അതിവേഗം കോലി, റൺവേട്ടയിൽ രണ്ടാമത്; സച്ചിനെ മറികടക്കാൻ വേണ്ടത് 6000 റൺസ് കൂടി

ലോക ക്രിക്കറ്റിലെ റൺവേട്ടക്കാരിൽ വിരാട് കോലിക്ക് മുന്നിൽ ഇനി സച്ചിൻ മാത്രം. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി കോലി മാറി. ശ്രീലങ്കൻ മുൻതാരം കുമാർ സങ്കക്കാരയെ പിന്നിലാക്കിയാണ് കോലിയുടെ നേട്ടം.

666 ഏകദിന, ടെസ്റ്റ്, ട്വന്റി ട്വന്റി മത്സരങ്ങൾ കളിച്ച സങ്കക്കാര കരിയറിൽ ആകെ അടിച്ചുകൂട്ടിയത് 28,016 റൺസ്. വഡോദരയിൽ ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിലാണ് സങ്കക്കാരയുടെ ഈ റെക്കോർഡ് കോലി മറികടന്നത്. 624-ാം ഇന്നിങ്‌സിൽനിന്നാണ് കോലിയുടെ നേട്ടം. രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 28,000 റൺസ് പിന്നിടുന്ന താരമെന്ന റെക്കോർഡും സച്ചിനെ പിന്തള്ളി കോലി സ്വന്തം പേരിലാക്കി. സച്ചിന് 28,000 റൺസ് പിന്നിടാൻ വേണ്ടിവന്നത് 644 ഇന്നിങ്‌സുകളായിരുന്നു.

പക്ഷേ റൺവേട്ടയിൽ ഒന്നാം സ്ഥാനത്തുള്ള സച്ചിന്റെ സമ്പാദ്യം 34,357 റൺസാണ്. അതായത് ആറായിരം റൺസ് കൂടി ഇനിയും സ്‌കോർ ചെയ്താലേ സച്ചിനെ മറികടക്കാൻ കോലിക്ക് ആവുകയുള്ളു. ഇതിനോടകം ടെസ്റ്റ്, ട്വന്റി ട്വന്റി ഫോർമാറ്റിൽനിന്ന് വിരമിച്ച കരിയറിന്റെ അവസാന ഘട്ടത്തിലെത്തിയ 37കാരനായ കോലിക്ക് അതിന് സാധിക്കില്ലെന്ന് ഏറെക്കുറേ ഉറപ്പാണ്. എന്നിരുന്നാലും ക്രിക്കറ്റിലെ റൺവേട്ടയിൽ ആദ്യ രണ്ട് സ്ഥാനത്തും ഇന്ത്യക്കാരാണ് എന്നതിൽ രാജ്യത്തെ ക്രിക്കറ്റ് ആരാധകർക്ക് അഭിമാനിക്കാം.

Content Highlights: Kohli surpasses Sangakkara to become second highest run scorer in international cricket