ജന്മദിനത്തിൽ സുവർണനേട്ടം, ആഘോഷം ഗ്രൗണ്ടിൽ

സംസ്ഥാനതല കായിക മത്സരങ്ങൾ നടക്കുന്ന മഹാരാജാസ് ഗ്രൗണ്ടിലേക്ക് നടന്നുകയറിവന്ന ആ അച്ഛൻ തന്റെ മകളെ കണ്ടപാടെ എടുത്തുയർത്തി. പരിശീലകരും കൂട്ടുകാരും കേക്കും മിഠായികളുമായി ഒപ്പം കൂടി. സംസ്ഥാനതല കായികമേളയിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ പോൾവോൾട്ട് മത്സരത്തിൽ സ്വർണം നേടിയ അമൽചിത്രയ്ക്ക് കടന്നുപോകുന്നത് ഇരട്ടി സന്തോഷം പകർന്ന ഒരു ദിനമാണ്. തന്റെ ജന്മദിനത്തിൽ ഒരു നിയോഗം പോലെ ലഭിച്ച ഈ സ്വർണ്ണനേട്ടം മറ്റെന്തിനേക്കാളും മാറ്റുകൂടിയ ഒന്നായിട്ടാണ് അമലിന് തോന്നുന്നത്.
അമൽ പോൾവോൾട്ട് പരിശീലനം ആരംഭിച്ചിട്ട് രണ്ട് വർഷം മാത്രമേ ആയിട്ടുള്ളൂ. കഴിഞ്ഞ വർഷം സംസ്ഥാനതലത്തിലെത്തിയിരുന്നെങ്കിലും മെഡൽ സ്വപ്നത്തിലെത്തി ചേരാൻ സാധിച്ചിരുന്നില്ല. എന്നാൽ ചിട്ടയായ പരിശീലനം തുടരുകയും ഇത്തവണ സ്വർണമെഡൽ കരസ്ഥമാക്കുകയുമായിരുന്നു. ഇനി ഒരു വർഷം കൂടി അമലിന് ജൂനിയർ വിഭാഗത്തിൽ മാറ്റുരയ്ക്കാൻ സാധിക്കും. അതിൽ മീറ്റ് റെക്കോർഡ് ഭേദിക്കുകയെന്നതാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം.