പുല്പള്ളിയിൽ ഫയർസ്റ്റേഷൻ: സംയുക്ത സ്ഥലപരിശോധന നടത്തി

പുല്പള്ളി : പുല്പള്ളിയിൽ ഫയർസ്റ്റേഷൻ ആരംഭിക്കുന്നതിനായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ഗ്രാമപ്പഞ്ചായത്ത് അധികൃതരും സംയുക്ത സ്ഥലപരിശോധന നടത്തി.
ഫയർസ്റ്റേഷൻ താത്കാലികമായി ആരംഭിക്കുന്നതിനുവേണ്ടിയുള്ള കെട്ടിടവും സ്ഥലവും കണ്ടെത്തുന്നതിനുവേണ്ടിയായിരുന്നു പരിശോധന. മാരപ്പൻമൂലയിൽ ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സ്റ്റേഷൻ ആരംഭിക്കുന്നതിന് അനുയോജ്യമാണെന്ന് പരിശോധനയിൽ കണ്ടെത്തി.
പുല്പള്ളി-പനമരം റോഡരികിലുള്ള 23 സെന്റ് സ്ഥലത്ത് കെട്ടിടവും വെള്ളമടക്കമുള്ള മറ്റുസൗകര്യങ്ങളും ലഭ്യമാണ്. സ്ഥലം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ മേലധികാരികൾക്ക് ഉടൻ കൈമാറും.
അനുമതി ലഭിച്ചാൽ എത്രയുംവേഗം ഇവിടെ ഫയർസ്റ്റേഷൻ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ, സെക്രട്ടറി കെ.എ. ജയസുധ, കല്പറ്റ ഫയർ സ്റ്റേഷൻ ഓഫീസർ നിതീഷ് കുമാർ, ബത്തേരി ഫയർ അസി. സ്റ്റേഷൻ ഓഫീസർ ശിവദാസൻ തുടങ്ങിയവർ സ്ഥലപരിശോധനയിൽ പങ്കെടുത്തു.
പുല്പള്ളിയിൽ ഫയർഫോഴ്‌സ് സ്റ്റേഷന് സ്വന്തമായി ഭൂമി വാങ്ങി നൽകുന്നതിനായി ഗ്രാമപ്പഞ്ചായത്ത് 2026-27 വാർഷികപദ്ധതിയിൽ തുക വകയിരുത്തുകയും അതിന് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.