കരുവളത്ത് ഒറ്റയാൻ കൃഷിനശിപ്പിച്ചു

ഇടവേളയ്ക്കുശേഷം വീണ്ടും കാട്ടാനകൾ
വെള്ളമുണ്ട : ഇടവേളയ്ക്കുശേഷം നിരവിൽപ്പുഴ കരുവളത്തും പരിസര പ്രദേശങ്ങളിലും ഒറ്റയാന്റെ ആക്രമണം. കഴിഞ്ഞദിവസം കൃഷിയിടത്തിലിറങ്ങിയ കാട്ടാന മീത്തലെ വീട്ടിൽ ചന്ദ്രശേഖരൻ, കരുവളത്തിൽ ഗിരീഷ് എന്നിവരുടെ നൂറോളം വാഴകൾ കൂട്ടത്തോടെ നശിപ്പിച്ചു. കുലയ്ക്കാറായ വാഴകളാണ് മണിക്കൂറുകൾകൊണ്ട് കാട്ടാന തകർത്തത്. പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഈ മേഖലയിൽ തുടർച്ചയായി വന്യമൃഗങ്ങൾ കാരണം ഉണ്ടാകുന്നത്. ഏതുസമയത്ത് കാവലിരുന്നാലും കാട്ടാനയും കാട്ടുപോത്തുമെല്ലാം കൃഷിയിടങ്ങൾ തേടിവരുമെന്ന സാഹചര്യമാണുള്ളത്.
ബാങ്കിൽനിന്ന് വായ്പയെടുത്തും മറ്റുമാണ് കർഷകരെല്ലാം കൃഷിയിറക്കുന്നത്. പ്രതിരോധവേലികൾ തകർത്താണ് കൃഷിയിടത്തിൽ കാട്ടാനയെത്തുന്നത്. ഇത്തവണ വേനൽ തുടങ്ങുന്നതിന് നേരേത്ത തന്നെ കൃഷിയിടത്തിൽ കാട്ടാനയെത്തുന്നത്. വനംവകുപ്പിന്റെ വൈദ്യുതി വേലിയടക്കം പലയിടങ്ങളിലും പേരിന് മാത്രമാണുള്ളത്. ഇവ കാലോചിതമായി നീട്ടാത്തതിലും ഉള്ളവ അറ്റകുറ്റപ്പണികൾ നടത്താത്തതിനാലും വന്യജീവികൾക്ക് കൃഷിയിടത്തിലൂടെ െെസ്വരവിഹാരമാണ്.
കുഞ്ഞോം വനമേഖലയിൽനിന്ന് തുടങ്ങി കരുവളം നിരവിൽപ്പുഴ മക്കിയാട് വരെയും കാട്ടാനകളുടെ സഞ്ചാരപാതയാണ്. കാടിനുള്ളിൽ തീറ്റയും വെള്ളവും കുറയുന്നതോടെ ഈ പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ തന്നെയാണ് വന്യമൃഗങ്ങളുടെ ലക്ഷ്യം. ഇതിനിടയിൽ പണയപ്പെട്ട് പോവുകയാണ് കർഷകരുടെ ജീവിതം.