മാര്‍ട്ടീന ചാള്‍സിന്റെ വയലിനില്‍, എത്ര കേട്ടാലും മതിവരാതെ.. 'പൈതലാം യേശുവേ...'

ക്രിസ്തുമസ് സന്തോഷത്തിന്റെ ഉത്സവമാണ്. ഉണ്ണിയേശുവിന്റെ ജനനം അനുസ്മരിപ്പിക്കുന്ന പുല്‍ക്കൂടും സാന്താക്ലോസും കേക്കും നക്ഷത്രവും സമ്മാനവുമെല്ലാം ഒത്തുചേരുമ്പോള്‍ ആഹ്ലാദത്തിന്റെ അവസരമായി ക്രിസ്തുമസ് മാറുന്നു. വീടും നാടും നഗരവുമെല്ലാം നക്ഷത്ര വിളക്കുകളാല്‍ അലങ്കരിച്ച് ഉണ്ണിയേശുവിന്റെ ജനനത്തിന്റെ സദ്‌വാര്‍ത്ത അറിയിക്കുന്നത് പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ക്രിസ്തുമസ് സന്ദേശം നല്‍കുന്ന കരോള്‍ ഗാനങ്ങളും.

1983-ല്‍ ഫാ. ജസ്റ്റിന്‍ പനക്കല്‍ ഈണം നല്‍കി കെ.എസ്. ചിത്ര ആലപിച്ച 'പൈതലാം യേശുവേ...' എന്ന ഗാനം വയലിനില്‍ വായിക്കുകയാണ് മാര്‍ട്ടീന ചാള്‍സ്. വയലിന്‍ വെസ്റ്റേണ്‍ ക്ലാസിക്കലില്‍ ലണ്ടനിലെ ട്രിനിറ്റി കോളേജില്‍ നിന്ന് ഫെല്ലോഷിപ്പ് നേടിയ സംസ്ഥാനത്ത് നിന്നുള്ള ആദ്യത്തെയാളും ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് കണ്ണൂര്‍ സ്വദേശിയായ ഈ ഒമ്പതാം ക്ലാസുകാരി.

ഈ ഗാനം കേള്‍ക്കുമ്പോള്‍ തന്നെ പുല്‍ക്കൂട്ടില്‍ നമ്മെ നോക്കി പുഞ്ചിരിച്ചു കിടക്കുന്ന ഉണ്ണിയേശുവും യൗസേപ്പിതാവും മാതാവും മാലാഖമാരുമെല്ലാം മനസ്സിലേക്ക് ഓടിയെത്തും. റക്‌സ് ഐസക്ക് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ച ഈ മനോഹരഗാനം കേള്‍ക്കാത്ത ഒരു ക്രിസ്തുമസ് ആഘോഷം പോലും കേരളത്തില്‍ എവിടെയും ഉണ്ടാവില്ല. മാര്‍ട്ടീന ചാള്‍സിന്റെ വയലിനില്‍, എത്ര കേട്ടാലും മതിവരാതെ.. 'പൈതലാം യേശുവേ...' ഗാനം കേള്‍ക്കാം...

Content Highlights: martina charles violine performace, trinity college london, youngest 8 grade violinist of india