ഇനി തായ്ലൻഡിലേക്ക് പറക്കാം; ആഭ്യന്തര വിമാനടിക്കറ്റുകള്‍ സൗജന്യമായി നൽകാൻ പദ്ധതി
അവധിയാഘോഷിക്കാന്‍ വിദേശത്തേക്ക് പോകാനുള്ള പ്ലാനിലാണോ. തായ്‌ലന്‍ഡ് ലിസ്റ്റിലുണ്ടെങ്കില്‍ അത് തന്നെ ഉറപ്പിച്ചോളൂ. പറ്റിയ സമയമാണ്. വിനോദസഞ്ചാരികള്‍ക്കായി ആഭ്യന്തര വിമാനടിക്കറ്റുകള്‍ സൗജന്യമായി നല്‍കാന്‍ പദ്ധതിയിടുകയാണ് തായ്‌ലന്‍ഡ് ടൂറിസം കായികം മന്ത്രാലയം. അതുകൊണ്ട് യാത്രചെലവിനെ പറ്റി ടെന്‍ഷനാവാതെ ബാങ്കോക്കും ഫുക്കറ്റും ക്രാബിയും പോലെ തായ്‌ലന്‍ഡിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പറക്കാം. BUY INTERNATIONAL FREE THAILAND DOMESTIC FLIGHTS എന്ന പദ്ധതിയുടെ ഭാഗമായാണ് സൗജന്യ ആഭ്യന്തര ടിക്കറ്റുകള്‍ നല്‍കുന്നത്.
രാജ്യവ്യാപകമായി വിനോദസഞ്ചാരം കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സഞ്ചാരികള്‍ അധികം തിരഞ്ഞെടുക്കാത്ത സ്ഥലങ്ങളിലേക്ക് ആളുകളെ എത്തിക്കാനും ഇതുവഴി ടൂറിസം വരുമാനം വര്‍ദ്ധിപ്പിക്കാനും പദ്ധതി സഹായിക്കുമെന്നാണ് ടൂറിസം, കായിക മന്ത്രാലയത്തിന്റെ പ്രതീക്ഷ.
ഇന്ത്യയുള്‍പ്പടെ തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് രണ്ട് ആഭ്യന്തര ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കും. എയര്‍ലൈന്‍ വെബ്സൈറ്റുകള്‍, മള്‍ട്ടി-സിറ്റി ഓപ്ഷനുകള്‍, ഫ്‌ലൈ-ത്രൂ സര്‍വീസുകള്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റുമാര്‍ എന്നിവ വഴി ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് തായ്ലന്‍ഡിലേക്കുള്ള ഒരു സ്റ്റാന്‍ഡേര്‍ഡ് അന്താരാഷ്ട്ര ടിക്കറ്റ് ഉണ്ടെങ്കില്‍ ഓഫര്‍ ലഭിക്കും.
20 കിലോഗ്രാം ബാഗേജ് അലവന്‍സും ഇതില്‍ ഉള്‍പ്പെടുന്നു. തായ് എയര്‍ ഏഷ്യ, ബാങ്കോക്ക് എയര്‍വേസ്, നോക്ക് എയര്‍, തായ് എയര്‍വേസ് ഇന്റര്‍നാഷണല്‍, തായ് ലയണ്‍ എയര്‍, തായ് വിയറ്റ്‌ജെറ്റ് എന്നീ ആറ് പ്രധാന തായ് എയര്‍ലൈനുകളുമായി സഹകരിച്ചാണ് പദ്ധതി ആരംഭിക്കുന്നത്. മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ പദ്ധതി ഉടന്‍ ആരംഭിക്കും.
In Short: Thailand Tourism Ministry plans free domestic flight tickets for international visitors, including Indians, to boost tourism.