ശബരിമലയിൽ കിഫ്ബി വഴി ആധുനിക സൗകര്യങ്ങൾ, ഇടത്താവളങ്ങളുടെ മുഖച്ഛായ മാറുന്നു- മന്ത്രി വി.എൻ. വാസവൻ

ശബരിമല തീർഥാടകർക്ക് കിഫ്ബി വഴി ആധുനിക സൗകര്യങ്ങൾ ഒരുക്കുകയാണെന്നും ഇടത്താവളങ്ങളുടെ മുഖച്ഛായ തന്നെ മാറുന്ന പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്നും മന്ത്രി വി.എൻ. വാസവൻ. 'എരുമേലി, നിലയ്ക്കൽ, ചെങ്ങന്നൂർ, കഴക്കൂട്ടം, ആറ്റിങ്ങൽ തുടങ്ങിയ പ്രദേശങ്ങളിലെ ഇടത്താവളങ്ങൾക്കായി കിഫ്ബി 146 കോടി രൂപ അനുവദിച്ചിരുന്നു. നിലയ്ക്കലിലെ പദ്ധതി ഉദ്ഘാടനം ചെയ്തു. എരുമേലിയിൽ അടുത്തമാസം ഉദ്ഘാടനം ചെയ്യുമെന്നും ബാക്കിസ്ഥലങ്ങളിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമലയിൽ 775 കോടി രൂപയുടെയും പമ്പയിൽ ഏതാണ്ട് 200 കോടി രൂപയുടെയും വികസനത്തിനാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. ശബരിമലയിൽ റോപ് വേ നിർമാണം ഉടൻ ആരംഭിക്കും. അതോടെ ഡോളി സമ്പ്രദായം അവസാനിക്കും. ഭക്തരെയും സാധനങ്ങളും ചുമന്നും ട്രാക്ടറിലും കൊണ്ടുപോകുന്നത് അവസാനിപ്പിച്ച് റോപ് വേയിലേക്ക് മാറും. പ്രായംചെന്നവർക്കും മറ്റും ഇത് ഗുണം ചെയ്യും,' അദ്ദേഹം പറഞ്ഞു.

'കോട്ടയം ജില്ലയിൽ ഏതാണ്ട് 2,739 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസനപദ്ധതികൾ കിഫ്ബി ഫണ്ടുവഴി നടപ്പാക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിനു തന്നെ 800 കോടിയിൽപ്പരം രൂപ അനുവദിച്ചിട്ടുണ്ട്. ഏറ്റുമാനൂരിലെ 92 കോടി രൂപയുടെ കുടിവെള്ള പദ്ധതിയാണ് മറ്റൊരു നേട്ടം,' മന്ത്രി വിശ​ദമാക്കി.

Content Highlights: Sabarimala Modernization: KIIFB`s ₹146 Crore Project