‘ആരും ഒന്ന് നോക്കിനിന്നുപോകും’; റോഡിന് നടുക്ക് ഇലക്ട്രിക് പോസ്റ്റ്, മാറ്റാതെ ടാര്‍ ചെയ്ത് പൊതുമരാമത്ത്

പാലോട്: നന്ദിയോട്-മുതുവിള റോഡ് നിര്‍മാണത്തിന്റെ കാര്യത്തില്‍ പൊതുമരാമത്തും വൈദ്യുതിവകുപ്പും വലിയ സൗഹൃദത്തിലാണ്. റോഡിന്റെ നടുക്കുതന്നെ വൈദ്യുതത്തൂണുകള്‍ നിലനിര്‍ത്തിക്കൊണ്ടാണ് പൊതുമരാമത്ത് ഈ റോഡ് ടാര്‍ചെയ്തു പോയിരിക്കുന്നത്. ഈ പുത്തന്‍ ടാറിങ് രീതി കണ്ടാല്‍ ആരും ഒന്ന് നോക്കിനിന്നുപോകും. നന്ദിയോട് കല്ലറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിനാണ് ഈ ദുരവസ്ഥ.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് 13 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് റോഡ് ടാര്‍ ചെയ്യുന്നത്. ഒരു കിലോമീറ്ററിന് 1.35 കോടിയാണ് നിര്‍മാണച്ചെലവ്. നന്ദിയോടുമുതല്‍ പാലവള്ളിവരെയും, പേരയം- വിശ്വപുരം-ചെല്ലഞ്ചി-പരപ്പില്‍-മുതുവിള വരെയുമാണ് റോഡ് നിര്‍മിക്കുന്നത്. റോഡുനിര്‍മാണം അവസാന ഘട്ടത്തിലാണ്.

ചെല്ലഞ്ചി പാലം മുതല്‍ പരപ്പില്‍ വരെയുള്ള റോഡിലാണ് വൈദ്യുതത്തൂണുകള്‍ മാറ്റിസ്ഥാപിക്കാതെ റോഡ് ടാര്‍ചെയ്തിരിക്കുന്നത്. അഞ്ചരമീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍, ഈ ഭാഗങ്ങളില്‍ തൂണുകള്‍ നില്‍ക്കുന്നതിനാല്‍ മൂന്നരമീറ്റര്‍ വീതിപോലും റോഡിനില്ല. റോഡിന്റെ വലതുഭാഗത്താകട്ടെ അഗാധമായ കുഴിയാണ്. ഇവിടെ സംരക്ഷണവേലിയും ഇല്ല. രാത്രികാലങ്ങളില്‍ വരുന്ന വലിയ വാഹനങ്ങള്‍ പെട്ടെന്ന് റോഡിലെ ഈ വൈദ്യുതത്തൂണുകള്‍കണ്ട് പെട്ടെന്ന് വാഹനം വളച്ചൊടിച്ചാല്‍ താഴെ കുഴിയില്‍വീണ് വലിയ ദുരന്തങ്ങളുണ്ടാകാനുള്ള സാധ്യതയും വലുതാണ്. വൈദ്യുതത്തൂണുകള്‍ കല്ലറ ഗ്രാമപ്പഞ്ചായത്ത് മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തേ നിര്‍മാണക്കമ്പനി കത്തുനല്‍കിയിരുന്നു. എന്നാല്‍, കല്ലറ ഗ്രാമപ്പഞ്ചായത്ത് ഇതിനുവേണ്ടുന്ന നടപടികള്‍ സ്വീകരിച്ചില്ല. കമ്പനിതന്നെ നേരിട്ട് മാറ്റണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം. ഇതിനുവേണ്ടുന്ന പണം കമ്പനി വൈദ്യുതി ബോർഡിനടയ്ക്കണം.

എന്നാൽ, ഇതിനുള്ള സംവിധാനങ്ങളില്ലെന്നാണ് കരാറെടുത്തവർ പറയുന്നത്. നിർമാണത്തിന്റെ കാലാവധി അവസാനിക്കാൻ കുറച്ചുദിവസങ്ങൾ മാത്രമുള്ളതിനാലാണ് പെട്ടെന്ന് വൈദ്യുതത്തൂണുകൾ നിലനിർത്തിക്കൊണ്ട് റോഡ് ടാർ ചെയ്തിരിക്കുന്നതെന്ന് കരാറുകാർ പറയുന്നു.