മുത്തങ്ങയിൽ വിജിലൻസ് പരിശോധന

കർണാടകയിലെ ക്വാറി ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിൽ നികുതിവെട്ടിപ്പെന്ന് പരാതി
ആറു വാഹനങ്ങൾക്ക് പിഴയിട്ടു
സുൽത്താൻബത്തേരി : കർണാടകയിൽനിന്ന് ക്വാറി ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിൽ നികുതിവെട്ടിപ്പ് നടക്കുന്നതായ പരാതിയെത്തുടർന്ന് സംസ്ഥാനാതിർത്തിയിൽ വയനാട് വിജിലൻസ് പരിശോധന നടത്തി. മുത്തങ്ങയിലും അതിർത്തിപ്രദേശങ്ങളിലുമാണ് വ്യാഴാഴ്ച പുലർച്ചെമുതൽ വിജിലൻസ് ഡിവൈ.എസ്.പി. ജസ്റ്റിൻ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ പിടിക്കപ്പെട്ട ആറു വാഹനങ്ങൾക്ക് വിവിധ നിയമലംഘനങ്ങളിൽ പിഴയിട്ടു. അതിർത്തിയിൽ പരിശോധന നടക്കുന്നതായ വിവരം ലഭിച്ചതോടെ 20-ഓളം വാഹനങ്ങൾ വനപ്രദേശങ്ങളിൽ നിർത്തിയിട്ട് ഡ്രൈവറും കൂടെയുള്ളവരും ഇറങ്ങിപ്പോയി.
ക്വാറി ഉത്പന്നങ്ങളായ കരിങ്കൽ, മെറ്റൽ, മണൽ തുടങ്ങിയവയാണ് ട്രെയിലർ ടിപ്പറുകളിലും ടോറസ് ലോറികളിലുമായി കൊണ്ടുവരുന്നത്. വാഹനങ്ങളിൽ അമിതഭാരം കയറ്റിവരുന്നതും മറ്റും പരിശോധിക്കേണ്ട ആർ.ടി.ഒ. ചെക് പോസ്റ്റിന്റെ പ്രവർത്തനം രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെയേ ഇപ്പോഴുള്ളൂ. ഇത് മുതലെടുത്ത് ചെക് പോസ്റ്റ് പ്രവർത്തിക്കാത്ത സമയങ്ങളിൽ ഒട്ടേറെ വാഹനങ്ങൾ ക്വാറി ഉത്പന്നങ്ങളുമായി ജില്ലയിലേക്ക് വരുന്നുണ്ട്. രാത്രിയാത്രാ നിരോധനത്തിന്റെ ഭാഗമായി രാവിലെ ആറിന് അതിർത്തി തുറക്കുമ്പോൾ മുതൽ ആർ.ടി.ഒ. ചെക് പോസ്റ്റ് തുറക്കുന്ന ഒൻപതുവരെയും വൈകീട്ട് ചെക് പോസ്റ്റ് പ്രവർത്തനം നിർത്തുന്ന അഞ്ചിനുശേഷം രാത്രിയാത്ര നിരോധനത്തിന് അതിർത്തി അടയ്ക്കുന്ന രാത്രി ഒൻപതുവരെയുമാണ് ക്വാറി ഉത്പന്നങ്ങളുമായി വാഹനങ്ങൾ കൂടുതലായിവരുന്നത്. ഇത്തരം വാഹനങ്ങളിൽ മതിയായ നികുതിയടയ്ക്കാതെയും മറ്റും ഉത്പന്നങ്ങൾ കൊണ്ടുവരുന്നുണ്ട് എന്നതായിരുന്നു പരാതി.