കടുവ അതിർത്തികടന്നു

കേരള വനംവകുപ്പുമായി ചേർന്ന് പരിശോധന
ഗൂഡല്ലൂർ : രണ്ടുപേരെ കൊലപ്പെടുത്തിയ കടുവയെ ഓവേലിയിലെ ലാറൻസ്റ്റണിലും മുതുമലയിലാകെയും തിരഞ്ഞുനടന്ന വനപാലകർക്ക് 25 ദിവസമായിട്ടും കണ്ടെത്താനായില്ല. ലാറൻസ്റ്റൺ നമ്പർ നാലിലെ ബാലകൃഷ്ണനെ (61) ഓഗസ്റ്റ് ഒൻപതിനും ലാറൻസ്റ്റണിലെ രവിചന്ദ്രനെ (55) ഓഗസ്റ്റ് 21-നും കൊലപ്പെടുത്തിയ നരഭോജിക്കടുവയെ മൂന്നുദിവസമായി മുതുമലക്കാടിനടുത്ത പ്രദേശങ്ങളിൽ തിരയുകയാണ്. ഇതിനിടയിൽ ഗൂഡല്ലൂർ നഗരത്തിനടുത്ത മേലേഗൂഡല്ലൂരിൽ സ്വകാര്യ തേയിലത്തോട്ടത്തിൽ കടുവയുടെ സാന്നിധ്യമുണ്ടായെന്ന സംശയത്തെത്തുടർന്ന് ഏറുമാടം സ്ഥാപിച്ചും വനപാലകർ തിരയുകയാണ്.
കടുവ നടുവട്ടം മുതൽ മസിനഗുഡിവരെയുള്ള ടെറിട്ടറിയിൽനിന്ന് മറ്റൊരിടത്തേക്ക് മാറിയോ എന്ന സംശയത്തിലാണ് വനംവകുപ്പധികൃതരുള്ളത്. മുതുമലയോടുചേർന്നുള്ള വനാതിർത്തിയിലാകെ പരിശോധന നടത്തിയെങ്കിലും ഈ കടുവയെ കണ്ടെത്താനായില്ല.
ഇപ്പോൾ മലപ്പുറം അതിർത്തിയോടുചേർന്ന കാടുകളിലേക്ക് കടുവ കടന്നിട്ടുണ്ടോയെന്ന പരിശോധനയ്ക്ക് കേരള വനംവകുപ്പുമായി ചേർന്ന് സംയുക്തപരിശോധനയ്ക്ക് ശ്രമിക്കുന്നതായി ഉന്നതാധികൃതർ പറഞ്ഞു. അതിർത്തിയിൽ കൂടുകളും ക്യാമറകളും സ്ഥാപിച്ച് പരിശോധനയ്ക്ക് തയ്യാറെടുക്കുകയാണ് വനംവകുപ്പ്.
അതിനിടെ കഴിഞ്ഞദിവസം സാങ്കേതിക ഉപദേശകസമിതിയുടെ അവലോകനയോഗം ഗൂഡല്ലൂർ ആർ.ഡി.ഒ. ജെ. ദേവരാജിന്റെ അധ്യക്ഷതയിൽ മുതുമലയിൽ ചേർന്നു.
കഴിഞ്ഞദിവസം ലാറൻസ്റ്റണിലെ കടുവയുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടവരുടേതുൾപ്പെടെ വീടുകളിൽ സന്ദർശനം നടത്തിയ വനംവകുപ്പ് മന്ത്രി ആർ.വി. രഞ്ജിത്ത് കുമാർ ഏതുവിധേനയും കടുവയെ ഉടൻ പിടികുടണമെന്നും പ്രദേശവാസികളുടെ ഭീതിയില്ലാതാക്കണമെന്നും വനംവകുപ്പധികൃതർക്ക് നിർദേശം നൽകിയിരുന്നു. കടുവ രണ്ടുപേരെ കൊന്നുതിന്നിട്ടും പിടികൂടാൻ കഴിയാതെ ഇരുട്ടിൽ തപ്പേണ്ടിവന്ന വനപാലകർക്കെതിരേ കടുത്ത പ്രതിഷേധമാണ് ഓവേലിയിലാകെയുള്ളത്. വനപാലകരുടെ തിരച്ചിലിനോട് സഹകരിച്ച് വീടിനകത്തുതന്നെ മൂന്നാഴ്ചയിലധികമായി കഴിയുകയാണ് ലാറൻസ്റ്റണിലെയും സമീപത്തെയും പ്രദേശവാസികൾ.