മുണ്ടക്കൊല്ലി ഊരിൽ പൈതൃകഭവനം ഉദ്ഘാടനം ചെയ്തു

സുൽത്താൻബത്തേരി : ചീരാൽ മുണ്ടക്കൊല്ലി ഊരിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച പൈതൃകഭവനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന അങ്കണവാടിക്കെട്ടിടത്തിന്റെ തറക്കല്ലിടലും നിർവഹിച്ചു. പൈതൃകഭവനത്തിന് ജില്ലാപഞ്ചായത്ത് പ്ലാൻ ഫണ്ടിൽനിന്ന് പത്തുലക്ഷം രൂപയും പുതിയ അങ്കണവാടിക്കെട്ടിടത്തിന് 25 ലക്ഷം രൂപയുമാണ് വകയിരുത്തിയത്.
നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഗംഗാധരൻ ആത്താർ അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്തംഗം ഷീജാ സതീഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. ബേബി, അംഗം കൃഷ്ണകുമാരി, പഞ്ചായത്തംഗം എം.എസ്. ഫെബിൻ, കെ.വി. ശശി, എം.എം. അജയൻ, എം.എ. സുരേഷ്, കെ.ആർ. സാജൻ, സി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.