15 വർഷം സ്‌കൂളിൽ കുട്ടികള്‍ക്ക് ചോറുവിളമ്പി; മാസങ്ങളായി ശമ്പളമില്ല, ജോലി രാജിവെച്ച് പാചക തൊഴിലാളി

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി വലിയതുറ ഗവ.യു പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പിയ ഫിലോമിന കഴിഞ്ഞയാഴ്ച ജോലി രാജിവെക്കാന്‍ നിര്‍ബന്ധിതയായി. ശമ്പളം കൃത്യമായി ലഭിക്കാത്തതിനാൽ പാചക തൊഴിലാളിയായി ജോലി ചെയ്തിരുന്ന സ്കൂളിൽ നിന്ന ഫിലോമിന രാജി വെക്കുകയായിരുന്നു. ദിവസ്സക്കൂലിയില്‍ ജോലി ചെയ്യുന്ന പാചക തൊഴിലാളികള്‍ക്ക് മാസങ്ങളായി വിരളമായി മാത്രമാണ് സര്‍ക്കാര്‍ വേതനം നല്‍കുന്നത്.
600 രൂപ ദിവസ്സക്കൂലിയില്‍ ജോലി ചെയ്യുന്ന സ്‌കൂളുകളിലെ പാചക തൊഴിലാളികള്‍ മാസം ഇരുപത് ദിവസ്സം ജോലി ചെയ്താലും കയ്യില്‍ കിട്ടുന്നത് പതിനായിരം രൂപക്ക് താഴെമാത്രമാണ്. രണ്ടു മാസംകൂടുമ്പോള്‍ ഒരു മാസത്തെ ശമ്പളം ലഭിക്കുന്ന അവസ്ഥകൂടെയാകുമ്പോള്‍ നിത്യചെലവുകള്‍ വരെ സ്ഥംഭിക്കുന്ന അവസ്ഥയാണെന്ന് പറയുകയാണ് ഫിലോമിന.
കൃത്യമായി ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയിരുന്ന ശമ്പളം കോവിഡിനു ശേഷം രണ്ടുമാസത്തെ ഇടവേളയിലാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. പിന്നീട് രണ്ടു മാസം കൂടുമ്പോള്‍ ഒരു മാസത്തെ ശമ്പളം മാത്രം കിട്ടുന്ന അവസ്ഥയിലേക്കെത്തി. വാടക വീടികളില്‍ താമസിക്കുന്ന ഇവരെ പോലുള്ള പാചക തൊഴിലാളികള്‍ക്ക് സ്‌കൂള്‍ ഉണ്ടെങ്കില്‍ മാത്രം ലഭിക്കുന്ന ഈ വേതനവും സ്തംഭിക്കുമ്പോള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ മുന്നിലെത്തിക്കാന്‍ ശ്രമിക്കുകയാണ് ഫിലോമിന.