സ്വപ്‌നതുല്യം ഈ തിരിച്ചുവരവ്; പാഠപുസ്തകമാക്കണം ഈ പെൺപുലികളെ | Indian Women Hockey Team

വിധി എന്നൊന്നുണ്ടോ? ഇല്ലെന്ന് തറപ്പിച്ചുപറഞ്ഞ ഒരാളുണ്ട്. ഒരു ഡച്ചുകാരൻ. എട്ട് കൊല്ലം മുൻപ് ലണ്ടനിൽ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അയർലൻഡിനോട് തോറ്റ് ഗ്രൗണ്ടിലിരുന്ന് വിങ്ങിപ്പൊട്ടിക്കരഞ്ഞ അന്നത്തെ ക്യാപ്റ്റൻ റാണി രാംപാലിനോടും സംഘത്തോടും സോർദ് മാരിനെ എന്ന ഡച്ച് പരിശീലകന് ഒരൊറ്റ കാര്യമേ പറയാനുണ്ടായിരുന്നുള്ളൂ. 'വിധിയെന്ന് കരുതി ഇങ്ങനെ കരഞ്ഞിരിക്കരുത്. ഈ കണ്ണീർ നിങ്ങളുടെ ആത്മവിശ്വാസത്തിന്റെ തെളിവാണ്. കാത്തിരിക്കൂ, നിങ്ങൾ സ്വയം അഭിമാനം കൊള്ളുന്ന ഒരു ദിവസം വരും.' എട്ട് വർഷത്തിനുശേഷം ഇതാ മാരിനെ പ്രവചിച്ച ആ ദിനം. കളിക്കാർ സ്വയം അഭിമാനം കൊള്ളുകയല്ല, ഒരു രാജ്യമൊന്നടങ്കം അവരെയോർത്ത് അഭിമാനം കൊണ്ട ദിവസം. 44 വർഷത്തിനുശേഷം ഇന്ത്യൻ വനിതകൾ ഏഷ്യൻ ഗെയിംസ് ഹോക്കി സ്വർണമണിഞ്ഞ് നെഞ്ചുവിരിച്ച് നിൽക്കുന്നു. സ്വർണം മാത്രമല്ല, ഒളിമ്പിക് യോഗ്യതകൂടിയുണ്ട് ഈ നേട്ടത്തിൽ. നാലു വർഷത്തിനുശേഷം ചാരത്തിൽ നിന്നുള്ള സ്വപ്നതുല്ല്യമായ തിരിച്ചുവരവ്. ഈ ഏഷ്യൻ ഗെയിംസിൽ ഏറ്റവുമധികം മനസ് നിറച്ചൊരു സ്വർണനേട്ടം ഏതാണെന്ന് ചോദിച്ചാൽ നിസ്സംശം പറയാം. അത് ഈ പെൺകുട്ടികളുടേതാണ്.
അതിശയകരമാണ് അവരുടെ നേട്ടം. അത്ഭുതകരമാണ് തകർച്ചയിൽനിന്ന് കോച്ച് മാരിനെയുടെ മാന്ത്രികക്കൈ പിടിച്ച് അവർ നടത്തിയ തിരിച്ചുവരവ്. ജീവിതത്തിൽ തോറ്റുപോയവർക്ക്..... ആശയറ്റുപോയവർക്കുള്ള പാഠപുസ്തകമാണ് ഈ പെൺകുട്ടികളുടെ കഥ. വാക്കിന്റെ മാജിക് കൊണ്ട് അവരെ മാറ്റിമറിച്ച ഡച്ചുകാരൻ മാരിനെയുടെ കഥ. നഗോയയിൽ അവർ സ്വന്തമാക്കിയ ഇരട്ടനേട്ടത്തിന്റെ മാറ്ററിയണമെങ്കിൽ, കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി ഇവർ കടന്നുവന്ന വഴികൾ കൂടി അറിയണം. കണ്ണീരും കിനാവും കൊണ്ടെഴുതിയ അവരുടെ ജീവിതകഥകൾ കൂടി അറിയണം. ചക് ദേ ഇന്ത്യയിൽ കണ്ടതിനേക്കാൾ വലിയ ബ്ലോക്ക്ബസ്റ്റർ കഥ.

Content Highlights: Indian Women's Hockey team's historic Asian Games gold medal, achieving Olympic qualification after 44 years.