ഗാന്ധിയെ വെട്ടി, ധനവിഹിതം സംസ്ഥാനങ്ങളും വഹിക്കണം; തൊഴിലുറപ്പിൽ കടിഞ്ഞാൺ മുറുക്കി കേന്ദ്രം

കോൺഗ്രസിന്റെ പരാജയങ്ങളുടെ സ്മാരകമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പു പദ്ധതി എന്റെ സർക്കാർ നിലനിർത്തും. ആദ്യമായി അധികാരമേറ്റതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ നടത്തിയ പ്രസ്താവനയാണിത്. പറഞ്ഞതു പോലെ തന്നെ പദ്ധതി നിലനിർത്തി. ആ പദ്ധതി എന്തായിരുന്നുവോ ലക്ഷ്യം വെച്ചത് ആ ഉദ്ദേശ്യത്തെ ദുർബലപ്പെടുത്താവുന്ന നീക്കങ്ങളായിരുന്നു പിന്നീട് കണ്ടത്.
മോദി വാക്കൊന്നും മാറ്റിയില്ല. പക്ഷേ ഒന്നു ചെയ്തു. പദ്ധതിയുടെ പേരിൽ നിന്നും മഹാത്മാഗാന്ധിയെ വെട്ടിക്കളഞ്ഞു. പുതിയ പദ്ധതിയുടെ പേര് വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ പദ്ധതി എന്നാണ്. അങ്ങനെ MNREGA എന്ന ഓമനപ്പേരിൽ അറിയപ്പെട്ട തൊഴിലുറപ്പു പദ്ധതി വിബി ജി റാംജിയായി.തൊഴിലുറപ്പ് പദ്ധതിയുടെ ഘടനയിൽ കാര്യമായ അഴിച്ചുപണികൾ വരുത്തുന്നതാണ് ബിൽ.

2005-ൽ മൻമോഹൻ സർക്കാരിന്റെ കീഴിലാണ് തൊഴിലുറപ്പ് പദ്ധതി ആരംഭിക്കുന്നത്. 2009-ൽ പദ്ധതിക്ക് ഗാന്ധിജിയുടെ പേരും നൽകി.
ഗ്രാമസ്വരാജ് അഥവാ, ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് എന്ന ഗാന്ധിയൻ സങ്കൽപ്പം ഉൾക്കൊണ്ടുകൊണ്ടാണ് പദ്ധതിയുണ്ടായത്. അങ്ങനെയാണ് അതിന് ഗാന്ധിജിയുടെ പേര് നൽകുന്നത്. സ്ത്രീശാക്തീകരണത്തിലും ഗ്രാമീണമേഖലയുടെ ഉന്നമനത്തിലുമടക്കം നിർണായകമായ പദ്ധതിയായിരുന്നു തൊഴിലുറപ്പ്. മറ്റുവരുമാനമാർഗങ്ങളില്ലാത്ത പാവപ്പെട്ടവരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ആശ്രയമായിരുന്ന പദ്ധതിയായിരുന്നു ഇത്. ദാരിദ്ര്യനിർമാജനത്തിലും നിർണായക പങ്കുണ്ട്.
2009-ലെ തിരഞ്ഞെടുപ്പിൽ യുപിഎ സർക്കാരിന് വൻഭൂരിപക്ഷത്തോടെ തുടർഭരണം ലഭിച്ചതിൽ വലിയ പങ്കുവഹിച്ചതും തൊഴിലുറപ്പ് പദ്ധതിയായിരുന്നു.

പരാജയമാണെന്ന് വരുത്തിതീർക്കാൻ പദ്ധതിയെ പരമാവധി ക്ഷീണിപ്പിക്കുക എന്ന തന്ത്രമാണ് എൻഡിഎ സർക്കാർ പ്രയോഗിച്ചത്. പദ്ധതിക്കുള്ള ധനവിവിഹിതം പലപ്പോഴായി വെട്ടിക്കുറച്ചു. ഹാജർ രേഖപ്പെടുത്താൻ ആപ്പ് അവതരിപ്പിക്കുക വഴി ഇന്റർനെറ്റ് ലഭ്യതയോ ഡിജിറ്റൽ സാക്ഷരതയോ ഇല്ലാത്ത ഒട്ടേറെ പാവപ്പെട്ട തൊഴിലാളികളെ പദ്ധതിയിൽ നിന്നകറ്റി. വേതനവിതരണം ആധാറുമായി ബന്ധിപ്പിച്ചപ്പോഴും ഇതുതന്നെ സംഭവിച്ചു. കാലികമായ വേതനവർദ്ധനയും ഉണ്ടായില്ല.

പുതിയ ബിൽ അവതരിപ്പിച്ചതിനെതിരേ സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. റോസ്ഗർ അജീവിക ... തൊഴിലും ഉപജീവനമാർഗവും... ഗാന്ധിജിയുടെ ഈ ആദർശങ്ങളെയാണ് പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്നും അതിനാൽ പേരിന്റെ ചുരുക്കരൂപത്തിൽ ജിറാംജി എന്ന് വരുന്നതിൽ എന്താണ് പ്രശ്‌നമെന്നും രാമനോട് ആർക്കാണിത്ര അസഹിഷ്ണുത എന്നുമായിരുന്നു ബിൽ അവതരിപ്പിച്ച കേന്ദ്രമന്ത്രി ശിവ്രാജ് സിങ് ചൗഹാന്റെ മറുപടി.
കേരളത്തിൽ മാത്രം 22 ലക്ഷം പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. സാമ്പത്തികവിഹിതം കുറച്ചാൽ അത് വലിയൊരു ശതമാനം ആളുകൾക്ക് തിരിച്ചടിയാകും. ലോക്‌സഭ കഴിഞ്ഞദിവസം പാസാക്കിയ ബില്ലനുസരിച്ച്, ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന്റെ കടിഞ്ഞാൺ പദ്ധതിക്ക് മുകളിൽ വീഴും. കേന്ദ്രം നിശ്ചയിക്കുന്ന ബജറ്റിനുള്ളിൽ സംസ്ഥാനങ്ങൾ പദ്ധതി നടത്തേണ്ടി വരും.

തൊഴിലാളികളുടെ വേതനച്ചെലവ് പൂർണമായി കേന്ദ്രം വഹിക്കുന്ന എംജിഎൻആർഇജിഎ സിന്റെ സവിശേഷതയും ഇല്ലാതാകും. വേതനത്തിനുള്ള ചെലവിന്റെ നൂറുശതമാനവും പണിയായുധങ്ങൾ ക്കുള്ള ചെലവിന്റെ എഴുപത്തിയഞ്ചുശതമാനവുമാണ് നിലവിൽ കേന്ദ്രംവഹിക്കുന്നത്. ഫലത്തിൽ ഇത് മൊത്തച്ചെലവിന്റെ തൊണ്ണൂറുശതമാനംവരും. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഈ 90:10 എന്ന അനുപാതം ഇനിമുതൽ 60:40 എന്നാക്കുകയാണ്. അതായത്, പദ്ധതിയുടെ മൊത്തച്ചെലവിന്റെ നാല്പതുശതമാനം ഇനിമുതൽ സംസ്ഥാനം വഹി ക്കണം. ഇപ്പോൾത്തന്നെ സാമ്പത്തികപ്രതിസന്ധിനേരിടുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഈ ഭാരം എങ്ങനെ വഹിക്കുമെന്നതാണ് പ്രതിസന്ധി.
പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം കൂടിയാൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽ നിന്ന് കൂടുതൽ വിഹിതം ആവശ്യപ്പെടാൻ കഴിയുന്ന നിലവിലെ സ്ഥിതി ഇല്ലാതാകുമെന്ന് ചുരുക്കം. ലഭ്യമായ സാമ്പത്തികവിഹിതത്തിന് അനുസരിച്ച് തൊഴിലാളികളുടെയും തൊഴിൽ ദിനങ്ങളുടെയും എണ്ണം പരിമിതപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾ നിർബന്ധിതരാകും.
പുതിയ നിയമപ്രകാരം തൊഴിൽ 125 ദിവസമായി വർദ്ധിപ്പിച്ചു എന്നത് അതുകൊണ്ട് തന്നെ വെറും പുകമറ മാത്രം. പദ്ധതിയുടെ
60% കേന്ദ്രം വഹിക്കുമെന്നും 40%സംസ്ഥാന സർക്കാരും വഹിക്കണമെന്നാണ് പുതിയ നിയമം.

കൂടാതെ, ഓരോ വർഷവും സംസ്ഥാനങ്ങൾക്ക് നൽകേണ്ട തുക കേന്ദ്രം മുൻകൂട്ടി നിശ്ചയിക്കും. ഈ പരിധിക്ക് മുകളിൽ വരുന്ന ചിലവുകൾ പൂർണ്ണമായും സംസ്ഥാന സർക്കാരുകൾ തന്നെ വഹിക്കേണ്ടി വരും.
സംസ്ഥാനങ്ങൾ 40% ചിലവ് വഹിക്കണം എന്ന നിബന്ധന വരുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കാൻ സാധ്യതയുണ്ട്. വേതനം വൈകിയാൽ നഷ്ടപരിഹാരത്തിനും തൊഴിൽ ഇല്ലെങ്കിൽ അലവൻസിനുമുള്ള ചെലവ് പൂർണമായി വഹിക്കേണ്ടതും സംസ്ഥാനം തന്നെയാവും.

Content Highlights: The new NREGA amendment bill renames the scheme, reduces central flexibility, and shifts greater financial burden to states, potentially weakening rural employment security.