സത്‌കർമങ്ങൾ ജീവിതത്തിന് പ്രശസ്തിയും പ്രാധാന്യവുമുണ്ടാക്കും -മാതാ അമൃതാനന്ദമയി

മാനന്തവാടി : നല്ലകർമങ്ങൾ ചെയ്യുന്നവരുടെ ജീവിതത്തിന് പ്രസക്തിയും പ്രാധാന്യവുമുണ്ടാകുമെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. ബ്രഹ്മസ്ഥാന ക്ഷേത്രവാർഷികത്തിനെത്തി വിശ്വാസികളെ അഭിസംബോധനചെയ്ത്‌ സംസാരിക്കുകയായിരുന്നു അവർ. പ്രകൃതിയോടും സഹജീവികളായ മനുഷ്യരോടും മറ്റു ജീവജാലങ്ങളോടുമുള്ള നമ്മുടെ ധർമം നിറവേറുന്നതിനെയാണ് നല്ലകർമങ്ങൾ എന്നുപറയുന്നത്. സൃഷ്ടിയുടെ ആരംഭം മുതൽക്കുതന്നെ പ്രകൃതി, അല്ലെങ്കിൽ ഈശ്വരശക്തി നമ്മളെ പല നല്ലകാര്യങ്ങളും പഠിപ്പിക്കാൻ തുടങ്ങിയതാണ്. അവയൊക്കെ നമ്മൾ വേണ്ടവണ്ണം പഠിച്ചിരുന്നെങ്കിൽ മനുഷ്യൻ ഇന്നുനേരിടുന്ന പല സങ്കീർണങ്ങളായ പ്രശ്നങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും അവർ പറഞ്ഞു.

ബ്രഹ്മസ്ഥാന ക്ഷേത്രോത്സവത്തിന്റെ ആദ്യ ദിനത്തിൽ രാവിലെ 11-ഓടെയാണ് അമൃതാനന്ദമയി യജ്ഞവേദിയിലെത്തിയത്. എം.എൽ.എ.മാരായ ഉഷാ വിജയൻ, ഐ.സി. ബാലകൃഷ്ണൻ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ, പള്ളിയറ രാമൻ, സ്വാമി ഹംസാനന്ദപുരി, സ്വാമി രവി ചരണാനന്ദഗിരി, മലബാർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ. പി. ചാത്തുക്കുട്ടി തുടങ്ങിവർ ഹാരാർപ്പണംനടത്തി. അമൃതശ്രീ അംഗങ്ങൾക്കുള്ള സഹായധനവും സാരിയും ചടങ്ങിൽ വിതരണംചെയ്തു. അമ്മയുടെ നേതൃത്വത്തിൽ ഭജന, ധ്യാനം എന്നിവയുണ്ടായി. വെള്ളിയാഴ്ച എത്തിയ എല്ലാവർക്കും ദർശനം നൽകി. ശനിയാഴ്ചയും ദർശനം നൽകും. ആയിരങ്ങളാണ് വെള്ളിയാഴ്ച മാനന്തവാടി ബ്രഹ്മസ്ഥാന ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാനെത്തിയത്. വിശേഷാൽ പൂജകളുണ്ടായി. ‘അമലഭാരതം’ പദ്ധതിയുടെ ഭാഗമായി യജ്ഞവേദിയും പരിസരവും ശുചിയാക്കി.