മുള്ളൻകൊല്ലി-മരക്കടവ്-പെരിക്കല്ലൂർ റോഡ് നിർമാണപ്രവൃത്തി പാതിവഴിയിൽ

പുല്പള്ളി : 15 കോടി രൂപയുടെ റോഡ് വികസനം പാതിവഴിയിൽ നിലച്ചുപോയിട്ട് ഒന്നരവർഷം പിന്നിട്ടു; ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കണ്ണടച്ചിരിക്കുകയാണെന്ന് നാട്ടുകാർ. പാതിയിൽ മുടങ്ങിയ, മുള്ളൻകൊല്ലി-മരക്കടവ്-പെരിക്കല്ലൂർ റോഡിന്റെ നിർമാണപ്രവൃത്തികളാണ് ഒന്നരവർഷമായി അനിശ്ചിതത്വത്തിൽ തുടരുന്നത്.

കേന്ദ്രസർക്കാരിന്റെ ഭാരത്‌മാല പദ്ധതിയിലുൾപ്പെടുത്തി 15 കോടി രൂപ ചെലവിലാണ് 13.4 കിലോമീറ്റർ ദൂരത്തിൽ മുള്ളൻകൊല്ലിയിൽ നിന്നാരംഭിച്ച് പാടിച്ചിറ, കബനിഗിരി, മരക്കടവ് വഴി പെരിക്കല്ലൂരിലേക്ക് ആധുനികരീതിയിൽ റോഡ് നിർമിക്കുന്നത്. ദേശീയപാത അതോറിറ്റിക്കാണ് റോഡ് നിർമാണത്തിന്റെ മേൽനോട്ടച്ചുമതല. 2024-ലാണ് റോഡ് നിർമാണം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ റോഡ് മുഴുവൻ പൊളിച്ചിട്ടെങ്കിലും ജൽജീവൻ മിഷന്റെ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികളുമായി ബന്ധപ്പെട്ട തർക്കത്തെ ത്തുടർന്ന് ഒരു വർഷത്തോളം പ്രവൃത്തികളൊന്നും നടന്നില്ല. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന്, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരുമായി പലതവണ ചർച്ച നടത്തിയശേഷമാണ്, മുടങ്ങിപ്പോയ ഈ റോഡിന്റെ നിർമാണപ്രവൃത്തികൾ 2025 ആദ്യം പുനരാരംഭിച്ചത്. ആദ്യഘട്ട ടാറിങ് നടത്തിയെങ്കിലും പിന്നീട് പ്രവൃത്തികളൊന്നും നടന്നിട്ടില്ല.

ആദ്യഘട്ട ടാറിങ് പൂർത്തിയാക്കി, ഒരു മാസത്തിനുള്ളിൽത്തന്നെ പലയിടത്തും റോഡിന്റെ ടാറിങ് ഇളകിമാറി ഗർത്തങ്ങൾ രൂപപ്പെട്ടുതുടങ്ങിയിരുന്നു. പാടിച്ചിറ പള്ളി പരിസരം, വാഴക്കവല തുടങ്ങിയ സ്ഥലങ്ങളിൽ റോഡ് പാടെ നശിച്ചു. റോഡ് പലസ്ഥലത്തും ഇടിഞ്ഞു താഴുകയും അടിത്തറ തകരുകയുംചെയ്തിട്ടുണ്ട്. റോഡിന്റെ നിർമാണം അശാസ്ത്രീയമാണെന്ന് തുടക്കത്തിലേ ആക്ഷേപങ്ങളുയർന്നിരുന്നു. കരാർപ്രകാരം റോഡുനിർമാണത്തിന്റെ മുന്നോടിയായി പൂർത്തിയാക്കേണ്ട അടിസ്ഥാനപ്രവൃത്തികളൊന്നും നടത്താതെയാണ് ആദ്യഘട്ട ടാറിങ് നടത്തിയതെന്നാണ് നാട്ടുകാരുടെ പരാതി. എസ്റ്റിമേറ്റ് പ്രകാരം ഏഴിടത്ത് കലുങ്കുകളും ആറിടത്ത് ഓവുചാലുകളും നിർമിക്കണമെന്നാണുള്ളത്. എന്നാൽ, ഈ പ്രവൃത്തികളൊന്നും നടത്താതെയാണ് റോഡിന്റെ ആദ്യഘട്ട ടാറിങ് പൂർത്തിയാക്കിയതെന്നാണ് ആരോപണം. റോഡിന്റെ സംരക്ഷണഭിത്തിയുടെ നിർമാണപ്രവൃത്തികളും നടത്തിയിട്ടില്ല. കെയറോഫ് കവലയിലെ റോഡിന്റെ വശം ഇടിഞ്ഞുതാഴ്ന്ന് അപകടാവസ്ഥയിലാണ്. ഈ റോഡ് കടന്നുപോകുന്ന പഞ്ഞിമുക്കിലെ അരനൂറ്റാണ്ടു പിന്നിട്ട പാലം അപകടാവസ്ഥയിലാണ്. ഈ ഭാഗത്ത് റോഡിനും വീതി കുറവാണ്. അപകടാവസ്ഥയിലായ പാലം പൊളിച്ചുപണിയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

റോഡിന് വീതികൂട്ടിയപ്പോൾ, ഗതാഗതത്തിന് തടസ്സമായി റോഡിലേക്കിറങ്ങി നിൽക്കുന്ന വൈദ്യുതക്കാലുകളും ഇതുവരെ മാറ്റിസ്ഥാപിച്ചിട്ടില്ല. വൈദ്യുതിക്കാലുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള തുക കെ.എസ്.ഇ.ബി.ക്ക്‌ പൊതുമരാമത്ത് വകുപ്പ് നൽകാത്തതാണ് പ്രതിസന്ധിക്കു കാരണം. കെ.എസ്.ഇ.ബി. 2.27 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയെങ്കിലും പൊതുമരാമത്തു വകുപ്പ് തുക അടച്ചില്ല. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി. അധികൃതർ പലതവണ പൊതുമരാമത്ത് വകുപ്പിനെ ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഈ വിഷയം കളക്ടറുടെ ശ്രദ്ധയിൽപ്പെട്ടതോടെ അടുത്തിടെ പ്രദേശത്ത് സംയുക്ത പരിശോധന നടത്തിയിരുന്നു.