ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിൽ ചിത്രം മുറിഞ്ഞുപോകില്ല, ഇനി ഫുള്‍ ഫ്രെയിമിൽ; പുതിയ അപ്ഡേറ്റ് വരുന്നു
ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയിടുമ്പോള്‍ ചിത്രം ക്രോപ്പായി പോവുന്നത് പലര്‍ക്കും അത്ര ദഹിക്കാറില്ല. 4:5 അനുപാതത്തിൽ ചിത്രം അപ്ലോഡ് ആവുമ്പോള്‍ ഒന്നുകില്‍ ക്രോപ്പാകും അല്ലെങ്കില്‍ വശങ്ങളില്‍ മറ്റ് നിറത്തിലുള്ള ബോര്‍ഡറുകള്‍ വരും. രണ്ടായാലും ചിത്രത്തിന്റെ ഭംഗി പോവുമെന്ന പരാതിയാണ് പൊതുവെയുള്ളത്. എന്നാല്‍ ഈ പ്രശ്‌നം പരിഹരിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇനിമുതല്‍ 3:4 അനുപാതത്തിൽ ചിത്രത്തിൽ അപ്ലോഡ് ചെയ്യാം. നിലവില്‍ യുഎസിലാണ് ഫീച്ചര്‍ ലഭ്യമാകുന്നതെങ്കിലും വൈകാതെ മറ്റ് രാജ്യങ്ങളിലും വരുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രം ക്രോപ്പ് ചെയ്യപ്പെടുമെന്ന ടെന്‍ഷന്‍ വേണ്ട. ഫുള്‍ ഫ്രെയിമില്‍ തന്നെ ചിത്രം പങ്കിടാം. 3:4 എന്നത് ഒട്ടുമിക്ക ഫോണ്‍ ക്യാമറകളിലും ഡിഫോള്‍ട്ടായിട്ടുള്ള ഫോട്ടോ സൈസാണ്. അതുകൊണ്ട് ഫോണിലെടുത്ത ചിത്രം അതേ രൂപത്തില്‍ തന്നെ ഇന്‍സ്റ്റയില്‍ അപ്ലോഡ് ചെയ്യാം. 3:4 അനുപാതത്തിലും 4:5 അനുപാതത്തിലുമുള്ള ചിത്രങ്ങള്‍ ഉദാഹരണ സഹിതം ഇന്‍സ്റ്റ ബ്രോഡ്കാസ്റ്റ് ചാനലില്‍ നല്‍കിയിട്ടുണ്ട്.