കാണാന്‍ ഭംഗിയില്ല, മുടിയ്ക്ക് നീളമില്ല, തടി കൂടുതലാണ്; നിരന്തരം ആശങ്കയാണോ? നിങ്ങൾക്കുമുണ്ടാകാം ബ്യൂട്ടി ആന്‍സൈറ്റി

കാണാന്‍ ഭംഗിയില്ല, മുടിയ്ക്ക് നീളമില്ല, മുഖം നിറയെ കുരുവും പാടുകളുമാണ്, ഇങ്ങനെ നിങ്ങളുടെ രൂപത്തെ കുറിച്ച് നിരന്തരം ആശങ്കപ്പെടാറുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കുമുണ്ടാകാം ബ്യൂട്ടി ആന്‍സൈറ്റി. സോഷ്യല്‍ മീഡിയ വ്യാപകമായതോടെ സൗന്ദര്യ സങ്കല്‍പ്പങ്ങളും മാറി. നമ്മുടെയൊക്കെ ബ്യൂട്ടി കിറ്റില്‍ ഒരു കണ്‍മഷിയും ലിപ്സ്റ്റിക്കും മാത്രമുണ്ടായിരുന്ന ഒരു കാലമില്ലേ. ഇന്ന് അഞ്ചും പത്തും സ്റ്റെപ്പുകളുള്ള സ്‌കിന്‍ കെയര്‍ റൂട്ടീനായി. ഇതിനിടയ്ക്ക് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ വെച്ച് താരതമ്യവും തുടങ്ങി. അവരെ പോലെ ഭംഗിയുള്ള സ്‌കിന്‍ ഇല്ലല്ലോ മുടി ഇല്ലല്ലോ ശരീരത്തിന് ഷേപ്പ് പോരാ വയറ് കൂടുതലാണ് തടി കൂടുതലാണ് അങ്ങനെ നമ്മള്‍ നമ്മളെ തന്നെ വിലയിരുത്താന്‍ തുടങ്ങി. ഇതാണ് ബ്യൂട്ടി ആന്‍സൈറ്റി. ഈ ഉത്കണ്ഠ നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നു. കാലക്രമേണ, ഇത് സമ്മര്‍ദത്തിലേക്കും വിഷാദത്തിലേക്കും നയിക്കും. സാമൂഹിക ഇടപെടല്‍ പരമാവധി ഒഴിവാക്കി സ്വയം ഒതുങ്ങി കൂടാന്‍ ശ്രമിക്കുന്നു. എക്‌സ്ട്രീം സിറ്റ്വേഷന്‍സില്‍ ഈ അവസ്ഥ ഡിസ്‌മോര്‍ഫിക് ഡിസോഡറിലേക്ക് വരെ എത്തിയേക്കാം. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ ആത്മഹത്യാപ്രേരണ വരെ ഉണ്ടാകാം. ചര്‍മ്മസംരക്ഷണവും, മേക്കപ്പും ഫിറ്റ്‌നസും ഒക്കെ നല്ലതാണ്, പക്ഷ സ്വയം പരിചരണം സ്വയംവിമര്‍ശനത്തിലേക്ക് വഴി മാറാതെ ശ്രദ്ധിക്കണം. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ആദ്യം നിര്‍ത്തുക, സോഷ്യല്‍ മീഡിയയില്‍ കാണുന്നത് പോലെ എല്ലാം പെര്‍ഫെക്ട് അല്ല യഥാര്‍ഥ ജീവിതത്തില്‍. നിങ്ങള്‍ എങ്ങനെയാണോ അതില്‍ ഹാപ്പിയായി ഇരിക്കുക. സ്വയം സ്‌നേഹിക്കുക.

Content Highlights: The rise of beauty anxiety in the age of social media