‘ജനവാസകേന്ദ്രങ്ങൾ ഇ.എസ്.എ. പരിധിയിൽനിന്ന്‌ ഒഴിവാക്കണം’

മാനന്തവാടി : പരിസ്ഥിതിലോലപ്രദേശം വനാതിർത്തിയിൽത്തന്നെ നിജപ്പെടുത്തണമെന്നാവശ്യപ്പെട്ടിട്ടും ഏഴാമത് ഇ.എസ്.എ. കരടുവിജ്ഞാപനത്തിൽ വീണ്ടും ഉൾപ്പെട്ടതിൽ ശക്തമായ ജനകീയസമരങ്ങൾ സംഘടിപ്പിക്കുമെന്ന് തൊണ്ടർനാട് പഞ്ചായത്ത്‌ സർവകക്ഷി യോഗം.

യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ എസ്.എം. പ്രമോദ് അധ്യക്ഷതവഹിച്ചു. സമരപരിപാടികൾ ആസൂത്രണംചെയ്യുന്നതിനും സർക്കാരിനെക്കൊണ്ട്‌ സമ്മർദംചെലുത്തിക്കുന്നതിനും വേണ്ടി ആക്‌ഷൻ കമ്മിറ്റിക്ക് യോഗം രൂപംനൽകി.

പ്രീതാരാമൻ, ആലിക്കുട്ടി ആറങ്ങാടൻ, ജില്ലാപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സൽമ മൊയിൻ, മാനന്തവാടി നിയോജകമണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ്‌ ടി. മൊയ്തു, അഡ്വ. ജിജിൽ, കേളോത്ത് അബ്ദുള്ള, ജിജി ജോണി, ഇ.പി. ശിവദാസൻ, കെ. സത്യൻ എന്നിവർ സംസാരിച്ചു.

പ്രതിഷേധാർഹം

മാനന്തവാടി : കേന്ദ്രപരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രതിഷേധാർഹമാണെന്നും ഇതിനെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി. വിജ്ഞാപനം വനാതിർത്തിയിൽ താമസിക്കുന്ന കർഷകർക്ക് ആശങ്കയും ഭയവും ഉണ്ടാക്കുന്നതാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ സർക്കാരുകൾ വനാതിർത്തി സീറോ പോയിൻറിൽ നിലനിർത്തണം എന്ന് തീരുമാനം എടുത്തിട്ടുള്ളതാണ്. എന്നാൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 131 വില്ലേജുകളെ വിജ്ഞാപനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത് ആശങ്കയുളവാക്കുന്നതാണെന്നും സംഘടന ആരോപിച്ചു.

പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി, എം.വി. വിൻസെൻറ്, ഇ.ജെ. ഷാജി, എം.ഐ. പൗലോസ്, വി.വി. നാരായണവാര്യർ, മൊയ്തു മുതുവോടൻ, ജോർജ് അറുവാക്കൽ എന്നിവർ പങ്കെടുത്തു.

‘ആശങ്ക പരിഗണിക്കണം’

കല്പറ്റ : മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ജില്ലയിലെ ഇ.എസ്.എ. വില്ലേജുകളുടെ നിർണയം മലയോരമേഖലയിൽ സൃഷ്ടിച്ച ആശങ്ക സർക്കാർ ഗൗരവമായി പരിഗണിക്കണമെന്ന് സ്വതന്ത്ര കർഷകസംഘം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര പരിസ്ഥിതിമന്ത്രാലയം ജൂലായ് 27-ന് പുറത്തിറക്കിയ ഏഴാമത് ഇ.എസ്.എ. കരടുവിജ്ഞാപനത്തിന്റെ കാലാവധി 24-ന് അവസാനിക്കും.

കൃഷിയെയും ജനവാസകേന്ദ്രങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകൾ ഉൾപ്പെട്ട കരടുവിജ്ഞാപനത്തിനെതിരേ പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേർത്ത് പ്രമേയം പാസാക്കാൻ സർക്കാർ തയ്യാറാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രാദേശികജനങ്ങളുടെ മുൻകൂർ സമ്മതമോ പങ്കാളിത്തമോ ഉറപ്പാക്കാതെ ഇ.എസ്.എ. ഏകപക്ഷീയമായി നടപ്പാക്കുന്നത് ജനങ്ങളിൽ ആശങ്കയും അസ്വസ്ഥതയും സൃഷ്ടിക്കുമെന്ന് സംഘടന അഭിപ്രായപ്പെട്ടു. മതിയായ രേഖകളോടെ ജനങ്ങൾ താമസിക്കുകയും കൃഷി നടത്തുകയും ചെയ്യുന്ന പ്രദേശങ്ങളെ ഇ.എസ്.എ. പരിധിയിൽനിന്ന് ഒഴിവാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഈയാവശ്യങ്ങളുന്നയിച്ച് ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് മുഖ്യമന്ത്രിക്ക് നിവേദനം അയച്ചു.