'ഇത് ഞാന്‍ പ്രതീക്ഷിക്കാത്ത റീച്ച്' മാനാഞ്ചിറയിലും മിഠായിത്തെരുവിലും മഞ്ഞു പെയ്യിച്ച ഫിറോസ് പറയുന്നു
ബീച്ചും മാനാഞ്ചിറയും റെയില്‍വേ സ്റ്റേഷനും മിഠായിത്തെരുവും ഒക്കെയായി സര്‍വ്വം 'ചില്‍' ആയ കോഴിക്കോട് നഗരം, കശ്മീരോ കാനഡയോ പോലെ മഞ്ഞില്‍ പുതഞ്ഞ് കിടന്നാല്‍ കാണാന്‍ എങ്ങനെയിരിക്കും? ഇതാ ഇങ്ങനെയിരിക്കുമെന്നാണ് ഫിറോസിന്റെ എ.ഐ ജനറേറ്റഡ് വീഡിയോ പറയുന്നത്. ഇന്‍സ്റ്റഗ്രാം സ്‌ക്രോളുകള്‍ക്കിടയില്‍ ഒരു തവണയെങ്കിലും ഈ മഞ്ഞുനിറഞ്ഞ കോഴിക്കോട് നിങ്ങള്‍കണ്ടിട്ടുണ്ടാവും. കമന്റുകളിട്ടും ഷെയര്‍ ചെയ്തും റീല്‍ ആഘോഷിക്കുകയാണ് കോഴിക്കോട്ടുകാരും ആ നഗരത്തെ സ്‌നേഹിക്കുന്നവരും
എത്ര ഡിഗ്രി തണുപ്പുണ്ട്, മിഠായിത്തെരുവിലെ ഉടുപ്പകള്‍ നനഞ്ഞോ? തുടങ്ങി രസകരമായ കമന്റുകളായിരുന്നു റീലിന് താഴെ വന്നതിലധികവും. മീഞ്ചന്തയിലും പന്തീരങ്കാവിലും മഞ്ഞു വീഴുന്നത് കാണാത്തതിന്റെ വിഷമമായിരുന്നു ചിലര്‍ക്ക്. മന്ത്രി മുഹമ്മദ് റിയാസും മഞ്ഞ് നിറഞ്ഞ കോഴിക്കോട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് തണുപ്പുകാലത്തിന്റെ ഭാഗമായി.
വീഡിയോയ്ക്ക് ലഭിച്ച സ്വീകാര്യത കണ്ട് ഞെട്ടിയിരിക്കുകയാണ് ഫിറോസ്. 'കഴിഞ്ഞ ജൂലായ് മുതല്‍ ദിവസം രണ്ട് മണിക്കൂറോളം ചെലവിട്ടാണ് വീഡിയോ പൂര്‍ത്തിയാക്കിയത്. ഇതിനായി പലതവണ കോഴിക്കോട്ടെത്തി പല സ്ഥലങ്ങളുടേയും വിവിധ ആങ്കിളിലുള്ള ഫോട്ടോകള്‍ എടുത്തു. മുന്‍പ് പല വര്‍ക്കുകളും ചെയ്തിട്ടുണ്ടെങ്കിലും ഈ റീച്ച് പ്രതീക്ഷിച്ചിരുന്നില്ല' - ഫിറോസ് പറയുന്നു.
ഫിറോസിന്റെ എഐ വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. സ്വാതന്ത്ര്യം ലഭിച്ച ദിവസത്തെ ഇന്ത്യ എങ്ങനെയായിരുന്നുവെന്ന് എ.ഐ ഉപയോഗിച്ചുള്ള സാങ്കല്‍പിക വീഡിയോ മാത്രം കണ്ടത് 24.9 മില്യണ്‍ ആളുകളാണ്.