പരിശോധനകളിൽ രോഗമില്ല, പക്ഷേ അസഹനീയ വേദന; ഒടുവിൽ നൃത്തത്തിലൂടെ ജീവിതം തിരിച്ചുപിടിച്ച് അരുണ
പെട്ടെന്ന് ഒരു ദിവസം കാലിന് ഉണ്ടായ വേദനയിൽ നിന്നാണ് അരുണയുടെ ജീവിതം മാറിമറിയുന്നത്. എഴുന്നേൽക്കാൻ പോലും സാധിക്കാതിരുന്ന വേദനയുടെ കാരണം കണ്ടെത്താൻ ഡോക്ടർമാർക്ക് പോലും സാധിച്ചില്ല. ഫൈബ്രോമയാൾജിയയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിലും പൂർണമായി അതാണെന്ന് പറയാനും സാധിക്കില്ല. കൃത്യമായി ചികിത്സയില്ല, മരുന്നില്ല. പെയിൻ കില്ലറുകൾ കഴിച്ച് വേദന അൽപമൊന്ന് കുറയ്ക്കാമെന്ന് മാത്രം. പ്രിയപ്പെട്ട നൃത്തവും ഫിറ്റ്നസുമെല്ലാം മാറ്റിവെച്ച് വേദന സഹിച്ചൊരു ജീവിതം പക്ഷേ അരുണ തിരഞ്ഞെടുത്തില്ല. അവൾ തന്റെ സ്വപ്നങ്ങൾക്ക് പിറകെ കാലുകൾ ചലിപ്പിച്ചു. സമയമേറെ എടുത്ത് ചെറിയ ചെറിയ ചുവടുകൾ. ഇന്ന് ആ യാത്ര എത്തിനിൽക്കുന്നത് ഗ്രൂവ് വിത്ത് എജെ എന്ന സ്ഥാപനത്തിന് മുന്നിലാണ്. അരുണ ബോളിഎക്സ് എന്ന ഡാൻസ് ഫിറ്റ്നസ് പ്രോഗ്രാമിന്റെ പരിശീലക വേഷത്തിലും.
മൂന്നുനേരം മരുന്ന് കഴിക്കാതെ എഴുന്നേൽക്കാനും ഡാൻസ് കളിക്കാനുമൊന്നും കഴിയില്ല. പക്ഷേ വിധിയെ പഴിച്ചിരിക്കാതെ എല്ലാ പരിമിതികളെയും നൃത്തം കൊണ്ടും മനകരുത്തുകൊണ്ടും തോൽപ്പിച്ച് മുന്നേറുകയാണ് ഇന്ന് അരുണ. ‘പരിമിതികൾ എല്ലാവർക്കുമുണ്ട്... പക്ഷേ അതിനുമപ്പുറത്തേക്ക് എന്തുചെയ്യാനാകുമെന്ന് ആഗ്രഹിച്ചുകൊണ്ടേയിരിക്കുക, അപ്പോൾ നിങ്ങൾക്കത് ചെയ്യാനാവും’,വെറുതെ വാക്കുകൾ കൊണ്ട് പറയുകയല്ല സ്വന്തം ജീവിതം കൊണ്ട് അരുണ തെളിയിച്ച കാര്യമാണിത്.
Content Highlights: Aruna suffered from undiagnosed severe leg pain and fibromyalgia symptoms. Faced with no cure and reliance on painkillers, she refused to give up her passion. She founded 'Groove with AJ' and became a certified BollyEx dance fitness trainer. Her journey proves that mental strength and passion can overcome physical limitations.