കുഞ്ഞുങ്ങൾക്കായൊന്നിച്ച് താടിക്കൂട്ടം

കോഴിക്കോട് : താടിയുടെ മോടിക്കപ്പുറം കാരുണ്യത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച് താടിക്കാരുടെ സംഘടനയായ കേരള ബിയേർഡ് സൊസൈറ്റിയുടെ ‘നോ ഷേവ് നവംബർ’ പരിപാടി ടൗൺഹാളിൽ നടന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് ചെറുവോട്ട് ഉദ്ഘാടനംചെയ്തു.

തുടർന്ന് കല്ലുരുട്ടിയിലെ എസ്.എം.എ. ബാധിതരായ കുഞ്ഞുങ്ങൾക്കായി സംസ്ഥാനത്തുടനീളം നടത്തിയ ധനസമാഹരണത്തിലൂടെ ലഭിച്ച തുക ചികിത്സാസഹായ ഭാരവാഹികൾക്ക് കൈമാറി. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് മുർഷിദ് സർക്കാർ അധ്യക്ഷനായി. ചടങ്ങിൽ ഇ.പി. മുരളീധരൻ, നിസാർ ഇൽത്തുമിഷ് എന്നിവർ വിശിഷ്ടാതിഥികളായി. കാൻസർരോഗികൾക്കുള്ള സഹായധന വിതരണവും വിവിധ മേഖലകളിൽ വിശിഷ്ടമായ പ്രവർത്തനം കാഴ്ചവെച്ചവരെ ആദരിക്കുന്ന ചടങ്ങും നടന്നു. ഈ വർഷവും കാരുണ്യപ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം സംഘടിപ്പിച്ച പരിപാടിയിൽ ജില്ലകളിൽനിന്നായി നൂറ്റൻപതോളം അംഗങ്ങൾ പങ്കെടുത്തു. ആസിം വെളിമണ്ണ, വി.ടി. ഷൗക്കത്ത്, പ്രവീൺ പരമേശ്വർ, സുബീഷ് ഷർളി, റാഷിദ്, ബക്കർ കൂടല്ലൂർ, താടിക്കാരൻ ബാവ, വിനീത് കരുവാരക്കുണ്ട് തുടങ്ങിയവർ സംസാരിച്ചു.