ചീരാൽ വെള്ളച്ചാൽ തോട്ടിൽ അജ്ഞാതമൃതദേഹം കണ്ടെത്തി

സുൽത്താൻബത്തേരി : ചീരാൽ വെള്ളച്ചാൽ ഉന്നതിയുടെ ഭാഗത്ത് വെള്ളച്ചാൽ തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് 45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.

തോട്ടിലെ കുറ്റിച്ചെടികൾക്കിടയിൽ തങ്ങിയ നിലയിലായിരുന്നു. ഇടതുകാലിൽ ചരടും ഇടംകൈയിൽ പച്ചകുത്തിയ അടയാളവുമുണ്ട്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് നിഗമനം. കേരളം-തമിഴ്‌നാട് അതിർത്തി പങ്കിടുന്ന തോടാണിത്. അഞ്ചുദിവസം മുൻപ് കനത്തമഴയിൽ തോട്ടിൽ വെള്ളം പൊങ്ങിയിരുന്നു. അതിൽ തമിഴ്‌നാട് ഭാഗത്തുനിന്ന് ഒഴുകിവന്നതാകാമെന്ന സംശയത്തിൽ തമിഴ്‌നാട് അതിർത്തി പോലീസ് സ്റ്റേഷനുകളിലും വിവരം നൽകിയിട്ടുണ്ട്. ബത്തേരി അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം കരയിലേക്ക് എടുത്തത്. തുടർന്ന് നൂൽപ്പുഴ എസ്.ഐ. പി.പി. അഖിലിന്റെ നേതൃത്വത്തിൽ മൃതദേഹപരിശോധന നടത്തി. ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മുങ്ങി മരിച്ചതാണെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം.