വായനയുടെ വെളിച്ചം തെളിയിച്ച് മുണ്ടേരിയിലെ വഴിയോര വായനാശാല
മുണ്ടേരിയെന്ന ഗ്രാമത്തില്‍ വായനയുടെ വെളിച്ചം തെളിയിക്കുകയാണ് മുണ്ടേരി കാരുണ്യം സ്വാശ്രയസംഘത്തിന്റെ വഴിയോര വായനാശാല. ഒറ്റനോട്ടത്തില്‍ അങ്ങാടിയിലെയൊരു ബസ് കാത്തിരിപ്പു കേന്ദ്രമാണെന്ന് തോന്നുന്ന വഴിയോര വായനാശാലയില്‍ നിന്നാണ് ഓരോ ദിവസവും മുണ്ടേരിയുടെ വായന തുടങ്ങുന്നത്. മാതൃഭൂമിയുള്‍പ്പെടെ ആറു പത്രങ്ങളാണ് വായനശാലയിലുള്ളത്. പ്രഭാതസാവാരിക്കിറങ്ങുന്നവര്‍ മുതല്‍ അങ്ങാടിയിലെത്തുന്നവര്‍ വരെ മുണ്ടേരിയിലെ വഴിയോര വായനാശാലയിലൊന്നു കയറും. അവരവരുടെ സമയം പോലെ പത്രങ്ങള്‍ വായിക്കും. ഒത്തുകൂടിയുള്ള പത്രം വായനയും പത്ര വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യലുമെല്ലാം മുണ്ടേരിയിലെ പതിവു വായനക്കാഴ്ചകളാണ്. പത്രം വായിച്ച് വായിച്ച് വായന ഗ്രാമനിവാസികളുടെ ജീവതത്തിന്റെ ഭാഗം തന്നെയായി മാറി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ കാരുണ്യം സ്വാശ്രയ സംഘത്തിന്റെ വായനാ പ്രോത്സാഹന പരിപാടിയാണ് വഴിയോര വായനശാലയായത്. ഇപ്പോള്‍ 12 വര്‍ഷമായി മുണ്ടേരിയില്‍ വായനയുടെ വസന്തം തീര്‍ക്കുകയാണ് ഈ വഴിയോര വായനശാല.