ഗതാഗതക്കുരുക്കിലമർന്ന് പനമരം

പനമരം: അശാസ്ത്രീയ ഗതാഗതപരിഷ്കാരവും കുത്തഴിഞ്ഞ ട്രാഫിക് പരിഷ്കാരവും കാരണം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് പനമരം. ടൗൺ വികസിച്ച് ഇപ്പോൾ മാനന്തവാടി റോഡിലെ കൈതക്കൽവരെയും കല്പറ്റ റോഡിലെ എരനല്ലൂർവരെയും എത്തിയെങ്കിലും പനമരം ടൗൺ എന്നുപറയുന്നത് അരക്കിലോമീറ്റർ ചുറ്റളവിൽപ്പെടുന്നതാണ്. അതിനാൽത്തന്നെ ഗതാഗതക്കുരുക്ക് വലിയ വെല്ലുവിളിയാണ്. ടൗണിനോടു ചേർന്നുള്ള പോക്കറ്റ് റോഡുകളിൽ ഉൾപ്പെടെ ഇതിന്റെ പ്രത്യാഘാതങ്ങൾ നേരിടുകയുമാണ്.
പനമരത്ത് നടപ്പാക്കിയ ഗതാഗതപരിഷ്കാരത്തിലെ സാങ്കേതികപ്പിഴവാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കാൻ ഇടയാക്കുന്നത്. 2015-20 കാലത്തെ പഞ്ചായത്ത് ഭരണസമിതിയും പനമരം പോലീസും ചേർന്നാണ് അവസാനമായി ടൗണിൽ ഗതാഗതപരിഷ്കാരം നടപ്പാക്കിയത്. തുടർന്ന്, തൊട്ടടുത്ത ഭരണസമിതി ഗതാഗതപരിഷ്കാരത്തിനായി ഒട്ടേറെ യോഗങ്ങൾ ചേർന്നെങ്കിലും നടപ്പാക്കാൻ സാധിച്ചില്ല. ടൗണിലെ ഓട്ടോറിക്ഷ, ഗുഡ്സ് വാഹനങ്ങൾ, ട്രാക്ടർ, ടിപ്പർ തുടങ്ങി വലിയ ചരക്കുവാഹനങ്ങൾക്കും പാർക്കിങ്ങിനായി പ്രധാന പാതയല്ലാതെ മറ്റിടങ്ങൾ ഇല്ലാത്തതാണ് ഇതിനുള്ള പ്രധാനപ്രശ്നം. ചെറിയ ടൗണിൽ ഉൾക്കൊള്ളാവുന്നതിനും അപ്പുറമാണ് ഓട്ടോറിക്ഷകളുടെ എണ്ണം. ഇവരെല്ലാവരും ഒരേസമയം ടൗണിൽ എത്തിയാൽ പാർക്കുചെയ്യാൻ ഇടമില്ലാതെ വലിയ പ്രയാസത്തിലാണ്. മുൻപ് ബസ്‌സ്റ്റാൻഡിനകത്ത് ഒരുഭാഗത്തായി ഓട്ടോറിക്ഷകൾക്ക് പാർക്കുചെയ്യാൻ സൗകര്യം നൽകിയിരുന്നു. എന്നാൽ, പുതിയപരിഷ്കാരം വന്നതോടെ അത് നിർത്തലാക്കി. ഇതോടെ ഓട്ടോക്കാരുടെ ദുരിതവുംകൂടി. ഒരു ഭാഗത്തുനിന്ന് മറുഭാഗത്തേക്ക് ഓട്ടോറിക്ഷയുടെ പാർക്കിങ് മാറ്റിയെങ്കിലും യാതൊരു പരിഹാരവും ഉണ്ടായില്ല.
അതോടൊപ്പം ടൗണിലെത്തുന്ന സ്വകാര്യവാഹനങ്ങൾക്ക് പാർക്കുചെയ്യാൻ ഒരു ഇടവും ഇതുവരെയും ഉണ്ടായിട്ടില്ല. ഉള്ള ഇടത്തെല്ലാം പാർക്കുചെയ്ത് പോവുകയാണ് പതിവ്. ഈ വാഹനങ്ങൾക്ക് മുൻപ് പിഴ ചുമത്തുന്നത് പതിവായിരുന്നു. എന്നാൽ, ആക്ഷേപം ഉയർന്നതോടെ ഇപ്പോൾ ഇതിനൊരു കുറവുണ്ട്. ടൗണിലെത്തുന്ന ആളുകൾക്ക് വ്യാപാരസ്ഥാപനങ്ങൾക്കു മുൻപിൽ നിർത്തി സാധനങ്ങൾ വാങ്ങാൻപറ്റാത്ത ഗതികേടാണ്. വാഹനയുടമകൾ പാർക്കിങ്ങുള്ള സ്ഥലങ്ങൾ തേടിപ്പോകുന്നത് ഇവിടത്തെ കച്ചവടത്തെയും പ്രതികൂലമായി ബാധിക്കുകയാണ്.
കച്ചവടക്കാർക്കും ഓട്ടോ-ടാക്സി തൊഴിലാളികൾക്കും ചരക്കുമായെത്തുന്നവർക്കും പ്രയാസം ഒഴിവാകണമെങ്കിൽ വ്യക്തമായ കാഴ്ചപ്പാടോടുകൂടിയുള്ള നടപടികൾ ഉണ്ടാവണം. ഒപ്പം, സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്ക് അതിനുള്ള സൗകര്യവും ഒരുക്കണം. അതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെങ്കിൽ പാർക്കിങ് സൗകര്യം ആദ്യമുണ്ടാക്കുകയും വേണം. അതിനായി പനമരം പോലീസ് സ്റ്റേഷൻ റോഡിലെ റവന്യൂ ഭൂമി ഉപയോഗപ്പെടുത്തുന്നതാവും ഉചിതം. ചരക്കുകയറ്റാനുള്ള വാഹനങ്ങൾ ദൂരെയാണെങ്കിലും ആളുകൾ ഉപയോഗപ്പെടുത്തും. അതിനാൽ, ചരക്കുവാഹനങ്ങളുടെ പാർക്കിങ് പ്രധാന റോഡിൽനിന്ന് മാറ്റുന്നതും ഗുണംചെയ്യും. ദീർഘദൂരയാത്രക്കാർ ഇരുചക്രവാഹനങ്ങളും മറ്റും ദിവസങ്ങളോളം ടൗണിൽ നിർത്തിപ്പോവാറുണ്ട്. ഈ പ്രവണതയെ നിരുത്സാഹപ്പെടുത്തുകയുംവേണം. അല്ലാത്തപക്ഷം പനമരത്തെ ഗതാഗതക്കുരുക്കിന് യാതൊരു പരിഹാരവും ഉണ്ടാവില്ല. ആംബുലൻസുകൾ ഉൾപ്പെടെ ട്രാഫിക്കിൽപ്പെട്ട് വീർപ്പുമുട്ടുന്ന കാഴ്ചകൾ പനമരത്ത് പതിവാണ്.
നടപ്പാതകൾ നവീകരിക്കണം
2015-20 കാലത്തെ ഭരണസമിതിയുടെ കാലത്താണ് പനമരത്തെ ഫുട്പാത്തുകളിൽ നവീകരണം അവസാനമായി നടന്നത്. ഇൻറർലോക്കുകൾ പാകിയും കൈവരികൾ സ്ഥാപിച്ചും നടപ്പാതകൾ മനോഹരമാക്കിയിരുന്നു. എന്നാൽ, പിന്നീട് യാതൊരു നവീകരണവും ഇതുമായി ബന്ധപ്പെട്ടുണ്ടായിട്ടില്ല. ഇടക്കാലത്ത് ഈ ഫുട്പാത്തുകളിൽ ചെടിച്ചട്ടികളും പൂക്കളും സ്ഥാപിച്ച് സൗന്ദര്യവത്കരിക്കാൻ പദ്ധതി ഇട്ടിരുന്നെങ്കിലും നടന്നില്ല. ഇപ്പോൾ ജില്ലയിലെ വിവിധ ടൗണുകളിൽ സൗന്ദര്യവത്കരണം വലിയ ചർച്ചയാണ്. എന്നാൽ, പനമരത്തുമാത്രം ഇതൊന്നുമില്ല.
മലയോരഹൈവേയുടെ നിർമാണവുമായി ബന്ധപ്പെട്ട് പനമരം ടൗണിലെ റോഡ് മുൻപത്തെക്കാൾ ഉയർന്നതോടെ ഫുട്പാത്ത് ഇപ്പോൾ താഴ്ന്നുകിടക്കുകയാണ്. അതിനാൽ, ചെറിയമഴ പെയ്താൽപ്പോലും റോഡിലെ വെള്ളമാകെ ഫുട്പാത്തിലൂടെയാണ് പരന്നൊഴുകുന്നത്. ഒപ്പം ചെളിക്കുളമായും മാറുകയാണ്. ഇതോടെ കാൽനടയാത്രക്കാർക്ക് നടക്കാൻപോലും കഴിയാത്ത സ്ഥിതിയാണ്. ഒപ്പം, കടകളിലേക്ക് വെള്ളംകയറാനും ഇടയാക്കുകയാണ്. അതിനാൽ, പഴയ ഫുട്പാത്ത് പൊളിച്ചുനീക്കി ഇവ ഉയരംകൂട്ടേണ്ടതും അനിവാര്യമാണ്. ഫുട്പാത്തുകൾ കാടുകയറുന്നതും പതിവാണ്. ഇതിലും ഒരു സ്ഥിരംസംവിധാനം കാണേണ്ടതുണ്ട്.
വലിയപാലത്തിൽ നടപ്പാത
പനമരം ടൗണിനെ അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട ഒന്നാണ് ഇവിടത്തെ കബനിനദിക്ക് മീതെയുള്ള വലിയപാലം. അഞ്ചുപതിറ്റാണ്ട് മുൻപുനിർമിച്ച ഈ പാലത്തിന് ഇപ്പോൾ വിസ്താരം കുറവാണ്. വാഹനങ്ങളുടെ അതിപ്രസരത്താൽ പാലത്തിന് വിള്ളലുകളും രൂപപ്പെട്ടുതുടങ്ങിയിട്ടുണ്ട്. എങ്കിലും പാലം വലിയ കേടുപാടുകൾ കൂടാതെ നിലനിൽക്കുന്നുണ്ട്. എന്നാൽ, ഇവിടത്തെ പ്രധാനപ്രശ്നം രണ്ടുഭാഗത്തും കാൽനടക്കാർക്ക് പോകാൻ നടപ്പാതയില്ല എന്നതാണ്. നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള ചങ്ങാടക്കടവ്, പരക്കുനി, മഞ്ചേരി പരക്കുനി, കീഞ്ഞുകടവ്, മാതോത്തുപൊയിൽ തുടങ്ങി വിവിധ പ്രദേശങ്ങളിലേക്കുള്ള നൂറുകണക്കിന് വിദ്യാർഥികളും മറ്റുയാത്രക്കാരും ഈ പാലം കടന്നാണ് പോകുന്നത്. പലപ്പോഴും ഇവരെല്ലാം തലനാരിഴയിടയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെടുന്നത്. ഇരുഭാഗത്തുനിന്നും ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഓരംചേരാൻ സാധിക്കാതെ വലിയ പ്രയാസമാണ് കാൽനടയാത്രക്കാർക്ക് ഉണ്ടാവുന്നത്. അതുകൊണ്ട് ഈ പാലത്തോടുചേർന്ന് നടപ്പാത ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. പാലത്തോടുചേർന്ന് നടക്കാനായി ഒരു തൂക്കുപാലം പണിയുന്നതാവും ഏറ്റവും ഉചിതം. ഇത് ടൗണിന്റെ മുഖച്ഛായ മാറ്റാനും സഹായിക്കും. ഇതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും പ്രാവർത്തികമാക്കാൻ സാധിച്ചിട്ടില്ല.
മലയോരഹൈവേയുടെ ഭാഗമായി ടൗണിലെ സീബ്രാ വരകളെല്ലാം രണ്ടുവർഷത്തോളമായി മാഞ്ഞുകിടക്കുകയാണ്. ഏറെ പണിപ്പെട്ടാണ് പനമരത്തെത്തുന്ന ആളുകൾ റോഡ് മുറിച്ചുകടക്കുന്നത്. റോഡിെൻറ രണ്ടാംഘട്ട പ്രവൃത്തികൾ നടക്കാത്തതാണ് ഇതിന് വിലങ്ങുതടിയെങ്കിലും താത്കാലികപരിഹാരമെങ്കിലും ഇതിനായി കണ്ടെത്തേണ്ടതുണ്ട്. അടുത്തകാലത്തായി പനമരം ടൗണിലും സമീപപ്രദേശങ്ങളിലും വാഹനാപകടങ്ങൾ ഏറെ വർധിച്ചിട്ടുണ്ട്. കാൽനടയാത്രക്കാർക്ക് സുരക്ഷയോടെ നടപ്പാതയിലൂടെ നടക്കാനുള്ള അവകാശം ഇവിടെ വിവിധ ഇടങ്ങളിലായി ഹനിക്കപ്പെടുകയാണ്. ഇതിനെല്ലാം ഒരുമാറ്റം ഏറെ അനിവാര്യമാണ്.
(തുടരും)