി ജോസഫ്, പി.സി. വിജയകുമാർ, കെ.ആർ. ശോഭരാജ്, ടി.എ. റജി, ടി. പ്രഭാകരൻ, സിജു ദേവസ്യ, ടോമി പൈനുങ്കൽ, ബിജു വാഴയിൽ, ഗിരിജാ രവി, ദീപാ സുരേഷ് തുടങ്ങിയവർ നേതൃത്വംനൽകി.