'വീരപ്പനല്ലല്ലോ, ബിജെപി ഓഫീസ് മുന്‍ സെക്രട്ടറിയല്ലേ, സതീശന്റെ വീട്ടിൽ പോയിട്ടില്ല'- ശോഭാ സുരേന്ദ്രൻ

ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു | Photo: Mathrubhumi news
ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു | Photo: Mathrubhumi news

ബി.ജെ.പി. ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീശനെതിരെ ശോഭാ സുരേന്ദ്രൻ. സതീശന്റെ വീട്ടിൽവച്ചെടുത്തതെന്ന് അവകാശപ്പെടുന്ന ചിത്രം തന്റെ തറവാട് വീട്ടിൽ വച്ച് എടുത്തതാണെന്നും സതീശന്റെ വീട്ടിൽ പോയിട്ടില്ലെന്നും ശോഭാ പറഞ്ഞു. അമ്മ അസുഖബാധിതയായി കിടന്നസമയത്ത് കുടുംബത്തിനൊപ്പം സതീശൻ കാണാനെത്തിയപ്പോൾ എടുത്തതാണ് ചിത്രം. ഫോട്ടോയ്ക്ക് കുറഞ്ഞത് രണ്ടുവർഷമെങ്കിലും  പഴക്കമുണ്ട്. താൻ  ഇപ്പോഴിരിക്കുന്നതു പോലെയാണോ ചിത്രത്തിലുള്ളത്. സതീശന്റെ ഭാര്യയെയും കുട്ടിയെയും കണ്ടാൽ മാറ്റമില്ലേയെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. ആരാണ് ഫോട്ടോയിലുള്ളത്, വീരപ്പനല്ലല്ലോ, ബി.ജെ.പി. ഓഫീസ് മുന്‍ സെക്രട്ടറിയല്ലേയെന്നും അവർ ചോദിച്ചു.

ആന്റോ അ​ഗസ്റ്റിനും സതീശനുമെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഇത് ശ്രീഷൻ അടിയാട്ടിന്റെ ബുദ്ധിയാണെന്നും  ശോഭാ ആരോപിച്ചു. മാധ്യമപ്രവർത്തകരെത്തുന്നതിന് മുമ്പ് തന്നെ കാണാൻ വന്നത് ശ്രീഷൻ അടിയാട്ടിന്റെ  സുഹ‍ൃത്താണെന്നും സതീശനെതിരെ എന്തിനാണ് സംസാരിക്കുന്നതെന്നും സതീശനെ വിട്ടുപിടിച്ചുകൂടെയെന്നും ചോദിച്ചതായും എല്ലാവരെയും കോടതി കയറ്റുമെന്നും ശോഭാ പറഞ്ഞു. 

ആന്റോ അ​ഗസ്റ്റിൻ എന്തു ചതിയും ചെയ്യുന്ന ഏത് ക്രിമിനൽ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കാൻ ഒരു മടിയുമില്ലാത്ത ഒരു ജയിൽപുള്ളിയാണെന്നും ശോഭാ വിമർശിച്ചു. ആന്റോ ദൂതൻ മുഖേന യുവതിയെ കണ്ട് പീഡനപരാതി ഉന്നയിക്കാൻ 10 ലക്ഷം രൂപ വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. താൻ ചെന്നത് ആ സ്ത്രീയെ ആശ്വസിപ്പിക്കാനായിരുന്നു. എന്നാൽ താൻ അവിടെ ചെന്നപ്പോൾ അവിടെ പോകേണ്ട കാര്യമില്ലെന്നും കള്ളകഥയാണെന്നും തന്നെ പൊതുപ്രവർത്തകർ ബോധ്യപ്പെടുത്തിയതിനാൽ മടങ്ങുകയായിരുന്നുവെന്നും ശോഭ പറഞ്ഞു. 


 

Content Highlights: shoba surendran against tirur satheesh