കേരളാ തീരത്ത് അപകടങ്ങൾ ആവർത്തിക്കുന്നത് എന്തുകൊണ്ട്? കപ്പൽ കമ്പനികൾക്കെതിരേ കേസ് വേണ്ടേ?

ജൂൺ ഏഴ് ശനിയാഴ്ച, ശ്രീലങ്കയിലെ കൊളംമ്പോ തുറമുഖത്തുനിന്ന് 620ലേറെ കണ്ടെയ്‌നറുകളുമായി പുറപ്പെടുന്ന എ.വി വാൻ ഹായ് 503 ചരക്കുകപ്പൽ. മൂന്ന് ദിവസത്തിനകം ജൂൺ 10ന് മുംബൈയിലെ നവ ഷേവ തുറമുഖത്തെത്തണം. എന്നാൽ ആ ലക്ഷ്യത്തിലെത്താൻ ക്യാപ്റ്റൻ ചുങ് ജൂഹിക്കും സംഘത്തിനുമായില്ല. ജൂൺ ഒമ്പതിന് രാവിലെ ഒമ്പതരയോടെ പെട്ടെന്നൊരു പൊട്ടിത്തെറി. പിന്നാലെ കപ്പലിന്റെ മധ്യഭാഗത്തെ കണ്ടെയ്‌നറുകളിലേക്ക് തീപടരുന്നു. ജീവനക്കാരിൽ ചിലർക്ക് പൊള്ളലേറ്റു. കപ്പലിനുള്ളിലെ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീകൊടുത്താൻ ശ്രമിച്ചെങ്കിലും ഫലം കാണില്ലെന്ന് കണ്ടതോടെ ക്യാപ്റ്റനും ജീവനക്കാരും കപ്പൽ ഉപേക്ഷിച്ച് ലൈഫ് ബോട്ടിൽ കടലിലേക്കിറങ്ങി. അപകട സ്ഥലത്തേക്ക് കുതിച്ചെത്തിയ ഇന്ത്യൻ നാവിക സേനയും കോസ്റ്റും ഗാർഡും 18 ജീവനക്കാരേയും രക്ഷപ്പെടുത്തുന്നു. എന്നാൽ കപ്പലിലുണ്ടായിരുന്ന നാല് പേർ അപ്പോഴും കാണാമറയത്തായിരുന്നു.  

അപകടത്തിൽനിന്നും രക്ഷപ്പെട്ട കപ്പൽ ജീവനക്കാരെ കരയ്‌ക്കെത്തിക്കുക എന്ന ആദ്യഘട്ട രക്ഷപ്രവർത്തനം കൃത്യമായി നിർവഹിക്കാനെയെങ്കിലും ഒന്നര ദിവസം പിന്നിടുമ്പോഴും കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. ഒരുപകലും രാത്രിയും മുഴുവൻ നിന്നുകത്തിയ കപ്പൽ ചൊവ്വാഴ്ച രാവിലെയോടെ 15 ഡിഗ്രിയോളം ചെരിയുകയും ചെയ്തു. ഇതോടെ പൂർണമായും തീയണച്ച് കപ്പൽ വീണ്ടെടുക്കും മുമ്പേ കപ്പലൊന്നാകെ കടലാഴങ്ങളിലേക്ക് മുങ്ങുമോ എന്ന ആശങ്കയും ബലപ്പെട്ടു.  

കണ്ണൂർ അഴീക്കൽ മത്സ്യബന്ധന തുറമുഖത്തുനിന്ന് 81 കിലോമീറ്ററും കോഴിക്കോട് ബേപ്പൂർ തുറമുഖത്തുനിന്ന് 162 കിലോമീറ്റർ അകലെയുമായിരുന്നു അപകടം. മേയ് 24-ന് കൊച്ചി തീരത്തുനിന്ന് 70 കിലോമീറ്റർ അകലെ എം.എസ്.സി-എൽസ 3 ചരക്കുകപ്പൽ മുങ്ങിയതിന്റെ ആഘാതം മാറുംമുമ്പാണ് സമാനമായ മറ്റൊരു കപ്പൽദുരന്തം. കപ്പലപകടങ്ങൾ അധികം പരിചയമില്ലാത്ത കേരളത്തിന് ഞെട്ടലും ആശങ്കയും ഉയർത്തിയിരിക്കുകയാണ് അടുപ്പിച്ചുള്ള ഈ സംഭവങ്ങൾ. എന്തുകൊണ്ടാണ് കേരളാ സമുദ്രാതിർത്തിക്കകത്ത് ഇത്തരത്തിൽ അപകടങ്ങൾ ആവർത്തിക്കുന്നതെന്ന വലിയ ചോദ്യവും ആവർത്തിച്ചുള്ള കപ്പലപകടങ്ങൾ ഉയർത്തുന്നുണ്ട്. 

അത്യന്തം അപകടകരമായ വസ്തുക്കൾ

കൊച്ചി തീരത്തിനടുത്തുണ്ടായ അപകടത്തിന് ആക്കം കൂട്ടിയത് കണ്ടെയ്നറുകളിലുണ്ടായിരുന്ന പ്ലാസ്റ്റിക് നർഡിൽസ് അടക്കമുള്ള അപകടകരമായ വസ്തുക്കളായിരുന്നെങ്കിൽ അതിനെക്കാൾ മാരകമായ വസ്തക്കുളാണ് വാൻ ഹായ് കപ്പലിലുള്ളത്. വെടിമരുന്നിന്റെ ഘടകങ്ങളടക്കം അപകടകരമായ വസ്തുക്കൾ കണ്ടെയ്‌നറുകളിലുണ്ടെന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. കപ്പലിൽ തീ അതിവേഗം പടർന്നുപിടിച്ചതും അതുകൊണ്ടാണ്. 

ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് പുറത്തുവിട്ട പട്ടിക പ്രകാരം ആകെയുള്ള 620-ലേറെ കണ്ടെയ്‌നറുകളിൽ 157 കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകരമായ വസ്തുക്കളുണ്ട്. പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും കടുത്ത ആഘാതം ഏൽപ്പിക്കുന്നവയും പൊട്ടിത്തെറിക്കാൻ ഇടയുള്ളതും അല്ലാത്തതുമായ ആയിരക്കണക്കിന് ലിറ്റർ രാസവസ്തുക്കളും ഇന്ധനവുമാണ് കണ്ടെയ്നറുകളിലുള്ളത്. 

20 കണ്ടെയ്‌നറുകളിൽ 1.83 ലക്ഷം കിലോഗ്രാം ബൈപൈറിഡിലിയം കീടനാശിനിയാണ്. ഒരു കണ്ടെയ്‌നറിൽ 27,786 കിലോഗ്രാം ഈഥൈൽ ക്ലോറോഫോർമേറ്റ് എന്ന കീടനാശിനിയുമുണ്ട്. പരിസ്ഥിതിക്ക് ഭീഷണി ഉയർത്തുന്ന ബെൻസോഫീനോൺ, ട്രൈ ക്ല്രോറോ ബെൻസീൻ എന്നിവയും കപ്പലിലുണ്ട്. 40 കണ്ടെയ്‌നറുകളിൽ തീപിടിക്കാവുന്ന ദ്രാവകങ്ങളാണ്. 19 കണ്ടെയ്‌നറുകളിൽ തീപിടിക്കുന്ന ഖരവസ്തുക്കളുമുണ്ട്. ഇതിന് പുറമേ ലിഥിയം ബാറ്ററികൾ, പെയിന്റ്, ടർപെന്റൈൻ, പ്രിന്റിങ് ഇങ്ക് തുടങ്ങിയ വസ്തുക്കൾ ടൺ കണക്കിനാണ് കണ്ടെയ്നറുകളിലുള്ളത്. 

ഈ വസ്തുക്കൾ കടലിൽ കലരുമ്പോഴും തീരത്തോട്ട് എത്തുമ്പോഴും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ച് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിന്റെ തീരമേഖലയിൽ വ്യാപകമായി എണ്ണച്ചോർച്ചയ്ക്കു സാധ്യതയുണ്ടെന്ന് ഇന്ത്യൻ സമുദ്രവിജ്ഞാന സേവനകേന്ദ്രത്തിന്റേയും മുന്നറിയിപ്പുണ്ട്. അപകടകാരിയായ നൂറുടൺ ബങ്കർ ഓയിൽ കപ്പലിലുണ്ടെന്നാണ് വിവരം. കടലിൽ പതിച്ച കണ്ടെയ്‌നറുകൾ മൂന്നുദിവസം കടലിൽ ഒഴുകിനടക്കാനാണ് സാധ്യത. പിന്നീട് ഇത് തീരമേഖലയ്ക്കു സമാന്തരമായി ഒഴുകിപ്പരന്നേക്കും. ഇതടക്കം അപകടകരമായ മറ്റ് വസ്തുക്കളും കടലിൽ കലർന്നാൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകും. നമ്മുടെ മത്സ്യസമ്പത്തിനും ഇത് സൃഷ്ടിക്കുന്ന ആഘാതം ചെറുതായിരിക്കില്ല. രക്ഷാപ്രവർത്തനം കഴിഞ്ഞശേഷമാകും ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുക. 

അതേസമയം കപ്പലിൽനിന്നുള്ള എണ്ണയും മറ്റ് അവശിഷ്ടങ്ങളും തെക്ക് പടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിക്കാനാണ് സാധ്യത. കൊച്ചിയിലെ കപ്പൽ അപകടസമയത്ത് കണ്ടെയ്‌നറുകൾ വളരെ പെട്ടെന്ന് തന്നെ തീരത്തടിഞ്ഞെങ്കിലും വാൻ ഹായിയിലെ കണ്ടെയ്‌നറുകൾ പെട്ടെന്ന് തീരത്തെത്തിയേക്കില്ല. 3-4 ദിവസം കഴിഞ്ഞേ ഇവ തീരത്തെത്താൻ സാധ്യതയുള്ളു. അതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും സർക്കാരിനും മറ്റും നടപടി എടുക്കാൻ മതിയായ സമയം ലഭിക്കും. കോഴിക്കോടിനും കൊച്ചിക്കും ഇടയിലാകും കപ്പലിൽനിന്നുള്ള വസ്തുക്കൾ എത്താൻ സാധ്യത

രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ

കൊച്ചിയിലെ മാരിടൈം ഓപ്പറേഷൻ സെന്ററിന് തിങ്കളാഴ്ച രാവിലെ 9.30-ഓടെ മുംബൈ എം.ഒ.സി.യിൽനിന്നാണ് അപകടവിവരം ലഭിക്കുന്നത്. ഉടൻതന്നെ ഏഴുകപ്പലുകളും അഞ്ച് ഡോണിയർ വിമാനങ്ങളും രക്ഷാദൗത്യത്തിന് കുതിച്ചെത്തി. കൊച്ചിയിലേക്ക് വരുകയായിരുന്ന നാവികസേനാകപ്പൽ ഐഎൻഎസ് സൂറത്തിനെ അപകടസ്ഥലത്തേക്ക് വഴിതിരിച്ചുവിട്ടു. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റേയും കപ്പലുകളിൽ അഭയംപ്രാപിച്ച 18 ജീവനക്കാരേയും പിന്നീട് ഐഎൻഎസ് സൂറത്തിലാണ് തിങ്കളാഴ്ച രാത്രിയോടെ മാംഗുളൂവിലെത്തിച്ചത്. പിന്നാലെ ആശുപത്രികളിലേക്കും മാറ്റി. 

കപ്പൽ കമ്പനികൾക്കെതിരേ കേസ് വേണ്ടേ? 

തുടർച്ചയായി ഉണ്ടാകുന്ന കപ്പൽ അപകടങ്ങളിൽ കമ്പനികൾക്കെതിരേ കേസ് എടുക്കേണ്ടയെന്ന ചോദ്യവും പ്രസക്തമാണ്. ഉൾക്കടലിൽ നടക്കുന്ന അപകടങ്ങളിൽ കേസ് എടുക്കുന്നത് ഷിപ്പിങ് മന്ത്രാലയമാണ്. പാരിസ്ഥിതിക പ്രശ്നങ്ങളും മത്സ്യബന്ധന പ്രശ്നങ്ങളുമാണ് സംസ്ഥാനം നോക്കുന്നത്. എംഎസ്സി-എൽസ 3 കപ്പൽ കേരളതീരത്ത് മറിഞ്ഞ സംഭവത്തിൽ കപ്പൽ കമ്പനിയുടെപേരിൽ ക്രിമിനൽ കേസ് വേണ്ടെന്ന സർക്കാർ നിലപാട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് അടുത്ത കപ്പൽ അപകടവും സംഭവിക്കുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയനും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥുമായി നടന്ന ചർച്ചയിലാണ് കൊച്ചിയിലെ കപ്പൽ അപകടത്തിൽ ക്രിമിനൽ കേസ് ഉടൻ വേണ്ടെന്ന നിലപാടിലേക്കെത്തിയത്. എംഎസ്സി കമ്പനി വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന ഇടപാടുകാരാണെന്നും വിഴിഞ്ഞത്തിന്റെ പ്രവർത്തനത്തിന് ഇവരുടെ സഹായം വേണമെന്നും അതുകൊണ്ട് ഈ ഘട്ടത്തിൽ ക്രിമിനൽ കേസിനല്ല, തെളിവുശേഖരണത്തിനാണ് മുൻഗണനയെന്നുമാണ് ചീഫ് സെക്രട്ടറി എഴുതിയ മിനുട്‌സിൽ പറയുന്നത്. 

കപ്പൽ കമ്പനിയുടെപേരിൽ കേസെടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകാത്തതിൽ മത്സ്യത്തൊഴിലാളികൾക്കും പ്രതിഷേധമുണ്ട്. കോൺഗ്രസും ഇക്കാര്യത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇതോടെ പുതിയ കപ്പൽ അപകടത്തിലും സർക്കാർ സംവിധാനങ്ങൾ കേസെടുക്കാതിരിക്കുമോ എന്നാണിനി അറിയേണ്ടത്.

Content Highlights: wan Hai 503 catches fire off Kerala coast causing environmental concerns hazardous materials onboard