പൊഴുതനയുടെ കായികസ്വപ്നങ്ങൾക്ക് ചിറകേകി ഇൻഡോർ ഷട്ടിൽ സ്റ്റേഡിയം

കല്പറ്റ : കായിക സ്വപ്നങ്ങൾക്ക് അതിരുകളില്ലെന്ന് തെളിയിക്കാൻ ഇനി പൊഴുതനയിലെ കുട്ടികൾക്കും യുവജനങ്ങൾക്കും സ്വന്തംമണ്ണിൽ ഒരിടം.
പൊഴുത ഗ്രാമപ്പഞ്ചായത്തിന്റെ കായികവികസനത്തിന് പുതിയ ചുവടുവെപ്പായി നിർമിച്ച ഇൻഡോർ ഷട്ടിൽ സ്റ്റേഡിയം ഉദ്ഘാടനം മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.
ഗ്രാമീണമേഖലകളിലെ കായികസൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഫുട്ബോൾ, ബാഡ്മിന്റൺ, വോളിബോൾ, നീന്തൽ തുടങ്ങിയ കായിക ഇനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ തദ്ദേശസ്ഥാപനങ്ങൾ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. യുവതലമുറയെ കായികരംഗത്തേക്ക് ആകർഷിക്കുന്നതിലൂടെ ലഹരിക്കെതിേര പ്രതിരോധം ശക്തിപ്പെടുത്താനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കായികരംഗത്ത് അടിസ്ഥാന സൗകര്യവികസനത്തിൽ പുതിയ അധ്യായം കുറിക്കുന്ന സ്റ്റേഡിയം തോട്ടം മേഖലയിലെയും ഗോത്രമേഖലയിലെയും യുവജനങ്ങൾക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്. 2019-ൽ തുടക്കമിട്ട പദ്ധതിയാണ് പ്രതിസന്ധികൾ അതിജീവിച്ച് യാഥാർഥ്യമായത്. സ്ഥലലഭ്യതയുമായി ബന്ധപ്പെട്ടും വിവിധ വകുപ്പുകളുടെ അനുമതികളും കെട്ടിടത്തിന്റെ ഉയരവുമായി ബന്ധപ്പെട്ട സാങ്കേതിക നിയന്ത്രണങ്ങളും നിർമാണത്തിന് തടസ്സമായി.
പൊഴുതന ഗ്രാമപ്പഞ്ചായത്തിലെ കെട്ടിടങ്ങളുടെ ഉയരപരിധിയിൽ പ്രത്യേക ഇളവ് ലഭിച്ചതോടെയാണ് നിർമാണം പൂർത്തിയാക്കിയത്. 2018-19 വർഷത്തെ പ്രളയനിരപ്പിൽനിന്ന് ഉയർത്തിയാണ് കെട്ടിടത്തിന്റെ തറ നിർമിച്ചിരിക്കുന്നത്. 212 ചതുരശ്ര മീറ്റർ വിസ്തീർണവും 11 മീറ്റർ ഉയരവുമുള്ള സ്റ്റേഡിയത്തിൽ സിന്തറ്റിക് മാറ്റ് വിരിച്ച ഷട്ടിൽ കോർട്ടാണ് ഒരുക്കിയത്. 47.79 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. പദ്ധതി പൂർത്തീകരണത്തിന് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ, മുൻഭരണസമിതി, ത്രിതല പഞ്ചായത്തുകളുടെ പിന്തുണയും പദ്ധതിക്ക് കരുത്തായി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ നാസർ കാതിരി അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധാ അനിൽ, സ്ഥിരംസമിതിയധ്യക്ഷന്മാരായ എ. രാജേന്ദ്രൻ, ആരിഷ സലാം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, വാർഡംഗം എൻ.പി. സാബിറ, പഞ്ചായത്ത് സെക്രട്ടറി അനീഷ് പോൾ എന്നിവർ പങ്കെടുത്തു.