ആദായനികുതി 17,500 രൂപ വരെ കുറയും; നേട്ടമാര്‍ക്കെല്ലാം?

.
.

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലും പതിവുപോലെ ഏവരും ഉറ്റുനോക്കിയത് ആദായനികുതി ഘടനയില്‍ എന്തുമാറ്റം കൊണ്ടുവരുമെന്നായിരുന്നു. വലിയ മാറ്റങ്ങള്‍ക്ക് ശ്രമമില്ലെങ്കിലും മാസവരുമാനക്കാര്‍ക്ക് നേരിയ ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് നികുതി ഘടനയില്‍ ധനമന്ത്രി നടത്തിയത്. പഴയ സ്‌കീം പിന്തുടരുന്നവര്‍ക്ക് നികുതി ഘടനയില്‍ മാറ്റമില്ല. ആദായ നികുതി സ്ലാബുകളെല്ലാം പഴയപടി തുടരും. എന്നാല്‍ പുതിയ സ്‌കീമിലുള്ളവര്‍ക്കും അതിലേക്ക് മാറുന്നവര്‍ക്കും ഇനി ചെറിയ ലാഭമുണ്ടാകും. കൂടുതല്‍ പേരെ പുതിയ സ്‌കീമിലേക്ക് മാറ്റാന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍.

പുതിയ സ്‌കീമിലെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയില്‍നിന്ന് 75,000 രൂപയായി ഉയര്‍ത്തി. മൂന്ന് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതി നല്‍കേണ്ടതില്ല. നേരത്തേയും ആദായ നികുതി നല്‍കാനുള്ള കുറഞ്ഞ പരിധി മൂന്ന് ലക്ഷം രൂപയായിരുന്നു. ആ പരിധി അങ്ങനെ തന്നെ നിലനിര്‍ത്തി പിന്നീടുള്ള സ്ലാബുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് പുതിയ പരിഷ്‌കാരം. 

മൂന്ന് ലക്ഷം മുതല്‍ ഏഴ് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 5 ശതമാനമാണ് നികുതി. നേരത്തെ മൂന്ന് ലക്ഷം മുതല്‍ ആറ് ലക്ഷം വരെയായിരുന്നു അഞ്ച് ശതമാനം നികുതി ഈടാക്കിയിരുന്നത്. ഏഴ് മുതല്‍ 10 ലക്ഷം വരെ വരുമാനമുള്ളവര്‍ 10 ശതമാനം നികുതി അടയ്ക്കണം. നേരത്തെ ആറ് മുതല്‍ ഒമ്പത് ലക്ഷം വരെയായിരുന്നു 10 ശതമാനം നികുതി. 10 ലക്ഷം മുതല്‍ 12 ലക്ഷം വരെ വരുമാനുള്ളവര്‍ക്ക് 15 ശതമാനമാണ് നികുതി. നേരത്തെ ഒമ്പത് മുതല്‍ 12 ലക്ഷം വരെയുള്ള വരുമാനമാര്‍ക്കാരില്‍നിന്നായിരുന്നു 15 ശതമാനം നികുതി ഈടാക്കിയിരുന്നത്. 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ നേരത്തെയുള്ള 20 ശതമാനം നികുതി അതേപടി തുടരും. 15 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനക്കാരില്‍നിന്ന് ഈടാക്കിയിരുന്ന 30 ശതമാനം നികുതി ഘടനയിലും മാറ്റമില്ല.

ഈ രീതിയിലൂടെയുള്ള മാറ്റങ്ങള്‍ വഴി മാസവരുമാനക്കാര്‍ക്ക് 17,500 രൂപ വരെയുള്ള കുറവ് നികുതിയിലുണ്ടാകും എന്നാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞത്. അതായത് നേരിയ ആശ്വാസം നികുതിദായകര്‍ക്ക് പ്രതീക്ഷിക്കാം. എന്നാല്‍ കാര്യമായൊരു ആശ്വാസമായി ഇതിനെ കണക്കാക്കാനും കഴിയുകയില്ല. 

Content Highlights: new tax slabs standard deduction and other details under new regime you must know