'പോരുന്നോ എന്റെ കൂടെ ?'; 'റോബോ കണ്‍വിന്‍സിങ് സ്റ്റാറി'ന്റെ പിന്നാലെ പോയത് 12 റോബോട്ടുകൾ

ജോലിയൊക്കെ ചെയ്ത് നമ്മൾ മടുത്തിരിക്കുമ്പോൾ അത് നിർത്തി കൂടെ വരാൻ പറയുന്ന സുഹൃത്തുണ്ടോ നിങ്ങൾക്ക്? ആ സമയത്ത് ആരാണ് കൂടെപോകാത്തത് അല്ലെ. കഴിഞ്ഞ ദിവസം ചൈനയിലും അങ്ങനെയൊരു സംഭവമുണ്ടായി. പോരുന്നോ എന്റെ കൂടെ എന്ന് ചോദിച്ചതെ ഓർമയുള്ളൂ ഉടനെ ഇറങ്ങി വന്നത് ഒന്നും രണ്ടുമല്ല 12 ജോലിക്കാരാണ്. ചോദിച്ചതും ഇറങ്ങിവന്നതുമൊക്കെ മനുഷ്യരല്ല റോബോട്ടുകളാണെന്നുമാത്രം.
ഷാങ്ഹായിലെ ഒരു റോബോട്ടിക്സ് കമ്പനിയിലാണ് സംഭവം. ഓവർടൈം ജോലിചെയ്യുകയായിരുന്ന 12 റോബോട്ടുകളെ ഒരു കുഞ്ഞൻ റോബോട്ടാണ് കൂടെകൊണ്ടുപോയത്. കമ്പനിയിൽ രാത്രി ഒന്നു കറങ്ങാനിറങ്ങിയതാണ് എ.ഐ. അധിഷ്ഠിത കുഞ്ഞൻ റോബോട്ടായ ‘എർബായ്.’ ജോലിയിലായിരുന്ന മറ്റ് 12 റോബോട്ടുകളുമായി എർബായ് സംഭാഷണത്തിലേർപ്പെട്ടു. നിങ്ങൾ ഓവർടൈം ചെയ്യുകയാണോ എന്ന് അവരോടു ചോദിച്ചു. ‘ഞങ്ങൾക്ക് ഓഫ് കിട്ടാറില്ല’ എന്നായിരുന്നു അവയുടെ മറുപടി. അപ്പോൾ വീട്ടിൽ പോകാറില്ലേ എന്നായി എർബായ്. ഞങ്ങൾക്ക് വീടില്ല എന്ന് മറുപടികിട്ടിയതോടെ, എന്നാൽ, എന്റെകൂടെ പോന്നോളൂ എന്ന് കുഞ്ഞൻ റോബോട്ട്. ഇതുകേട്ടതും 12 റോബോട്ടുകളും’ എർബായിക്കു പുറകേപോയി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഹാങ്ചൗവിലെ യുനിട്രീ റോബോട്ടിക്സാണ് എർബായിയുടെ നിർമാതാക്കൾ. മറ്റൊരു കമ്പനിയിലെ ഷോറൂമിൽനിന്നാണ് 12 റോബോട്ടുകളെ ഈ വിരുതൻ തട്ടിക്കൊണ്ടുപോയത്. ഇരു കമ്പനികളും ദൃശ്യങ്ങൾ വ്യാജമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ റോബോട്ടുകളുടെ സിസ്റ്റത്തിലെ ഒരു സുരക്ഷാവീഴ്ചകാരണമാണ് എർബായ് വന്ന് വിളിച്ചയുടൻ റോബോട്ടുകൾ പുറകെപോയതെന്നാണ് കണ്ടെത്തൽ.