സ്നേഹഗായകാ നിന്നോർമ്മയിൽ...

നിസാർ വയനാടിന് ആദരമായി മെഗാഷോ
കല്പറ്റ : ഇമ്പമുള്ള പാട്ടുകളിലൂടെ കേൾവിക്കാരുടെ മനസ്സുനിറച്ച, അകാലത്തിൽ വിടപറഞ്ഞ വയനാടിന്റെ പ്രിയ ഗായകൻ നിസാർ വയനാടിന് നാടിന്റെ സ്നേഹാദരം. കല്പറ്റ എസ്.കെ.എം.ജെ. സ്കൂൾ ഗ്രൗണ്ടിലൊരുക്കിയ വേദിയിലെ ഓരോ പാട്ടുകളും തങ്ങളുടെ സ്നേഹഗായകനുള്ള ആദരമായി. ‘അള്ളാ ഹയ്യൂൽ ഖയ്യൂമേ... അള്ളാ ജല്ലജലാലെ...’
‘അള്ളാഹുവുവിന്റെ ആദാബ് നിന്നിലേറിവന്നാൽ...’
കണ്ണൂർ ഷെരീഫ് വേദിയിൽ പാടിയപ്പോൾ സദസ്സിൽ നിസാർ വയനാടിന്റെ ഓർമ്മകൾ നിറഞ്ഞു. കലാകാരൻമാർ വാക്കുകൾകൊണ്ടും മെഗാഷോ കാണാനെത്തിയവർ ഹൃദയംകൊണ്ടും നിസാറിന് ആദരമർപ്പിച്ചു. നിസാറിന്റെ ഓർമ്മകൾ പുതുക്കിക്കൊണ്ടാണ് വേദിയിലെ എല്ലാ പരിപാടികളും തുടങ്ങിയത്. പാട്ടിലൂടെ വേദികൾ കീഴടക്കിയ നിസാറിനെക്കുറിച്ചുള്ള ഓർമ്മകൾ വാക്കുകളിൽ നിറഞ്ഞു. നിസാറിനൊപ്പം വേദികൾ പങ്കിട്ടവരുടെ വാക്കുകൾ വികാരനിർഭരമായി. വയനാട് മെഗാ ഷോ നിസാർ വയനാടിന്റെ ഏറ്റവുംവലിയ സ്വപ്നമായിരുന്നു. പ്രിയഗായകന് ആദരമർപ്പിച്ചും കുടുംബത്തിന് കൈത്താങ്ങാവാനുമായി ഒരുക്കിയ മെഗാഷോയ്ക്ക് ആയിരങ്ങൾ സാക്ഷിയായി.
‘നെഞ്ചിനുള്ളിൽ നീയാണ് നസീറേ...’ എന്ന് പാടിക്കൊണ്ടായിരുന്നു താജുദ്ദീൻ വടകര വേദിയിലെത്തിയത്ത്. കണ്ണൂർ സീനത്തിന്റെ പാട്ടുകൾക്കൊപ്പം ആകാശത്ത് വർണക്കാഴ്ചകൾ നിറഞ്ഞു. നിസാർ വയനാടിന്റെ മക്കളായ അമ്രിനും സിമ്രിനും പാട്ടുമായി വേദിയിലെത്തിയപ്പോൾ കൈയടികളുയർന്നു. പാട്ടുകൾക്കിടെ ഹരീഷ് കണാരനും നിർമൽ പാലാഴിയും അടങ്ങുന്ന സംഘത്തിന്റെ കോമഡി സ്കിറ്റും ചിരിപടർത്തി.
‘പെരിയോനെ എൻ റഹ്മാനേ...’ നിസാർ വയനാടിനായി നാദിർഷ പാടിയപ്പോൾ സദസ്സിൽ മൊബൈൽ ഫോണിൽ ഫ്ലാഷ് തെളിയിച്ചു.
മന്ത്രി ടി. സിദ്ദിഖും വേദിയിലെത്തി നിസാർ വയനാടിനെ അനുസ്മരിക്കുകയും പരിപാടിക്ക് ആശംസകൾ നേരുകയും ചെയ്തു.
ചലച്ചിത്ര, പിന്നണിഗാന, മിമിക്രി മേഖലകളിലെ പ്രമുഖരായ നാദിർഷാ, അനുശ്രീ, അബു സലീം, ഹരീഷ് കണാരൻ, നിർമൽ പാലാഴി, കണ്ണൂർ ഷരീഫ്, കണ്ണൂർ സീനത്ത്, ഷാഫി കൊല്ലം, താജുദ്ദീൻ വടകര, മുസ്തഫ, സലീം കോടത്തൂർ അടക്കമുള്ളവരായിരുന്നു ഷോയുടെ മുഖ്യ ആകർഷണം.
നിസാർ വയനാട് സ്മാരക കലാസമിതിയാണ് നിസാർ വയനാട് മെഗാഷോ സംഘടിപ്പിച്ചത്.
ഏറനാട് കുറീസ് ടൈറ്റിൽ സ്പോൺസറും മാതൃഭൂമി സഹസ്പോൺസറുമായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു പരിപാടി തുടങ്ങിയത്. രാത്രിയോടെ കൂടുതൽ ആളുകളെത്തി.
പാട്ടുകളും സ്കിറ്റുകളുമായി വർണവെളിച്ചത്തിൽ നിസാർ വയനാട് മെഗാഷോ കളറായി.