നേട്ടം ആഘോഷമാക്കി ജന്മനാട്

ഏഷ്യൻ ഗെയിംസിൽ ഇരട്ടമെഡൽ താരമായി ടി.എസ്. മനു
കല്പറ്റ : ഏഷ്യൻ ഗെയിംസിൽ നേട്ടങ്ങളിലേക്ക് ഓടിക്കയറി താരമായി ടി.എസ്. മനു. ചൊവ്വാഴ്ച നടന്ന പുരുഷവിഭാഗം 4x400 റിലേയിൽ വെങ്കലമെഡലും നേടിയതോടെ എഷ്യൻ ഗെയിംസിൽ ഇരട്ടമെഡൽ എന്ന നേട്ടവും മനു സ്വന്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച നടന്ന 4x400 മിക്സഡ് റിലേയിൽ മനു വെള്ളിമെഡൽ നേടിയിരുന്നു. ഇതിനുപിന്നാലെയാണ് വെങ്കലമെഡലെന്ന നേട്ടവും. മനുവിന്റെ നേട്ടം ആഘോഷമാക്കുകയാണ് നാട്. ചൊവ്വാഴ്ചയും മനുവിന്റെ മത്സരം കാണാൻ അയൽവീട്ടുകാരടക്കം വാഴവറ്റ കരിങ്കണ്ണിക്കുന്നിലെ വീട്ടിലെത്തിയിരുന്നു. മനുവിന്റെ മാതാപിതാക്കളായ ടി.പി. സജിക്കും ഷീലയ്ക്കും സഹോദരൻ ജിനുവിനുമൊപ്പം മൊബൈൽഫോണിലൂടെയാണ് തത്സമയം മത്സരം കണ്ടത്. വെങ്കലമെഡൽ നേട്ടമറിഞ്ഞതോടെ വീട്ടലേക്ക് അഭിനന്ദനപ്രവാഹമായി. മകന് പങ്കെടുത്ത രണ്ടുമത്സരങ്ങളിലും വിജയിക്കാനും മെഡൽ നേടാനും സാധിച്ചതിൽ അഭിമാനമുണ്ടെന്ന് മനുവിന്റെ മാതാപിതാക്കളായ ടി.പി. സജിയും ഷീലയും പറഞ്ഞു. വാർഡംഗം മുഹമ്മദ് ഷജീദുൾപ്പെടെയുള്ളവർ വീട്ടിലെത്തി മാതാപിതാക്കളെ അഭിനന്ദനമറിയിച്ചു. 400 മീറ്റർ ഓട്ടമത്സരത്തിൽ തുടങ്ങിയ മനുവിന്റെ കായികക്കുതിപ്പാണ് ഇന്ന് ഏഷ്യൻ ഗെയിംസിൽ ഇരട്ടമെഡൽ എന്ന നേട്ടത്തിൽ എത്തിനിൽക്കുന്നത്. തുടക്കകാലത്ത് വിമുക്തഭടനായ മീനങ്ങാടി താഴെമുണ്ട സ്വദേശി സത്യനാണ് മനുവിനെ പരിശീലിപ്പിച്ചത്. 2020-ൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 4x400 മെൻസ് റിലേയിൽ മനു വെള്ളിമെഡൽ നേടിയിട്ടുണ്ട്. 2024-ൽ ഉത്തരാഖണ്ഡിൽ നടന്ന നാഷണൽ ഗെയിംസിൽ 400 മീറ്റർ ഓട്ടമത്സരത്തിൽ മനു വെങ്കല മെഡൽ നേടിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ഭുവനേശ്വറിൽ നടന്ന ഇൻറർസ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഓട്ടത്തിൽ വെള്ളിമെഡലും മനു നേടിയിട്ടുണ്ട്. മലപ്പുറം എം.എസ്.പി. ബറ്റാലിയനിലെ ഹെഡ് കോൺസ്റ്റബിളാണ് മനു.