‘ഈശ്വരനും മനുഷ്യനുമിടയിൽ മറ്റൊരു ഇടനിലക്കാരന്റെ ആവശ്യമില്ലെന്ന് വിശ്വസിച്ച മനുഷ്യനായിരുന്നു വയലാർ’

സന്ധ്യമയങ്ങും നേരം അവർ ഒത്തുചേർന്നു. ഒഴുകിയെത്തിയ പാട്ടോർമ്മകളിൽ ഓരോ സംഗീതപ്രേമിയും ഉള്ളാൽ പറഞ്ഞു. വയലാറിന്റെ ഓർമ്മകൾക്ക് ഒരിക്കലും മരണമില്ലാ... ഈ മനോഹരതീരത്ത് വയലാർ ഇന്നും ജീവിക്കുന്നു സംഗീതപ്രേമികളിലൂടെ... മാതൃഭൂമി പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മംകൂടി' എന്ന വയലാർ ഗാനസ്മൃതി കാണാനും ആസ്വദിക്കാനും ഒട്ടേറെപ്പേരാണ് കനകക്കുന്നിലെത്തിയത്. അച്ഛന്റെ പാട്ടോർമ്മകൾ പറഞ്ഞും പാടിയും വയലാർ ശരത്ചന്ദ്രവർമയും വയലാറിന്റെ സ്നേഹസ്മൃതികൾക്കു ഗാനാർച്ചനയുമായി കല്ലറ ഗോപനും സംഭാഷണങ്ങളുമായി രവി മേനോനും ഒത്തുചേർന്നപ്പോൾ കനകക്കുന്നിൽ പാട്ടിന്റെ പാലാഴിയൊഴുകി.

ഈശ്വരനുണ്ടെങ്കിൽ, ആ ഈശ്വരനും മനുഷ്യനുമിടയിൽ മറ്റൊരു ഇടനിലക്കാരന്റെയും ആവശ്യമില്ലെന്ന് വിശ്വസിച്ച മനുഷ്യനായിരുന്നു വയലാർ. ഒരേസമയം വിപ്ലവഗാനങ്ങളും ഭക്തിഗാനങ്ങളും എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഈ ചിന്തയായിരുന്നുവെന്ന് ശരത്ചന്ദ്രവർമ പറഞ്ഞു. 'നെഞ്ചിലെ വെളിച്ചത്തിൻ കതിരെടുത്ത് അതിൽ നിൻ പ്രസാദം ചാലിച്ച് നെറ്റിയിലിട്ട്' എന്ന വരികളിലൂടെ അദ്ദേഹം മുന്നോട്ടുവെച്ച ആശയവും അതായിരുന്നു. 'സന്ന്യാസിനി' എന്ന ഗാനത്തിൻ്റെ പല്ലവിയിൽ സംവിധായകൻ ഹരിഹരന് ആദ്യം അതൃപ്തി തോന്നിയിരുന്നു. വയലാറിനെപ്പോലൊരാളോട് താനെങ്ങനെ വരിമാറ്റണമെന്ന് പറയുമെന്ന ബുദ്ധിമുട്ടിലായിരുന്നു ഹരിഹരൻ. എന്നാൽ, അത് തുറന്നുപറഞ്ഞപ്പോൾ ഒട്ടും മടികാട്ടാതെ വയലാർ പകരം വരികൾ കുറിച്ചെടുക്കാൻ പറഞ്ഞുവെന്നും ആ വരികൾ കേട്ട് ഹരിഹരൻ്റെ കണ്ണുകൾ ഈറനണിഞ്ഞുവെന്നും ശരത്ചന്ദ്രവർമ പാട്ടോർമ്മയായി പറഞ്ഞു.

Content Highlights: Relive the magic of Vayalar`s timeless songs at a special tribute event. Vayalar Sarathchandra Varma, Kallara Gopan, and Ravi Menon graced the occasion