എക്‌സിനെ താറുമാറാക്കിയ സൈബര്‍ ആക്രമണം; ആരാണ് ഡാര്‍ക്ക് സ്റ്റോം ടീം ?
തിങ്കളാഴ്ചയാണ് ചരിത്രത്തിലെ ഏറ്റവും വലിയ സൈബര്‍ ആക്രമണം സാമൂഹികമാധ്യമമായ എക്‌സ് നേരിട്ടത്.വിവിധ രാജ്യങ്ങളിലായി ഏഴ് മണിക്കൂറോളം ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്കാണ് എക്‌സിന്റെ സേവനം നിലച്ചത്. 3000-ത്തിലധികം ഇന്ത്യന്‍ ഉപയോക്താക്കളെയും പ്രശ്‌നം ബാധിച്ചിരുന്നു. ഇലോണ്‍ മസ്‌കിനെ വരെ ഞെട്ടിച്ചുകൊണ്ടാണ് ഡാര്‍ക്ക് സ്റ്റോം ടീം എന്നറിയപ്പെടുന്ന ഹാക്കര്‍ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
ടെലിഗ്രാമിലൂടെ 'ട്വിറ്റര്‍ ഞങ്ങള്‍ ഓഫ്‌ലൈനാക്കി 'എന്ന ഒരു പോസ്റ്റ് വഴിയാണ് ഇവര്‍ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. 2023-ല്‍ സ്ഥാപിതമായ ഈ ഗ്രൂപ്പ് നൂതന സൈബര്‍ ആക്രമണരീതികള്‍ക്കും പേരുകേട്ടതാണ്. സൈബര്‍ സുരക്ഷാ സ്ഥാപനമായ ഓറഞ്ച് സൈബര്‍ ഡിഫന്‍സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഡാര്‍ക്ക് സ്റ്റോം ടീം പലസ്തീന്‍ അനുകൂല അജണ്ടയുമായി പ്രവര്‍ത്തിക്കുന്ന സംഘമാണ്.