ഡോള്‍ഫിനുകളുടെ ശ്വാസത്തിലും മൈക്രോപ്ലാസ്റ്റിക്; ഇതാദ്യമെന്ന് ഗവേഷകര്‍
ഭാവിയിലെ ഏറ്റവും വലിയ വിപത്താണ് പ്ലാസ്റ്റിക് മാലിന്യം. അതില്‍ തന്നെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നവയാണ് മൈക്രോപ്ലാസ്റ്റിക്. വളരെ ചെറിയ കണങ്ങളായതിനാല്‍ ഇവ പെട്ടെന്ന് ശരീരത്തിലും മറ്റും കയറിപ്പറ്റുന്നു. ഇപ്പോഴിതാ സമുദ്ര സസ്തനികളായ ഡോള്‍ഫിനുകളെയും മൈക്രോപ്ലാസ്റ്റിക് ബാധിച്ചിരിക്കുകയാണ്.
ഡോള്‍ഫിനുകള്‍ ഉള്ളിലേക്ക് എടുക്കുന്ന ശ്വാസത്തില്‍ പോലും പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തല്‍. സമുദ്ര സസ്തനിയായ ഡോള്‍ഫിനുകള്‍ ശ്വാസമെടുക്കാനായി മുകളിലേക്ക് എത്തുമ്പോള്‍ ചെറു പ്ലാസ്റ്റിക് കണങ്ങളായ മൈക്രോപ്ലാസ്റ്റിക് ശ്വസിക്കുന്നതായി പഠനറിപ്പോര്‍ട്ട് പറയുന്നു.
അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പഠനം പ്ലോസ് വണ്‍ എന്ന ജേണലാണ് പ്രസിദ്ധീകരിച്ചത്. ഡോള്‍ഫിനുകളിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് ഗവേഷകര്‍.
ഫ്‌ളോറിഡ, ലുയിസിയാന എന്നീവിടങ്ങളിലെ ബോട്ടില്‍നോസ് ഡോള്‍ഫിനുകളെ പഠനവിധേയമാക്കിയാണ് ഈ പഠനറിപ്പോര്‍ട്ട് ഗവേഷകര്‍ തയ്യാറാക്കിയത്. സാംപിള്‍ ചെയ്ത 11 ബോട്ടില്‍നോസ് ഡോള്‍ഫിനുകളും പുറത്തേക്കെടുത്ത ശ്വാസത്തില്‍ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തുകയായിരുന്നു. വായുമാര്‍ഗമാണ് മൈക്രോപ്ലാസ്റ്റിക് ഡോള്‍ഫിനുകളിലേക്ക് എത്തിയതെന്ന നിഗമനത്തിലാണ് ശാസ്ത്രലോകം.
തുണി നിര്‍മിക്കാനുപയോഗിക്കുന്ന പോളീസ്റ്റര്‍ എന്ന കോമണ്‍ പോളിമറാണ് കണ്ടെത്തിയ സാംപിളുകളില്‍ അധികവും. അതേസമയം മനുഷ്യര്‍ ഉള്ളിലേക്കെടുക്കുന്ന ശ്വാസത്തില്‍ മൈക്രോപ്ലാസ്റ്റിക് ഉണ്ടോയെന്നത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ വേണ്ടിവന്നേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
ശ്വാസമെടുക്കാനും പുറത്തേക്ക് വിടാനുമുള്ള ശ്വാസകോശത്തിന്റെ ശേഷി ഡോള്‍ഫിനുകള്‍ക്ക് കൂടുതലായതിനാല്‍ അവ മൈക്രോപ്ലാസ്റ്റിക് മൂലം കൂടുതല്‍ ഭീഷണി നേരിടാന്‍ സാധ്യതയുള്ളതായി കണക്കാക്കുന്നു.
ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്കും വന്യജീവികള്‍ക്കും മൈക്രോപ്ലാസ്റ്റിക് ഭീഷണിയാണെന്ന് അടിവരയിടുകയാണ് പുതിയ പഠനം. ആഹാരത്തിലൂടെയും ജലത്തിലൂടെയും വായുവിലൂടെയും മൈക്രോ പ്ലാസ്റ്റിക് കണങ്ങള്‍ ശരീരത്തിലേക്കെത്തുന്നു. നിരവധി രോഗങ്ങള്‍ക്കും മൈക്രോപ്ലാസ്റ്റിക് കാരണമാകുന്നു.