പൂക്കളോട് തോന്നിയ കൗതുകം നേടിക്കൊടുത്തത് വലിയ വരുമാനം; മട്ടുപ്പാവിൽ വസന്തം തീർക്കുന്ന സിവിൽ എൻജിനീയർ
പാലക്കാട്: വീടിന്റെ മട്ടുപ്പാവ് നിറയെ പൂവിട്ടുനിൽക്കുന്ന അഡീനിയം ചെടികൾ സിവിൽ എൻജിനീയറായായ സി.ഇ. മുരളിക്ക് നൽകുന്ന ആത്മവിശ്വാസവും സന്തോഷവും ചെറുതല്ല. ചെറിയ കൗതുകം, വലിയ വരുമാനമായി വളർന്നതിന്റെ കഥയുണ്ട് അതിനുപിന്നിൽ. ബോഗൈൻവില്ലയും റോസും ഓർക്കിഡുമെല്ലാം വിപണി നിറയുമ്പോഴും വീട്ടുമുറ്റങ്ങൾക്ക് അഴകേകാൻ സ്വന്തമായി അഡീനിയം തൈകളും വികസിപ്പിച്ചെടുക്കുകയാണ് മുരളി. റോസ്, വയലറ്റ്, പിങ്ക്, ചുവപ്പ്, ഓറഞ്ച് തുടങ്ങി പലനിറത്തിലും തരത്തിലുമുള്ള പൂക്കളുമായി അയ്യായിരത്തോളം ചെടികളാണ് വസന്തം തീർക്കുന്നത്. ഒരു സംരഭമെന്നോണം ചെടിവിറ്റ്, മാസം ശരാശരി 10,000 രൂപ വരുമാനവും മുരളി നേടുന്നുണ്ട്.
പൊൽപ്പുള്ളി കൂളിമുട്ടം ശാന്തിനഗറിലാണ് മുരളിയുടെ താമസം. മൂന്നുപതിറ്റാണ്ടിലേറെയായി നിർമാണരംഗത്ത് സജീവമാണ്. കുട്ടിക്കാലംതൊട്ടേ പൂക്കളോട് പ്രിയമാണെന്ന് മുരളി പറയുന്നു. 20 വർഷം മുമ്പ് ഒരു ഓണക്കാലത്തെ പ്രദർശന വിപണനമേളയിലാണ്, അഡീനയം പൂക്കളെ പരിചയപ്പെടുന്നത്. ഭംഗിയും കൗതുകവുംകൊണ്ട് അന്ന് അഞ്ച് തൈകൾ വാങ്ങി. വീട്ടിൽ വളർത്തിയപ്പോൾ, നിറയെ പൂക്കൾ. ഇതോടെ വിത്തുമുളപ്പിച്ചും ഗ്രാഫ്റ്റ് ചെയ്തും കൂടുതൽ തൈകളുണ്ടാക്കിയാലോ എന്നായി ആലോചന. പുസ്തകം വായിച്ച അറിവുവെച്ച് ശ്രമവും തുടങ്ങി. ആറുവർഷംകൊണ്ട് ഉണ്ടാക്കിയെടുത്ത തൈകളാണ് ഇന്ന് മട്ടുപ്പാവിൽ നിറഞ്ഞിരിക്കുന്നത്. ആഫ്രിക്ക, തായ്ലാന്റ്, അറബ് രാജ്യങ്ങൾ ഉൾപ്പടെ വിദേശരാജ്യങ്ങളിലടക്കം കാണപ്പെടുന്ന ‘അറേബിക്കം’ ഉൾപ്പടെയുള്ള ഇനങ്ങളുമുണ്ട്.
ജോലിത്തിരക്കുണ്ടെങ്കിലും രാവിലെയും വൈകീട്ടുമാണ് ചെടിപരിപാലനം. ഭാര്യ സുധീര, മകൾ നിലീനമുരളി, മകൻ: നിവേദ് മുരളി പൊൽപ്പുള്ളി കൃഷി ഓഫീസർ സുഹൈന എന്നിവരും പിന്തുണയുമായുണ്ട്. ചെറിയ തൈ 50-150 രൂപയ്ക്കും പൂക്കളുള്ള ചെടി 150 മുതൽ 3,000 രൂപയ്ക്കുമാണ് വിൽക്കുന്നത്. ‘അറബിക്കം’ ഇനത്തിന് 15,000 രൂപയോളം വിലയുണ്ട്.
In Short: A civil engineer from Palakkad cultivates Adenium plants, earning ₹10,000 monthly. Learn his success story and Adenium plant care tips.