ഏതു രാത്രിയിലും ഓടിയെത്താൻ ആളുണ്ടാകുമെന്ന ഉറപ്പാണ് ഞങ്ങൾക്കിവിടം

പരാതികളല്ല, പരിഹാരമാണ് ഇവര്‍ കണ്ടെത്തിയത്. അതും ഒറ്റക്കല്ല, കൂട്ടമായി. ഏറെക്കുറെ ഒരേ തരത്തില്‍ ചിന്തിക്കുന്ന 15 കുടുംബങ്ങള്‍. 15 കുടുംബങ്ങളിലായി 30 താമസക്കാര്‍. ഇവര്‍ക്കെല്ലാം ഭക്ഷണം പാകം ചെയ്യാനായി ഒരേയൊരു അടുക്കള. ഇതാണ് സിനര്‍ജി ഹോംസ്. മറ്റു പ്രാരാബ്ദങ്ങളൊക്കെ കഴിഞ്ഞ് റിട്ടയര്‍മെന്റ് ജീവിതം രണ്ട് പേര്‍ മുഖത്തോട് മുഖം നോക്കി ഇരിക്കുന്ന വിരസതക്ക് പകരം ജീവിതം കൂട്ടുകാരുമൊത്താക്കിക്കൂടേ എന്ന ചിന്തയാണ് പിന്നീട് ഒറ്റ കുടുംബം എന്ന ആശയമായി മാറിയത്.
2014 ല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി എംജി സര്‍വകലാശാല സംഘടിപ്പിച്ച ശില്പശാലയില്‍ കണ്ടുമുട്ടിയവരാണിവര്‍. ഇതില്‍ പങ്കെടുത്തവര്‍ 2015 ല്‍ ഒരു സംഘടനക്ക് രൂപം നല്‍കി. ടിസിഐ ഫോറം ഫോര്‍ സീനിയര്‍ സിറ്റിസണ്‍ (സിനര്‍ജി. പിന്നീട് അവര്‍ യാത്രകളിലൂടെയും പാട്ടുകൂട്ടം പോലുള്ള പരിപാടികളുടെയും ഒത്തുചേര്‍ന്നു. 60 വയസ്സിന് മുകളിലുള്ളവരാണ് ഇവിടുത്തെ താമസക്കാരായ 15 കുടുംബങ്ങളില്‍ ഉള്ളവരും. ഒരാള്‍ക്ക് വയ്യാതെ ആയാലും ഏതു രാത്രിയിലും സഹായത്തിന് ആളുണ്ടാവുമെന്നതാണ് കൂട്ടായ്മയിലേക്ക് ഇവരെ അടുപ്പിക്കുന്നത്.
ഒരു വീട്ടില്‍ തന്നെ പല മെനു ഉള്ള ഈ കാലഘട്ടത്തില്‍ 15 വീട്ടുകാര്‍ക്കായി ഒറ്റ അടുക്കള എന്ന ആശയമാണ് സിനര്‍ജി ഹോംസിനെ വ്യത്യസ്തമാക്കുന്നത്. കോട്ടയം പാലായില്‍ നിന്ന് രാമപുരം പോകുന്ന വഴി അന്ത്യാളം എന്ന സ്ഥലത്താണ് സിനര്‍ജി ഹോംസ് സ്ഥിതി ചെയ്യുന്നത്. 1 മുക്കാല്‍ ഏക്കര്‍ സ്ഥലം വാങ്ങി 5 സെന്റ് വീതം ഓരോ കുടുംബത്തിനും ആയി വീതിച്ചു. 750 സ്‌ക്വയര്‍ ഫീറ്റ് ഉള്ള 15 വീടുകളാണ് ഇതില്‍ നിര്‍മ്മിച്ചത്. ബാക്കി സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. അത് സൊസൈറ്റിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിവിധ ദേശങ്ങളില്‍ നിന്നു വന്ന് ഒരുമിച്ചു താമസിക്കുന്ന ഈ കുടുംബങ്ങളെ കാണാനും ഈ ആശയത്തെക്കുറിച്ച് പഠിക്കാനും കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഒട്ടേറെ ആള്‍ക്കാരാണ് ദിവസവും ഇവിടെ എത്തിച്ചേരുന്നത്. വലുതാകുമ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒരുമിച്ച താമസിക്കണമെന്ന് നമ്മളൊക്കെ ആഗ്രഹിച്ചിട്ടില്ലേ, ആ കുഞ്ഞുമനസ്സുകളുടെ സ്വപ്‌നം ഈ വയോജനങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണ്.
Content Highlights: Synergy Homes: Shared Retirement Living