വരൾച്ചയെ നേരിടാൻ കർമപദ്ധതിയുമായി പനമരം ബ്ലോക്ക് പഞ്ചായത്ത്

പനമരം : ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ രൂക്ഷമാകുന്ന വരൾച്ചയെ നേരിടാൻ കർമപദ്ധതിയുമായി പനമരം ബ്ലോക്ക് പഞ്ചായത്ത്. പ്രതിരോധ പ്രവർത്തനത്തിന്റെ ആദ്യഘട്ടമെന്നോണം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കർഷകരെ സംഘടിപ്പിച്ച് യോഗംചേർന്ന് വിഷയം ചർച്ച ചെയ്തു. കാലാവസ്ഥാവ്യതിയാനംമൂലം തകിടംമറിഞ്ഞ കാർഷിക മേഖലയെ കൈപിടിച്ചുയർത്തുക, കൃഷിക്കാർക്ക് അടിയന്തരസഹായം ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പനമരം ബ്ലോക്ക്പഞ്ചായത്തിന്റെയും പനമരം കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിന്റെയും നേതൃത്വത്തിലാണ് അവലോകന യോഗം സംഘടിപ്പിച്ചത്. ബ്ലോക്കിന് കീഴിലെ അഞ്ചു ഗ്രാമപ്പഞ്ചായത്തിലെയും പാടശേഖരസമിതിയുടെയും കുരുമുളക് സമിതിയുടെയും ഭാരവാഹികളും കർഷകരും നിലവിലെ ജലദൗർഭല്യത്തെക്കുറിച്ച് വിശദീകരിച്ചു. വരൾച്ചയെ നേരിടാൻ ജലസേചനപദ്ധതികൾ കാര്യക്ഷമമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

പനമരം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കൃഷിവകുപ്പ് ഡയറക്ടർ പി. പ്രകാശ് ക്ലാസെടുത്തു. പനമരം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.എസ്. സുമിന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീനാ സുബൈർ, സ്ഥിരം സമിതിയധ്യക്ഷരായ വർഗീസ് മുരിയൻകാവിൽ, സന്ധ്യാ ലിഷു, സി.എച്ച്. ഫസൽ, അംഗങ്ങളായ എം.സി. സെബാസ്റ്റ്യൻ, ബിനു ജേക്കബ്, പി.സി. വത്സല തുടങ്ങിയവർ സംസാരിച്ചു.