വഴിയും വെള്ളവുമില്ലാതെ ചേപ്പില പുതിയ ഉന്നതി

പുല്പള്ളി: വഴിയും വെള്ളവുമില്ല, ഒന്നമർത്തിപ്പിടിച്ചാൽ വീടിന്റെ ചുമരുകൾ പൊളിഞ്ഞുവീഴും, അടുക്കളയിൽ അടുപ്പില്ല; ചേപ്പില പുതിയ ഉന്നതിയിലെ കുടുംബങ്ങൾ ദുരിതങ്ങളുടെ നടുവിലാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പുല്പള്ളിയിലേക്ക് പറിച്ചുനടപ്പെട്ടെത്തിയതാണ് ഇവിടുള്ള കുടുംബങ്ങളെല്ലാം. ഭവനരഹിതർ, വെള്ളപ്പൊക്കഭീഷണി നേരിടുന്ന കുടുംബങ്ങൾ തുടങ്ങിയവരെ 2022-ലാണ് പട്ടികവർഗ വികസനവകുപ്പിന്റെ നേതൃത്വത്തിൽ ചേപ്പിലയിൽ വീടുകൾ നിർമിച്ചുനൽകി പുനരധിവസിപ്പിച്ചത്. ചേപ്പില പുതിയ ഉന്നതിയിലെ 19 വീടുകളിലായി ഒട്ടേറെ കുടുംബങ്ങളാണ് കഴിഞ്ഞുവരുന്നത്.
താമസംതുടങ്ങി നാലുവർഷം കഴിഞ്ഞിട്ടും ഉന്നതിയിലേക്കുള്ള വഴിയൊരുക്കാൻ അധികൃതർക്കായിട്ടില്ല. പ്രധാന റോഡിൽനിന്ന് കോളനിയിലേക്ക് മൺപാതയാണുള്ളത്. ചെറിയൊരു ചാറ്റമൽമഴ മതി റോഡ് ചെളിക്കുളമാകും. പിന്നെ ഇതുവഴി കാൽനടയാത്രപോലും സാധിക്കില്ല. മൂന്ന് തട്ടുകളായിക്കിടക്കുന്ന ഭൂമിയിലാണ് ഉന്നതിയിലെ വീടുകൾ സ്ഥിതിചെയ്യുന്നത്. ഈ വീടുകളിലേക്കൊന്നും വാഹനമെത്താൻ വഴിയില്ല. രോഗികളെ ആശുപത്രിയിലെത്തിക്കാനും മറ്റുമുള്ള അത്യാവശ്യഘട്ടങ്ങളിലും ചുമന്നുകൊണ്ടുപോകേണ്ട ഗതികേടിലാണ് ഇവിടുള്ളവർ.
ഉന്നതിയിൽ കിണറില്ല. ജലനിധിയുടെ പൈപ്പ് ലൈൻ കണക്ഷൻ മാത്രമാണ് ഏകാശ്രയം. എല്ലാ വീടുകളിലേക്കും പൈപ്പ് ലൈൻ കണക്ഷൻ നൽകിയിട്ടുണ്ടെങ്കിലും കൃത്യമായി കുടിവെള്ളം വിതരണംചെയ്യുന്നില്ലെന്നാണ് ഉന്നതിനിവാസികൾ പറയുന്നത്. മൂന്നുദിവസം കൂടുമ്പോൾ വെള്ളംവരും. അതും കുറഞ്ഞ അളവിലേ ലഭിക്കൂ. ചിലപ്പോൾ ഒരാഴ്ചവരെ കുടിവെള്ളം മുടങ്ങാറുണ്ടെന്നും ഇവർ പറയുന്നു. വെള്ളംതികയാത്തതിനാൽ ചുറ്റുവട്ടത്തുള്ള വീട്ടുകാരെ ആശ്രയിച്ചാണ് ഇവർ കഴിയുന്നത്. പാചകത്തിനും മറ്റുമുള്ള ആവശ്യങ്ങൾക്ക് സമീപവീടുകളിൽനിന്ന് വെള്ളമെടുക്കും. തുണിയലക്കാനും കുളിക്കാനുമെല്ലാം പ്രയാസമാണ്.
വേനൽക്കാലത്താണ് കുടിവെള്ളക്ഷാമം രൂക്ഷം. ഉന്നതിയിൽ കിണർ നിർമിച്ചുനൽകുമെന്നു പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ലെന്നാണ് ഇവിടുള്ളവർ പറയുന്നത്.
വീടുനിർമാണത്തിൽ അപാകമേറെ
:അമർത്തിപ്പിടിച്ചാൽമതി ചുമരിലെയും തറയിലെയുമെല്ലാം സിമന്റ് പൊളിഞ്ഞുവരും. ശൗചാലയത്തിലെ ടൈലുകളെല്ലാം ഇളകിമാറി.
നാലുവർഷംമുൻപ് പണിതു നൽകിയ വീടുകൾ നാശത്തിന്റെ വക്കിലാണ്. വീടുകളുടെ നിർമാണത്തിൽ ഗുണനിലവാരമില്ലെന്നും അഴിമതി നടന്നിട്ടുണ്ടെന്നുമാണ് പരാതി.
ഉന്നതിയിലെ വീടുകൾക്ക് അടുക്കളയുണ്ടെങ്കിലും അതിൽ അടുപ്പ് നിർമിച്ചുനൽകിയിട്ടില്ല. വീടിനുപുറത്ത് അടുപ്പ് കല്ലുകൂട്ടിയാണ് മിക്ക കുടുംബങ്ങളും പാചകംചെയ്യുന്നത്. ഉന്നതിയിലുള്ളവർക്ക് പാചകവാതക കണക്ഷനും ഇതുവരെ ലഭിച്ചിട്ടില്ല. അടുപ്പ് കത്തിക്കാൻ ഒരുകഷണം വിറകുപോലും അടുത്തെങ്ങും കിട്ടാനില്ലെന്നതാണ് ഉന്നതിയിലെ സ്ത്രീകളുടെ വിഷമം. മുൻപ് താമസിച്ചിരുന്നയിടങ്ങളിൽ വനത്തിൽപോയി വിറക് ശേഖരിച്ചുകൊണ്ടുവരാമായിരുന്നു. ടൗണിനോട് ചേർന്നുകിടക്കുന്ന മേഖലയിലേക്ക് താമസംമാറിയതോടെ ഇവരുടെ ജീവിതസാഹചര്യങ്ങളും മാറി. ഇതിൽ അസ്വസ്ഥരാണ് മിക്കവരും. കാടിനെ ആശ്രയിച്ചായിരുന്നു മുൻപ് ഈ കുടുംബങ്ങളെല്ലാം കഴിഞ്ഞിരുന്നത്. പുതിയ സ്ഥലത്തേക്ക് താമസംമാറിയെത്തിയപ്പോൾ പണിയൊന്നും കിട്ടുന്നില്ലെന്നാണ് സ്ത്രീകളും പുരുഷൻമാരുമെല്ലാം ഒരുപോലെ പറയുന്നത്.