ബഹിരാകാശത്ത് നിന്നൊരു ക്രിസ്മസ് ആശംസ; ഓർമ്മകൾ പങ്കിട്ട് സുനിതാ വില്യംസ്, വീഡിയോ പങ്കുവെച്ച് NASA
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ക്രിസ്മസ് ആശംസയുമായി സുനിത വില്യംസും ബുച്ച് വിൽമോറും മറ്റ് ബഹിരാകാശ സഞ്ചാരികളും. ഈ വർഷത്തെ ക്രിസ്മസ് ആഘോഷത്തെ കുറിച്ചും ക്രിസ്മസ് ഓർമകളെ കുറിച്ചും ഇവർ സംസാരിക്കുന്ന വീഡിയോ നാസയാണ് പുറത്തുവിട്ടത്.
'ക്രിസ്മസ് അവധിക്കാലത്തിനായി ഞങ്ങൾ തയ്യാറെടുക്കുന്നതിനിടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നിങ്ങൾക്ക് സ്വാഗതം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഞങ്ങളുടെ കുടുംബവുമായി സമയം ചിലവഴിക്കാനാവുന്ന നല്ല നേരമാണിത്. ഇവിടെയുള്ള ഞങ്ങൾ ഏഴുപേരും ഒരുമിച്ച് കമ്പനി ആസ്വദിക്കാൻ പോവുകയാണ്', സുനിതാ വില്യംസ് പറഞ്ഞു. അവധികാലത്ത് എല്ലാവരും ഒത്തുചേരുന്നതും അതിനായുള്ള തയ്യാറെടുപ്പും കാത്തിരിപ്പുമാണ് ക്രിസ്മസ് ആഘോഷങ്ങളിൽ തനിക്ക് ഏറ്റവും ഇഷ്ട്ടമുള്ളതെന്നും സുനിത കൂട്ടിച്ചേർത്തു.