വിതുമ്പിയും കണ്ണുതുടച്ചും നിഷാദിന് വിട നല്‍കി സഹപ്രവര്‍ത്തകര്‍

കൊച്ചി: അന്തരിച്ച ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫിന് ആദരമര്‍പ്പിച്ച് സഹപ്രവര്‍ത്തകര്‍. നൂറുകണക്കിന് ചലച്ചിത്രപ്രവര്‍ത്തകരാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിയത്.

കരിയറില്‍ വിജയത്തില്‍ നില്‍ക്കവേ ഉണ്ടായ നിഷാദിന്റെ അകാലവിയോഗത്തില്‍ പലരും സങ്കടമടക്കാനാവാതെ വിങ്ങിപ്പൊട്ടി. സുഹൃത്തുക്കള്‍ പരസ്പരം ആശ്വസിപ്പിച്ചു. നടന്‍മാരായ ടോവിനോ തോമസ്, റോണി ഡേവിഡ്, സംവിധായകന്‍ മുഹ്‌സിന്‍ പെരാരി തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തി ആദരാഞ്ജലിയര്‍പ്പിച്ചു.

പോസ്റ്റുമോര്‍ട്ടത്തിനും മേല്‍നടപടികള്‍ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മൃതദേഹം കൊച്ചിയില്‍നിന്ന് സ്വദേശമായ ഹരിപ്പാടേക്ക് കൊണ്ടുപോയി. സംസ്‌കാരം വൈകീട്ട് ആനാരി ജുമാ മസ്ജിദില്‍ നടക്കും.

ഇന്ന് പുലര്‍ച്ചെയാണ് നിഷാദിനെ കൊച്ചി പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. തല്ലുമാല, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററാണ്. സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം കങ്കുവയും മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളും റിലീസാവാനുണ്ട്.

Content Highlights: film editor nishad yusuf death colleagues pay their respects