'ആരെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോയെന്ന് ചോദിച്ചു'; SFI വനിതാ നേതാവ് മോശമായി സംസാരിച്ചെന്ന് പരാതി

എന്‍.സി.സി. ക്യാമ്പിലെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സ്ഥലത്തെത്തിയ എസ്.എഫ്.ഐ. വനിതാ നേതാവ് മോശമായി സംസാരിച്ചെന്ന് പരാതി. ക്യാമ്പിലെത്തിയ എസ്.എഫ്.ഐ. വനിതാ നേതാവ് അശ്ലീലച്ചുവയോടെ മോശമായി സംസാരിച്ചെന്നായിരുന്നു വനിതാ കേഡറ്റുകളുടെ ആരോപണം. ഇതേത്തുടര്‍ന്ന് എസ്.എഫ്.ഐ. നേതാക്കളും എന്‍.സി.സി. കേഡറ്റുകളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
അതേസമയം, ആരോപണം തെറ്റാണെന്നും കേഡറ്റുകളോട് മോശമായി സംസാരിച്ചിട്ടില്ലെന്നുമായിരുന്നു എസ്.എഫ്.ഐ. നേതാവിന്റെ പ്രതികരണം. ക്യാമ്പിലെത്തിയ സമയത്ത് ഗേറ്റ് പൂട്ടിയിട്ടിരുന്നു. തുടര്‍ന്ന് അകത്തുകയറിയപ്പോള്‍ വനിതാ കേഡറ്റുമാര്‍ പ്രവേശിക്കാന്‍ സമ്മതിച്ചില്ല. അവരാണ് മോശമായരീതിയില്‍ തന്നോട് പെരുമാറിയതെന്നും എസ്.എഫ്.ഐ. വനിതാ നേതാവ് പറഞ്ഞു.
തിങ്കളാഴ്ചയാണ് കൊച്ചി തൃക്കാക്കര കെ.എം.എ. കോളേജിലെ എന്‍.സി.സി. ക്യാമ്പില്‍ ഭക്ഷ്യവിഷബാധയുണ്ടായത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 72 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ക്യാമ്പ് നിര്‍ത്തിവെച്ചു.