ഭീതിയൊഴിഞ്ഞു, ഷേര്‍യാര്‍ റിട്ടേണ്‍സ്; കൂട്ടിലേക്ക് ഓടിക്കയറുന്ന വീഡിയോ പുറത്ത്

രണ്ട് രാത്രിയും മൂന്ന് പകലും നീണ്ട തിരച്ചിലിനൊടുവില്‍, ഒന്നും സംഭവിക്കാത്ത മട്ടില്‍ ആ രാജാവ് തിരിച്ചെത്തിയിരിക്കുന്നു. ആരുടേയും പ്രേരണയില്ലാതെ അനുസരണയോടെ തന്റെ കൂട്ടിലേക്ക് തിരികെ കയറിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ വണ്ടല്ലൂര്‍ മൃഗശാലയില്‍നിന്നും കാണാതായ ഷേര്‍യാര്‍ എന്ന സിംഹം. കൂട്ടിനകത്തേക്ക് ഓടിയെത്തുന്ന സിംഹത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നടന്‍ ശിവകാര്‍ത്തികേയന്‍ ദത്തെടുത്ത സിംഹമാണിത്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ മൃഗശാലകളില്‍ ഒന്നായ വണ്ടല്ലൂര്‍ മൃഗശാലയില്‍നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഞ്ചര വയസ്സുള്ള ഷേര്‍യാറിനെ കാണാതാകുന്നത്. മൃഗശാലയിലെ സഫാരി മേഖലയിലേക്ക് തുറന്നുവിട്ടതായിരുന്നു സിംഹത്തെ. എന്നാല്‍ രാത്രി ഭക്ഷണ സമയം കഴിഞ്ഞിട്ടും സിംഹം തിരിച്ചെത്തിയില്ല. ഇതോടെ മൃഗശാലയിലെ 50 ഏക്കര്‍ പരിധിയില്‍ ഡ്രോണുകളും തെര്‍മല്‍ ഇമേജിങ് ക്യാമറകളും ഉള്‍പ്പെടെ ഉപയോഗിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കി. ഇതിനിടെയാണ് തിങ്കളാഴ്ച വൈകീട്ടോടെ സിംഹം കൂട്ടിലേക്ക് തിരിച്ചെത്തിയത്.

സിംഹം തിരിച്ചെത്തിയതോടെ സമീപപ്രദേശങ്ങളിലെ ജനങ്ങളും ആശ്വാസത്തിലാണ്. മൃഗശാലയിലെ സഫാരി പ്രദേശം ഉയര്‍ന്ന ഇരുമ്പുവേലി കൊണ്ട് സുരക്ഷിതമാണെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും സിംഹം ജനവാസ മേഖലയിലേക്ക് എത്തുമെയെന്ന ഭീതിയിലായിരുന്നു പ്രദേശവാസികള്‍. സിംഹത്തെ കാണാതായതോടെ മൃഗശാലയില്‍ താത്ക്കാലികമായി നിര്‍ത്തിവെച്ച സഫാരിയും ഉടന്‍ പുനരാരംഭിച്ചേക്കും. ഏതായാലും തിരിച്ചെത്തിയ സിംഹം പൂര്‍ണ ആരോഗ്യവാനാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Content Highlights: missing lion sheryar returns