സാമൂഹികസമർദങ്ങൾക്ക് വഴങ്ങാത്ത റിബലുകൾ; ഇൻട്രോവേർട്ടല്ല, എക്സ്ട്രോവേർട്ടല്ല, ഇവരാണ് ഒട്രോവേർട്ട്

ഇന്‍ട്രോവേര്‍ട്ട്, എക്സ്ട്രോവേര്‍ട്ട്, പിന്നെ രണ്ടും കൂടിയ ആംബിവേര്‍ട്ട്...ഇവരെ ഒക്കെ നമുക്കറിയാം. എന്നാല്‍ ഒട്രോവേര്‍ട്ടുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? അത്ര ഫെയ്മസല്ലെങ്കിലും ഒട്രോവേര്‍ട്ടുകള്‍ ഒട്ടും മോശക്കാരല്ല. ചുരുക്കിപ്പറഞ്ഞാല്‍ നല്ല നിരീക്ഷണപാടവവും വ്യക്തിബോധവുമുള്ള ഇമോഷണലി ഡിപ്പന്‍ഡല്ലാത്ത വ്യക്തികളാണ് ഒട്രോവേര്‍ട്ടുകള്‍. വേറൊരു തരത്തില്‍ പറഞ്ഞാല്‍ ഇന്‍ട്രോവേര്‍ട്ടല്ല പക്ഷേ, ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടമുള്ള സ്വന്തം കമ്പനി ഏറ്റവും ആസ്വദിക്കുന്ന എന്നാല്‍ ഗ്യാങ്ങുകളിലും ഗ്രൂപ്പിലുമൊക്കെ സജീവമായിട്ടുള്ളവര്‍.
സൈക്യാട്രിസ്റ്റായ റാമി കമിന്‍സ്‌കിയാണ് ഒട്രോവേര്‍ട്ടുകളെ ഡിഫൈന്‍ ചെയ്തത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഒട്രോവേര്‍ട്ടുകള്‍ സ്ട്രോങ് പേഴ്സണാലിറ്റികളാണ്. ചുറ്റുപാടുമായി പൊരുത്തപ്പെടുന്നവരാണ് സമൂഹജീവിയായി നാം കണക്കാക്കുന്നത്. അത് ചിലപ്പോള്‍ ഇഷ്ടപ്പെട്ടുള്ളതാവാം...ഇഷ്ടപ്പെടാതെയുമാകാം. എന്നാല്‍ ഇത്തരം സാമൂഹിക സമ്മര്‍ദങ്ങള്‍ക്കൊന്നും വഴങ്ങാതെ റിബലായി നിന്ന് ഫൈറ്റ് ചെയ്യുന്നവരാണ് പിന്നീട് ഒട്രോവേര്‍ട്ടുകള്‍ ആവുന്നതെന്നാണ് കമിന്‍സ്‌കിയുടെ അഭിപ്രായം. അതായത് രണ്ട് പ്രധാന പ്രത്യേകതകളാണ് അവരെ യുണീക്ക് ആയി നിര്‍ത്തുന്നത്. ഇമോഷണല്‍ ഇന്‍ഡിപെന്‍ഡന്‍സും ഒറിജിനല്‍ തിങ്കിങ്ങും.
പൊതുധാരണകളോട് ഇവര്‍ക്കത്ര താത്പര്യം കാണില്ല. പിന്നെ ഈ ഫിയര്‍ ഓഫ് മിസ്സിങ് ഔട്ട് ഫീലൊന്നും കാണില്ല. ഏത് ഗ്യാങ്ങില്‍ പെട്ടാലും ഗ്രൂപ്പില്‍ പോയാലും ഇവര്‍ക്ക് സ്വന്തമായ അഭിപ്രായമായവുമുണ്ടായിരിക്കും. അതായത് സ്വാധീനിക്കപ്പെടുന്നവരല്ലെന്ന്. എല്ലാത്തിനും കൃത്യമായ അഭിപ്രായവും ആശയങ്ങളും ഉള്‍ക്കാഴ്ചയും ഇവര്‍ക്കുണ്ടാകും.മറ്റുള്ളവരെന്ത് ചിന്തിക്കുന്നു പറയുന്നു എന്നതനുസരിച്ച് ഒരു തീരുമാനവും ഇവരെടുക്കില്ല.
മറ്റുള്ള മനുഷ്യരുമായി എളുപ്പം ഒരു ഇമോഷണല്‍ കണക്ഷന്‍ ഉണ്ടാക്കുന്നവരാണ് നമ്മളില്‍ മിക്കവരും. ബ്ലൂടൂത്ത് ഫിനോമിനന്‍ എന്നാണ് ഇതിനെ പറയുക. എന്നാല്‍ ഒട്രോവേര്‍ട്ടുകള്‍ അങ്ങനെയല്ല. അവര്‍ക്ക് ഇത്തരം ഇമോഷണല്‍ കണക്ഷനില്‍ ലോക്ക് ആവില്ല. മറ്റുള്ളവരോട് സ്‌നഹവും അടുപ്പവും സൂക്ഷിക്കും. പക്ഷേ, അത് അവരെ ബാധിക്കാന്‍ അനുവദിക്കില്ല. അതുകൊണ്ടുതന്നെ ഒട്രോവേര്‍ട്ടുകളുടെ സോഷ്യല്‍ലൈഫ് അല്‍പം സങ്കീര്‍ണമാണ്.
നേരത്തെ പറഞ്ഞപോലെ ഒട്രോവേര്‍ട്ടുകള്‍ ഒരിക്കലും ആള്‍ക്കൂട്ടത്തെ പിന്തുടരില്ല. അവര്‍ വ്യത്യസ്തരായി ചിന്തിക്കും. പലപ്പോഴും യൂണീക്കായ ചിന്തകളും ആശയങ്ങളും ഇവര്‍ സംഭാവന ചെയ്യും. ഒപ്പം നല്ല നിരീക്ഷണപാടവവും.
സ്വന്തമായി ഒരു മൂല്യബോധവും അഭിപ്രായവും ഇവര്‍ക്കെപ്പോഴും ഉണ്ടാവും. ഗ്രൂപ്പ്തിങ്ക് അല്ലെങ്കില്‍ പൊതുബോധത്തോട് അത്രചേര്‍ന്ന് നില്‍ക്കുന്നവരല്ലാത്തതിനാല്‍ തന്നെ പലപ്പോഴും അതിലെ അപകടങ്ങള്‍ ആദ്യം തിരിച്ചറിയുന്നതും ഒട്രോവേര്‍ട്ടുകള്‍ ആണ്. ഇനി നിങ്ങള്‍ക്കേറ്റവും പരിചിതനായ ഒരു ഒട്രോവേര്‍ട്ടിനെ പറയാം. ആല്‍ബേര്‍ട്ട് ഐന്‍സ്റ്റീന്‍.

Content Highlights: Otroverts: emotionally independent, original thinkers, socially unique