നഴ്സ് രമ്യ ഡോക്ടർ രമ്യയാകും

എകരൂൽ : സർക്കാർ സർവീസിൽ എട്ടുവർഷത്തിലധികമായി നഴ്സായി സേവനമനുഷ്ഠിക്കുന്ന എം.സി. രമ്യ ഇനി ഡോക്ടറാവും. ഇപ്പോൾ കോഴിക്കോട് മെഡിക്കൽകോളേജിൽ നഴ്സിങ് ഓഫീസറായ ഈ മുപ്പത്തിരണ്ടുകാരി നീറ്റ് പരീക്ഷയിൽ സർവീസ് ക്വാട്ടയിൽ ഒന്നാംറാങ്ക് നേടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. പഠനത്തിന് ചേർന്നത്.

പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയതോടെ എം.ബി.ബി.എസിന് പഠിക്കാനായിരുന്നു മോഹം. എന്നാൽ, സാമ്പത്തികമടക്കമുള്ള പ്രയാസങ്ങളാൽ അന്ന് സഫലമാക്കാനായില്ല. തുടർന്ന് ബി.എസ്.സി. നഴ്സിങ് പഠനം കഴിഞ്ഞ് ന്യൂഡൽഹി എയിംസിലും കോഴിക്കോട് മെഡിക്കൽ കോളേജിലും നഴ്സിങ് ഓഫീസറായി ജോലി ലഭിച്ചു. സർവീസ് ക്വാട്ടയിൽ പ്രവേശനപരീക്ഷ എഴുതാനാവുമെന്നറിഞ്ഞതോടെ പിന്നീട് അതിനുള്ള തയ്യാറെടുപ്പിലായി.

വീട്ടുകാരുടെയും ഭർത്താവിന്റെയും സഹകരണവും പ്രോത്സാഹനവും തന്റെ ലക്ഷ്യപ്രാപ്തിക്ക് തുണയായി എന്ന് രമ്യ പറഞ്ഞു. വയനാട് സ്വദേശിനിയാണ് രമ്യ. ഉണ്ണികുളം ഇയ്യാട് കാവിൽ പ്രജീഷ് ആണ് ഭർത്താവ്. മകൻ: ശിവദക്ഷ്.