ഓരോ ദുരന്തമുഖത്തിലും ഓർക്കുന്ന പേര്, മുന്നറിയിപ്പുകൾ; മാധവ് ഗാഡ്ഗിൽ ഓർമ്മയാകുമ്പോൾ

ആ ഒറ്റപ്പേരുമതി, കേരളം ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നിനെ ഓർമ്മിക്കാൻ. എല്ലാ മഴക്കാലത്തും നമ്മൾ ഓർക്കുന്നതും പിന്നെ സൗകര്യപൂർവം മറക്കുന്നതുമായ പാരിസ്ഥിതിക ആഘാതങ്ങളേക്കുറിച്ച് പറയുമ്പോൾ നമ്മൾ അദ്ദേഹത്തെ ഓർക്കും. മാധവ് ഗാഡ്ഗിൽ. ഓരോ ദുരന്തമുഖത്തിലും മാധവ് ഗാഡ്ഗില് എന്ന ശാസ്ത്രഞ്ജന്റെ അവഗണിക്കപ്പെട്ട മുന്നറിയിപ്പുകൾ നമ്മളെ ചോദ്യം ചെയ്യും. ഗാഡ്ഗിൽ റിപ്പോർട്ടും, ഗാഡ്ഗിലിന്റെ നിർദേശങ്ങളും രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്യപ്പെട്ടു. പശ്ചിമഘട്ടത്തേക്കുറിച്ചും നമ്മുടെ നാടിനേക്കുറിച്ചും ആശങ്ക കൊണ്ട മാധവ് ഗാഡ്ഗിൽ ഇനി നമ്മോടൊപ്പമില്ല.

പ്രകൃതിക്കും മനുഷ്യനും ഇടയിലെ ഒരു പാലമായിരുന്നു ഗാഡ്ഗിൽ. ദന്തഗോപുരത്തിലായിരുന്നില്ല അദ്ദേഹത്തിന്റെ വാസം. ആദിവാസികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവരിലേക്ക് ഇറങ്ങി പ്രവർത്തിച്ച അദ്ദേഹം, പരിസ്ഥിതി സംരക്ഷണത്തിൽ താഴെത്തട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് വാദിച്ചു. പരിസ്ഥിതി സംരക്ഷണം ഒരേസമയം ശാസ്ത്രീയവും സാമൂഹിക നീതിയിൽ വേരൂന്നിയതും ആയിരിക്കണമെന്നും പ്രകൃതി വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രാദേശിക സമൂഹങ്ങൾ പ്രധാന പങ്ക് വഹിക്കണമെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.

1942-ൽ പൂനെയിൽ സമ്പന്നമായ ഗോവൻ ബ്രാഹ്മണ കുടുംബത്തിലാണ് മാധവ് ഗാഡ്ഗിലിൻ‌റെ ജനനം. ചെറുപ്പം മുതൽക്കേ പ്രകൃതിസ്നേഹിയായിരുന്നു. കൃഷിയിടങ്ങളിലും കാലികൾ മേയുന്ന കുന്നുകളിലുമെല്ലാം നടന്നുകളിച്ചു. തിത്തിരി പക്ഷികളെയും മൈനകളെയും ബുൾബുൾ, വാനമ്പാടി, പരുന്ത്, പ്രാപ്പിടിയൻ തുടങ്ങിയ നാടൻ പക്ഷികളെയുമെല്ലാം കൗതുകത്തോടെ നിരീക്ഷിച്ചു. ജാതിവെറികളും അനാചാരങ്ങളും നിലനിന്നിരുന്ന സമൂഹത്തിൽ പുരോഗമനചിന്തയും പരന്ന വായനയും പ്രകൃതി സ്നേഹവും കൊണ്ട് വേറിട്ടുനിന്ന അച്ഛനിൽനിന്ന് കിട്ടിയ അറിവിന്റെ വെളിച്ചം മാധവിന്റെ ജീവിതത്തിലേക്ക് കൂടുതൽ വെളിച്ചമേകി. പുണെയിലെ ഫെർഗൂസൻ കോളേജ്, ബോംബെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഹാർവാഡ് യൂണിവേഴ്‌സിറ്റി എന്നിവയിൽനിന്ന് ഉന്നത വിദ്യാഭ്യാസം നേടി. വിദേശത്ത് എത്രയോ ഉയരങ്ങളിലെത്താൻ കഴിയുമായിരുന്നിട്ടും അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തി.

പരിസ്ഥിതി ശാസ്ത്ര ഗവേഷണത്തിന്റെയും സമുദ്രശാസ്ത്ര പഠനത്തിന്റെയും ഭാഗമായി കാടുകളിലും മേടുകളിലും നദികളിലും കടലിലും കടലോരഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും അദ്ദേഹവും സംഘവും യാത്രകൾ നടത്തി. എവിടെപ്പോയാലും അവിടത്തെ ആദിവാസി ഗോത്ര, ഗ്രാമീണ ജനങ്ങൾ, കർഷകർ, കാലിമേക്കുന്നവർ, മീൻപിടിത്തക്കാർ എന്നിവരുമായി ഇടപഴകി അവരോടൊപ്പം അവരുടെ ഭക്ഷണം കഴിച്ചും വസ്തുതകൾ ശേഖരിച്ചും വനമേഖലയിൽ താമസിക്കുന്നവരുടെ യാതനകളും ദുരിതങ്ങളും ദാരിദ്ര്യവും അദ്ദേഹം തൊട്ടറിഞ്ഞു.

ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 31 വർഷം സേവനമനുഷ്ഠിഷ അദ്ദേഹം അവിടെ സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസ് സ്ഥാപിച്ചു. ഇന്ത്യയുടെ ജൈവവൈവിധ്യ നിയമം രൂപീകരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. പരമ്പരാഗത പാരിസ്ഥിതിക അറിവും ജൈവ വിഭവങ്ങളും രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും ഗ്രാമപഞ്ചായത്തുകൾ പോലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്ന പീപ്പിൾസ് ബയോഡൈവേഴ്സിറ്റി രജിസ്റ്ററുകൾ എന്ന ആശയത്തിനും തുടക്കമിട്ടു. മികച്ച എഴുത്തുകാരൻ കൂടിയായിരുന്ന ഗാഡ്ഗിൽ ഏഴ് പുസ്തകങ്ങളും 225-ലധികം ശാസ്ത്ര പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. 'A Walk Up The Hill: Living With People And Nature' എന്ന പേരിൽ‌ ആത്മകഥയുമെഴുതി. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ കണക്കിലെടുത്ത് മാധവ് ഗാഡ്ഗിലിനെ രാജ്യം പദ്മശ്രീ, പദ്മഭൂഷൺ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. 2024-ൽ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം അദ്ദേഹത്തെ 'ചാമ്പ്യൻസ് ഓഫ് ദി എർത്ത്' ആയി തെരഞ്ഞെടുത്തിരുന്നു.

പരിസ്ഥിതി സംരക്ഷണ ചരിത്രത്തിൽ മാധവ് ഗാഡ്ഗിൽ എന്ന പേര് എന്നും സ്മരിക്കപ്പെടുന്നത് അദ്ദേഹം അധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിലൂടെയാണ്. പശ്ചിമഘട്ടത്തിന്റെ 75 ശതമാനവും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്നാണ് 2011-ൽ സമർപ്പിക്കപ്പെട്ട ഈ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങൾ വൻ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് മാധവ് ഗാഡ്ഗിൽ നൽകിയ മുന്നറിയിപ്പ് പലതവണ സംഭവിച്ചു. 2024-ൽ കേരളത്തിലെ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ദുരന്തങ്ങൾ, ഗാഡ്ഗിൽ റിപ്പോർട്ടിലെ ശുപാർശകൾ അവഗണിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഇന്നും സജീവ ചർച്ചാവിഷയമാണ്. പക്ഷേ ചർച്ചയായത് കൊണ്ട് കാര്യമില്ല, റിപ്പോർട്ടിലെ നിർദേശങ്ങൾ പ്രാവർത്തികമാക്കണം. ഗാഡ്ഗിലിന്റെ പ്രവർത്തനങ്ങൾ ഇവിടെകൊണ്ട് അവസാനിക്കരുത്.... അത് തുടരേണ്ടത് നമ്മുടെ കൂടെ ആവശ്യമാണ്.

Content Highlights: Explore the legacy of Madhav Gadgil, a pioneering environmentalist. Learn about his impactful Gadgil Report, his fight for ecological balance, and his deep connection with nature and people.